രാജ്യത്തെ പരമോന്നത കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യണം ; ഓർത്തഡോക്‌സ് സഭ

രാജ്യത്തെ പരമോന്നത കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യണം ; ഓർത്തഡോക്‌സ് സഭ

സ്വന്തം ലേഖിക

കോട്ടയം : സമാധാനപരമായി പ്രാർത്ഥിക്കുവാൻ വരുന്ന ഒരു വിശ്വാസിയെപ്പോലും സഭ തിരസ്‌ക്കരിക്കുകയില്ലെന്നും ഇടവകാംഗങ്ങളായ എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പുവരുത്തുമെന്നും ഓർത്തഡോക്‌സ് സഭാ അധികൃതർ അറിയിച്ചു. ഓർത്തഡോക്‌സ് സഭ ഭൂരിപക്ഷത്തെ മാനിക്കുന്നില്ല എന്നത് ജനത്തിൻറെ വികാരം ഇളക്കിവിടുവാനായി പാത്രിയർക്കീസ് വിഭാഗം നടത്തുന്ന കുപ്രചരണങ്ങളാണെന്നും സഭ കൂട്ടിച്ചേർത്തു.കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഒരുപള്ളിയിൽ നിന്നും വിശ്വാസികളെ പുറത്താക്കാൻ ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നില്ല. ഒരുമിച്ച് ആരാധിക്കുവാനുള്ള സാഹചര്യം ഒരുക്കുവാനാണ് സഭ ആഗ്രഹിക്കുന്നത്.
വോട്ടുബാങ്കിനെ ലക്ഷ്യമിട്ട് സത്യപ്രതിജ്ഞാലംഘനം നടത്തിയവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കേണ്ടതാണ്. കേരളം ഭാരതത്തിൻറെ ഭാഗമാണോ എന്ന് സുപ്രീംകോടതി ചോദിക്കുവാൻ ഇടവരുത്തുന്ന അവസ്ഥവരെ എത്തിച്ചേർന്നിരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ഓർത്തഡോക്സ് സഭ ആരുടെയും ശവസംസ്‌ക്കാരം തടഞ്ഞിട്ടില്ല. ഇടവകയുടെ സെമിത്തേരി ആർക്കും കൈവശപ്പെടുത്താനാവില്ല, അത് ഇടവകക്കാരുടെ ഉപയോഗത്തിനായി നിലകൊള്ളണമെന്നും, അവിടെയും സമാന്തരഭരണം അനുവദിക്കില്ല എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതനുസരിച്ച് ഇടവകാംഗങ്ങൾ വികാരിയെ സമീപിച്ച് സംസ്‌ക്കാരം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോഴെല്ലാം അത് നടത്തിക്കൊടുത്തിട്ടുണ്ട്. എന്നാൽ യഥാർത്ഥ വികാരിയുടെ അറിവും സമ്മതവും കൂടാതെ സംസ്‌ക്കാരം നടത്തുവാൻ സെമിത്തേരി പൊതുശ്മശാനമല്ലെന്നും സഭ ഓർമ്മപ്പെടുത്തി.
പരിശുദ്ധ അന്ത്യോഖ്യൻ പാത്രിയർക്കീസ് ബാവാ ഈയിടെ നടത്തിയ പ്രസ്താവന കാര്യങ്ങളുടെ യാഥാർത്ഥ്യം മനസിലാക്കാതെ നടത്തിയതാണ് എന്നതിൽ ദു:ഖമുണ്ടെന്നും അധികൃതർ അറിയിച്ചു. ഓർത്തഡോക്സ് സഭ ആരെയും പീഡിപ്പിക്കുവാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇൻഡ്യയുടെ പരമോന്നത കോടതിയുടെ വിധി നടപ്പാക്കുക തന്നെ ചെയ്യണം. അതിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group