അവയവക്കടത്ത് കേസ്; മുഖ്യപ്രതിയെ സഹായിച്ച പ്രതി പിടിയില്‍ ; അവയവക്കടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തയാൾ
സ്വന്തം ലേഖകൻ
കൊച്ചി: അവയവക്കടത്ത് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. എടത്തല സ്വദേശി സജിത്ത് ശ്യാമിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയെ സഹായിച്ചയാളാണ് സജിത്തെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി. നേരത്തെ കേസിലെ മറ്റൊരു പ്രതി സബിത്ത് നാസര്‍ അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് സജിത്ത് ശ്യാമിനെ പിടികൂടിയത്.
അവയവക്കടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തത് സജിത്താണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, അവയവ കടത്ത് കേസിലെ പ്രതി സബിത്ത് നാസറിനെ ഇന്നും ചോദ്യം ചെയ്തു. ആലുവ റൂറല്‍ എസ് പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്തത്. സാബിത്തിന്റെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ഇതിനകം തന്നെ പൊലീസ് മനസിലാക്കിയിട്ടുണ്ട്. കേസില്‍ ഇരകളായവരേയും അവയവം സ്വീകരിച്ചവരേയും കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവയവക്കടത്ത് കേസിലെ മുഖ്യ പ്രതി സബിത്ത് നാസര്‍ ഇടനിലക്കാരന്‍ അല്ല കേസിലെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങള്‍ക്ക് പുറമെ ഡല്‍ഹിയില്‍ നിന്നും ഇയാള്‍ ഇറാനിലേക്ക് അവയവ കച്ചവടത്തിനായി ആളുകളെ എത്തിച്ചു. ഇക്കാര്യത്തിനായി ഇയാള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ തെളിവുകളും മൊബൈല്‍ ഫോണില്‍ നിന്ന് കിട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.