
കുമരകം: ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറി വിദ്യാർത്ഥികൾ പാഠ്യേതര പ്രവർത്തനത്തിന്റെ ഭാഗമായി കൃഷി ചെയ്ത ഒരേക്കർ പാടശേഖരത്തിൽ നിന്നും നൂറുമേനി വിളവ് കൊയ്തെടുത്തു. ആറുമാസം മുമ്പ് കൃഷി ചെയ്ത നെൽച്ചെടികൾ, മാനേജ്മെന്റിന്റെയും അധ്യാപക-അനധ്യാപകരുടെയും സഹകരണത്തോടെയാണ് കുട്ടികൾ പരിപാലിച്ചത്.
വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം കുമരകം കൃഷി ഓഫീസർ ആൻ സ്നേഹ നിർവ്വഹിച്ചു. നെൽക്കൃഷി എന്ന വേറിട്ട കാഴ്ചപ്പാടിലൂടെ കുട്ടികൾ നടത്തിയ പ്രവർത്തനത്തെ അവർ അഭിനന്ദിച്ചു. സി.ബി.എസ്.ഇയുടെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായാണ് കുട്ടികൾ കൃഷി നടത്തിയത്.
ഇതിലൂടെ കൃഷിയെക്കുറിച്ചുള്ള അനുഭവ പരിജ്ഞാനം നേടാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചെന്നും വിഷരഹിതമായ കൃഷിയാണ് ജീവന്റെ നിലനിൽപ്പിന് ആവശ്യമെന്ന് ഇത്തരം പ്രവൃത്തിയിലൂടെ കുട്ടികൾ മനസ്സിലാക്കിയെന്നും സ്കൂൾ പ്രിൻസിപ്പൽ അനീഷ്. കെ. ചെറിയാൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂൾ മാനേജർ എ. കെ. ജയപ്രകാശ്, കുമരകം അസിസ്റ്റന്റ് കൃഷി ഓഫീസർ അജിത, ദേവസ്വം കമ്മിറ്റി അംഗങ്ങളായ എ. സി. സനകൻ, എ. കെ. സന്തോഷ് എന്നിവർ കുട്ടികളെ അഭിനന്ദിച്ചു.



