പ്രളയവും സുപ്രീംകോടതിയും ചതിച്ചു; ഹൃദയം പൊട്ടി വ്യാപാരികൾ
സ്വന്തം ലേഖകൻ
ആലപ്പുഴ: പ്രളയവും സുപ്രീംകോടതി വിധിയും പടക്ക വിപണിക്ക് കനത്ത പ്രഹരമാണേൽപ്പിച്ചിരിക്കുന്നത്. ഹൃദയം പൊട്ടി വ്യാപാരികൾ.വിവിധ ഇനം പടക്കങ്ങൾ വന്ന് നിറയുകയും കച്ചവടം പൊടിപൊടിക്കണ്ട ദിനമായ ഇന്നലെ പടക്കം വാങ്ങാൻ വിരലിലെണ്ണാവുന്ന ആളുകളെ എത്തിയിട്ടുള്ളു. ചില മൊത്തവ്യാപാരശാലകളൊഴികെ മിക്ക കടകളുടെയും തട്ടുകൾ കാലിയാണ്. സർക്കാർ ചട്ടങ്ങളുടെ നിയന്ത്രണവും പടക്കവിപണിയിലെ മാന്ദ്യത്തിനു വഴി വച്ചിട്ടുണ്ട്.
സുരക്ഷയുടെ പേരിൽ വില്പന നിയന്ത്രിച്ചിരിക്കുന്നതിനാൽ പടക്കങ്ങൾക്ക് കഴിഞ്ഞ വർഷത്തെക്കാൾ വില കൂടിയിട്ടുണ്ട്. ഇതും കച്ചവടത്തെ പിന്നോട്ടടിച്ചു.
ആലപ്പുഴ നഗരത്തിൽ അംഗീകൃത നാല് പടക്ക വിപണികളേയുള്ളു. 1928 ൽ ആരംഭിച്ച കൊട്ടാരപ്പാലത്തിന് സമീപത്തെ വിപണിയിൽ ഇന്നലെ വിരലിലെണ്ണാവുന്നവരെ പടക്കം വാങ്ങാനെത്തിയുള്ളു. ഈ വിപണി ആരംഭിച്ചിട്ട് ആദ്യമായിട്ടാണ് ക്രിസ്മസിന് തിരക്കില്ലാത്തതെന്നു ഉടമ പറയുന്നു. മുൻകാലങ്ങളിൽ ശിവകാശിയിൽ നിന്നായിരുന്നു പടക്കങ്ങൾ എത്തിയിരുന്നു. എല്ലാവർഷവും പുതുമയുള്ള പടക്കങ്ങളും ഉണ്ടായിരുന്നു. എന്നാൽ കോടതി വിധിയും നിയന്ത്രണങ്ങളും ശിവകാശി പടക്ക വരവിനെ ബാധിച്ചത് പുതുമ നഷ്ടപ്പെടാനുമിടയായി. ഇപ്പോൾ നോർത്ത് പറവൂരിൽ നിന്നു മാത്രമാണ് പടക്കങ്ങൾ എത്തുന്നത്. കഴിഞ്ഞ വിഷു, ദീപാവലി പടക്ക വിൽപനയിലും ഇടിവുണ്ടായിരുന്നു. അതിനാൽ ആ സമയത്തെ പടക്കങ്ങളും കെട്ടിക്കിടന്ന് നശിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്സവങ്ങൾക്കും തിരുനാൾ ആഘോഷങ്ങൾക്കും വെടിക്കെട്ട് ഒഴിവാക്കിയത് പടക്കവിപണിക്ക് വൻ തിരിച്ചടിയായിക്കഴിഞ്ഞു. കൂടാതെ പള്ളികളിൽ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന സഭാനേതൃത്വങ്ങളുടെ ആഹ്വാനവും പടക്കവിപണിയെ ബാധിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിലേതുപോലെ ചൈനീസ് പടക്കങ്ങളായിരിക്കും വിപണിയിൽ ഉള്ളത്. വലിയ ശബ്ദമില്ലാതെ ഉയരത്തിൽ പൊട്ടി വർണങ്ങൾ വിരിയിക്കുന്ന അപകട സാദ്ധ്യത കുറവായവയാണ് ചൈനീസ് പടക്കങ്ങൾ.
ജില്ലാഭരണകൂടത്തിന്റെ സ്ഥിരം ലൈസൻസ് എടുത്ത് പടക്കവില്പന നടത്തുന്ന 125 ഓളം പേരാണ് ജില്ലയിലുള്ളത്.