
ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി; വിജിലൻസിനെ കണ്ടതും ചെരുപ്പിനടിയില്‍ പണം ഒളിപ്പിച്ചു; കൈക്കൂലി വീരനേ കൈയ്യോടെ പൊക്കി വിജിലൻസ്
സ്വന്തം ലേഖകൻ
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥൻ അറസ്റ്റിലായി.
വൈറ്റില സോണല്‍ ഓഫീസിലെ റവന്യൂ വിഭാഗം സീനിയര്‍ ക്ലാര്‍ക്ക് സുമിൻ ആണ് പിടിയിലായത്. മിമിക്രി കലാകാരൻമാരുടെ സംഘടന അവരുടെ ഓഫീസ് തുടങ്ങുന്നതിനായി ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ഇതിനായാണ് സുമിൻ കൈക്കൂലി ആവശ്യപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ സുമിൻ അസോസിയേഷൻ ഭാരവാഹികളില്‍ നിന്ന് 900 രൂപ വാങ്ങി. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 2,000 രൂപ കൂടി വേണമെന്നായിരുന്നു സുമിന്റെ ആവശ്യം.
തുടര്‍ന്ന് മിമിക്രി കലാകാരൻമാര്‍ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.
വിജിലൻസ് നല്‍കിയ നോട്ടുകളുമായി വ്യാഴാഴ്ച ഉച്ചയോടെ ഓഫീസിലെത്തുകയായിരുന്നു. പണം വാങ്ങിയ സുമിൻ സര്‍ട്ടിഫിക്കറ്റ് കലാകാരൻമാരുടെ അസോസിയേഷൻ ഭാരവാഹികള്‍ക്ക് കൈമാറുകയും ചെയ്തു. അപ്പോഴേക്കും വിജിലൻസ് സ്ഥലത്തെത്തി.
വിജിലൻസ് എത്തിയ ഉടൻ കൈക്കൂലി പണം സുമിൻ ചെരിപ്പിനടിയില്‍ ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല.
മുൻപും പലതവണകളായി ഇയാള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന വിവരം വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഉദയംപേരൂരിലുള്ള സുമിന്റെ വീട്ടില്‍ വിജിലൻസ് റെയ്ഡ് നടത്തി.
വിജിലൻസ് ഡി.വൈ.എസ്.പി ബാബുക്കുട്ടൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ വിമൽ, വിനോദ്. സി, സബ് ഇൻസ്പെക്ടർ സണ്ണി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ജയപ്രകാശ്, ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, ഉമേശ്വരൻ, സിവിൽ പോലീസ് ഓഫീസർമാരായ വിനേഷ്, പ്രിജേഷ്, സിനുമോൻ, ഷിബു എന്നിവരാണ് പരിശോധന നടത്തിയത്.