play-sharp-fill
പാലായിൽ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി കോട്ടയം: രാഷ്ട്രീയ പോരാട്ടം കനക്കുന്നു; കേരള കോൺഗ്രസ് തർക്കത്തിൽ പ്രതിസന്ധിയിൽ യുഡിഎഫ്; കോട്ട പിടിക്കാൻ തക്കം പാർത്ത് എൽഡിഎഫും എൻഡിഎയും; ഇവരാകുമോ പാലായിലെ സ്ഥാനാർത്ഥികൾ..?

പാലായിൽ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി കോട്ടയം: രാഷ്ട്രീയ പോരാട്ടം കനക്കുന്നു; കേരള കോൺഗ്രസ് തർക്കത്തിൽ പ്രതിസന്ധിയിൽ യുഡിഎഫ്; കോട്ട പിടിക്കാൻ തക്കം പാർത്ത് എൽഡിഎഫും എൻഡിഎയും; ഇവരാകുമോ പാലായിലെ സ്ഥാനാർത്ഥികൾ..?

സ്വന്തം ലേഖകൻ

കോട്ടയം: പാലായുടെ സ്വന്തം മാണിക്യമായ കെ.എം മാണി വിട്ടൊഴിഞ്ഞിട്ട് ആറു മാസം പൂർത്തിയാകുമ്പോഴാണ് പാലാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരുന്നത്. അരനൂറ്റാണ്ടോളം പാലാ മണ്ഡലം കേരള കോൺഗ്രസിന്റെ കാൽക്കീഴിൽ നിർത്തിയ കരുത്ത് കെ.എം മാണിയുടെതായിരുന്നു. ഇത്തവണ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ മിസ് ചെയ്യുന്നതും കെ.എം മാണി എന്ന അതികായനെ തന്നെയാണ്.


2016 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ നിന്നും 4703 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.എം മാണി നിയമസഭയിലേയ്ക്ക് വിജയിച്ച് കയറിയത്. ബാർ കോഴക്കേസിന്റെ ആരോപണങ്ങളുടെ നിഴൽ തലയ്ക്കു മുകളിൽ നിൽക്കുമ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും പാലാ മണ്ഡലം കെ.എം മാണിയെ പുൽകിയത്. 58884 വോട്ടാണ് അന്ന് കെ.എം മാണിയുടെ രണ്ടില ചിഹ്നത്തിന് ലഭിച്ചത്. 179829 വോട്ടർമാരുള്ള മണ്ഡലത്തിൽ 77.25 ശതമാനയ 138,909 വോട്ടും അന്ന് പോൾ ചെയ്യപ്പെട്ടിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച എൻസിപിയിലെ മാണി സി.കാപ്പൻ 54181 വോട്ടാണ് കഴിഞ്ഞ മത്സരത്തിൽ ലഭിച്ചത്. കരുത്ത് പ്രകടമാക്കി രംഗത്തിറങ്ങിയ ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയെ തന്നെയാണ് രംഗത്തിറക്കിയത്. പരമാവധി വോട്ട് സംഭരിച്ച ഹരി 24821 വോട്ടാണ് അന്ന് പാലാ മണ്ഡലത്തിൽ സ്വന്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഇത്തവയും ഹരിയും മാണി സി.കാപ്പനും തന്നെയാകും അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ പാലായിലെ സ്ഥാനാർത്ഥികൾ. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിൽ കെ.എം മാണിയുടെ എതിർസ്ഥാനാർത്ഥി തന്നെയായിരുന്നു മാണി സി.കാപ്പൻ. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് തന്നെ പാലായിൽ മാണി സി.കാപ്പനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് എൻസിപി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോടും എൽഡിഎഫ് നേതൃത്വത്തോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതെച്ചൊല്ലി എൻസിപി നേതൃത്വത്തിൽ അഭിപ്രായ വ്യത്യാസവും ഗ്രൂപ്പിസവും ഉണ്ട്. ഇത് ഏത് വിധത്തിൽ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ആശങ്കയും ഉണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് തർക്കം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ സിപിഎം തന്നെ സീറ്റ് ഏറ്റെടുത്തേയ്ക്കും. സിപിഎം സീറ്റ് ഏറ്റെടുത്താൽ ജില്ലാ സെക്രട്ടറിയേറ്റംഗം ആലിച്ചൻ ജോർജോ, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ തോമസോ തന്നെ മത്സരിച്ചേയ്ക്കും.
എന്നാൽ, ഉപതിരഞ്ഞെടുപ്പിന് ജില്ലാ പ്രസിഡന്റ് എൻ.ഹരിയെ തന്നെ മത്സര രംഗത്തിറക്കാനാണ് ബിജെപി ആലോചിക്കുന്നത്. എന്നാൽ, പാലാ മണ്ഡലത്തിൽ അവകാശവാദം ഉന്നയിച്ച് പി.സി ജോർജിന്റെ ജനപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. ജനപക്ഷത്തിന് മണ്ഡലം നൽകേണ്ടി വന്നാൽ പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കാനാണ് ജനപക്ഷം ആലോചിക്കുന്നത്.
എന്നാൽ, കേരള കോൺഗ്രസ് എമ്മിൽ തുടരുന്ന തർക്കമാണ് ഇപ്പോൾ യുഡിഎഫിന് തലവേദന. നിഷ ജോസ് കെ.മാണി മത്സരിച്ചാൽ പിൻതുണയ്ക്കുമെന്ന് ജോസഫ് വിഭാഗം അവകാശപ്പെടുന്നുണ്ട്. എന്നാൽ, നിഷയെ സ്ഥാനാർത്ഥിയാക്കുകയോ, ജോസ് കെ.മാണി രാജ്യസഭാ അംഗത്വം രാജി വച്ച് സംസ്ഥാന നേതൃത്വത്തിലേയ്ക്ക് വരികയോ ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.