തോറ്റുപോകും ഈ കാഴ്ച കണ്ടാൽ, കിടപ്പുരോഗിയായ വയോധികനെ വീട്ടുസാധനങ്ങളും കട്ടിലിനോടും കൂടി റോഡരികിൽ തള്ളി
സ്വന്തം ലേഖകൻ
ഒല്ലൂർ: കണ്ണില്ലാത്ത ക്രൂരത എന്ന വാക്കു തോറ്റുപോകും ഈ കാഴ്ച കണ്ടാൽ. രോഗിയായ പീറ്ററിനെ ഏതാനും പേർ വീട്ടുസാധനങ്ങളോടും കട്ടിലോടുകൂടി കുട്ടനെല്ലൂർ ടി.കെ.വി.നഗറിലെ റോഡരികിൽ ഉപേക്ഷിച്ചിട്ടു പോയതാണ്. പത്തുദിവസത്തിലേറെയായി ഇയാൾ മഞ്ഞും വെയിലുംകൊണ്ട് കഴിയുന്നു. ഇവിടെ കൊണ്ടുവന്നവർ രണ്ടുദിവസം കഴിഞ്ഞാൽ തിരികെ കൊണ്ടുപോകാൻ വരാം എന്നുപറഞ്ഞു പോയതാണെന്ന് പീറ്റർ പറയുന്നു. പക്ഷേ, അവർ ഇതുവരെ വന്നില്ലെന്നുമാത്രം. അവരാരും പീറ്ററിന്റെ ബന്ധുക്കളോ ഉറ്റവരോ അല്ല. താൻ മുമ്ബ് കഴിഞ്ഞുകൂടിയിരുന്ന സ്ഥലത്തുണ്ടായിരുന്ന ചിലരാണെന്നു മാത്രം പീറ്റർ പറയുന്നു.
കാലങ്ങളായി പീറ്ററിനെ അറിയാവുന്നവർ സമീപത്തുള്ളതിനാൽ മൂന്നുനേരവും ഭക്ഷണവുമായി ടി.കെ.വി.നഗറിലെ താമസക്കാർ മാറി മാറി എത്തുന്നുണ്ട്. രാത്രിയും പകലും കൂട്ടിനുള്ളത് ഒരു തെരുവുനായ മാത്രം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടേക്ക് ഇയാളെ കൊണ്ടെത്തിച്ചതിന്റെ കാരണവും പീറ്റർ വിവരിക്കുന്നതിങ്ങനെ; കുട്ടനെല്ലൂർ ദേശീയപാതയിലെ മേൽപ്പാലത്തിനുതാഴെ പുറമ്‌ബോക്കിൽ തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. വർഷങ്ങളായി ഇവിടെയായിരുന്നു താമസം. വി.ഐ.പി.യുടെ വരവുമായി ബന്ധപ്പെട്ട് പാലത്തിനടിയിലെ താമസക്കാരെ മാറ്റുന്നതിന്റെ ഭാഗമായാണ് തന്നെയും മാറ്റിയത്. എന്നാൽ പോലീസോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ കുടിയിറക്കാൻ വന്നവരുടെ ഒപ്പമുണ്ടായിരുന്നില്ല. മാത്രമല്ല, തൊട്ടടുത്ത താമസക്കാരെ ഇവർ മാറ്റിയതുമില്ല. പോലീസും ഇതു ശരിവെയ്ക്കുന്നു.
പീറ്ററിന്റെ വീട്ടുസാമഗ്രികളെല്ലാം ഈ റോഡരികിൽത്തന്നെ നിരത്തിവെച്ചിട്ടാണ് കൊണ്ടുവന്നവർ മടങ്ങിയത്.
നിർമാണത്തൊഴിലാളിയായിരുന്നു പീറ്റർ. നിത്യവും ജോലിയുമുണ്ടായിരുന്നു. ഒമ്ബതുമാസംമുമ്ബ് കോൺക്രീറ്റുപണിക്കിടയിൽ വലതുകാലിന്റെ പാദത്തിൽ മുറിവേറ്റു. പിന്നീട് അത് വലിയ വ്രണമായി. ഇപ്പോൾ കാലെടുത്തു നിലത്തുകുത്താനാവില്ല. മുറിവിലൂടെ ചോരയും പഴുപ്പും വരുന്നു. നാൽപ്പതുകൊല്ലം മുമ്ബ് മരത്താക്കരയിൽ ഓട്ടുകമ്ബനിയിൽ തൊഴിലിനെത്തിയതാണ്. മധുരയിലാണ് വീട്.
ചില വീടുകളിൽ കാവൽപ്പണിക്കും പോയിരുന്നു. ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, ഭക്ഷണപദാർഥങ്ങൾ, കസേര, തുടങ്ങിയവയെല്ലാം റോഡരികിൽത്തന്നെയാണുള്ളത്. തന്നെ ഇവിടെ കൊണ്ടുവന്നു തളളിയവരുടെ ലക്ഷ്യമെന്തെന്നും ഇയാൾക്കറിയില്ല.