
സ്വന്തം ലേഖകൻ
ഭാവഗായകന്റെ എണ്‍പതാം ജന്മദിനം കടന്നുപോകുന്നത് ആഘോഷങ്ങളില്ലാതെ. അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്ന് ജന്മദിനം ആഘോഷമാക്കി മാറ്റാനുള്ള ഒരുങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും, ശാരീരികമായ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ തൃശ്ശൂരിലെ വീട്ടില്‍ വിശ്രമത്തിലാണ് ജയചന്ദ്രന്‍.
കുംഭത്തിലെ തിരുവാതിരയാണ് നക്ഷത്രം, ഇത്തവണത്തെ പിറന്നാള്‍ ആസ്പത്രിയിലായിരുന്നു. അതുകൊണ്ടുതന്നെ ഗുരുവായൂരപ്പനെ തൊഴാന്‍പോകുന്ന പതിവ് തെറ്റി. ഡോക്ടര്‍മാര്‍ കുറച്ചുദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചതിനാല്‍ ആരോഗ്യം വീണ്ടെടുത്ത് പാടാനായി ഇറങ്ങുമ്പോഴാകാം ആഘോഷങ്ങളെല്ലാമെന്ന് തീരുമാനിക്കുകയായിരുന്നു. ഗുരുവായൂരപ്പനോടുള്ള പ്രാര്‍ത്ഥനയാണ് തനിക്ക് നല്‍കാവുന്ന ഏറ്റവും വലിയ ജന്മദിന സമ്മാനമെന്ന് ജയചന്ദ്രന്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജന്മദിനത്തിലുള്ള ഗുരുവായൂര്‍ യാത്ര അമ്മയുള്ള കാലം മുതല്‍ തുടങ്ങിയതാണെന്ന് ജയചന്ദ്രന്‍ ഓര്‍ക്കുന്നു. ഗുരുവായൂരപ്പനെ തൊഴുത് വന്ന് വീട്ടില്‍ ഭാര്യക്കൊപ്പം ഭക്ഷണം കഴിക്കുന്നതാണ് പതിവ്. പിറന്നാളിനും ജന്മദിനത്തിനും സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് കുറവാണ്. വൈകീട്ടോടെ കേക്കുമായി അടുത്തസുഹൃത്തുക്കള്‍ എത്തിയാല്‍, അവരുടെ സ്‌നേഹസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പലപ്പോഴും ആ ആഘോഷങ്ങളില്‍ പങ്കുചേരുന്നത്. ഇത്തവണത്തെ പിറന്നാള്‍ ദിനത്തിലും അടുത്ത സുഹൃത്തുക്കള്‍ ആസ്പത്രിയിലെത്തിയിരുന്നു അവരുമായുള്ള സംസാരത്തിനിടെ ചില വരികള്‍ പാടുകയും ചെയ്തു.
ശബ്ദത്തിന്റെ മാന്ത്രികതയെകുറിച്ച് സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ” ഇത് ഗുരുവായൂരപ്പന്റെ ശബ്ദമാണ് ഞാന്‍ പാടാന്‍ നേരം നല്‍കും, പാടിക്കഴിയുമ്പോള്‍ ഗുരുവായൂരപ്പനത് തിരിച്ചെടുത്ത് ലോക്കറില്‍ ഭദ്രമായി വക്കും”. പാടിയ ഓരോ പാട്ടും തന്നെ സ്‌നേഹിക്കുന്ന ആരാധകര്‍ക്കുള്ള തന്റെ പ്രാര്‍ത്ഥനകളാണെന്നാണ് ജയചന്ദ്രന്റെ പക്ഷം.
പി.ജയചന്ദ്രന്റെ ഏറ്റവും പുതിയഗാനം ഗുരുവായൂരപ്പനുള്ള ജന്മദിന സമര്‍പ്പണമായാണ് എത്തുന്നത്. ബി സായിയുടെ ബാനറില്‍ ഒരുങ്ങുന്ന കവി പി എം പള്ളിപാടിന്റെ ‘രുദ്രാഭിഷേകം’ എന്ന ഗുരുവായൂരപ്പനുള്ള സുപ്രഭാതം പാടി, സ്റ്റുഡിയോയില്‍ നിന്നത് കേട്ടശേഷമാണ് കഴിഞ്ഞ ആഴ്ച്ച ആസ്പത്രിയിലേക്കിറങ്ങിയത്.