
കൊല്ലം: പറവൂർ ഭൂതക്കുളം ഗവണ്‍മെന്റ് ഹയർസെക്കന്ററി സ്കൂളിൽ കലോത്സവത്തിനായി നിർമ്മിച്ച വേദി തകർന്നുവീണ് അദ്ധ്യാപകർക്കും കുട്ടികള്‍ക്കും പരിക്ക്. പ്രധാന വേദിയില്‍ കാണികള്‍ക്കായി തകരഷീറ്റുകള്‍ ഉപയോഗിച്ച് നിർമ്മിച്ച പന്തലാണ് തകർന്ന് വീണത്.
നിർത്താതെ പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ വലിയ കാറ്റിലാണ് അപകടമുണ്ടായത്. സംഭവ സമയത്ത് സ്റ്റേജിലുണ്ടായിരുന്നവരുടെ ദേഹത്തേക്ക് സ്റ്റേജ് പൂർണമായി തകർന്ന് വീഴുകയായിരുന്നു. വേദിയിലുണ്ടായിരുന്ന രണ്ട് അദ്ധ്യാപകർക്കും ഏഴോളം വിദ്യാർത്ഥികള്‍ക്കും പരിക്കേറ്റു.
കമ്പി പോലുള്ളവ തലയില്‍ വീണപ്പോള്‍ ചില വിദ്യാർത്ഥികളുടെ തല മുഴച്ചതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. കലോത്സവത്തിന്റെ ആദ്യ ദിവസമായിരുന്നു ഇന്ന്. രാവിലെ മുതല്‍ തന്നെ ശക്തമായ മഴയും കാറ്റും ഉണ്ടായിണ്ടായിരുന്നതിനാല്‍ വിദ്യാർത്ഥികളിലധികവും വേദിയില്‍ ഉണ്ടായിരുന്നില്ല. പലരും സമീപത്തെ കെട്ടിടങ്ങളിലായിരുന്നു. അതിനാല്‍ വലിയൊരു അപകടം ഒഴിവായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തകർന്നുവീണ ഭാഗങ്ങള്‍ക്കിടയില്‍ പരിശോധന നടത്തി ആരും അതിനിടയില്‍ അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പിച്ചു. അപകടത്തെ തുടർന്ന് കലോത്സവം നിർത്തിവയ്‌ക്കുകയും സ്‌കൂളിന് അവധി നല്‍കുകയും ചെയ്തു.
നിലവില്‍ സ്കൂളിലേക്ക് പുറത്ത് നിന്നുള്ളവർക്ക് പ്രവേശനം തടഞ്ഞിരിക്കുകയാണ്. കലോത്സവ വേദിയുടെ നിർമ്മാണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധനകള്‍ നടക്കും.



