
തിരുവനന്തപുരം: സംസ്ഥാനത്ത് വർഷങ്ങളായി ഫയലുകളില്‍ കുരുങ്ങിക്കിടക്കുന്ന അഴിമതിക്കേസുകള്‍ പരിശോധിക്കാൻ വിജിലൻസ് വകുപ്പ്.
പുതുതായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ സീറോ’ പദ്ധതിയുടെ തുടർച്ചയായി, കെട്ടിക്കിടക്കുന്ന മുഴുവൻ കേസുകളും അടിയന്തരമായി പുനഃപരിശോധിക്കാൻ വിജിലൻസ് ഡയറക്ടറേറ്റ് തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ വിജിലൻസ് ആസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർക്ക് വകുപ്പ് മേധാവികള്‍ കർശന നിർദ്ദേശം നല്‍കിക്കഴിഞ്ഞു. പദ്ധതി പ്രകാരം, നിലവില്‍ കോടതികളിലും വിജിലൻസ് ഓഫീസുകളിലും തീർപ്പാകാതെ കിടക്കുന്ന കേസുകളുടെ തല്‍സ്ഥിതി കൃത്യമായി തരംതിരിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ കേസും എത്ര വർഷമായി ഫയലില്‍ തുടരുന്നുണ്ടെന്നും, ഏതൊക്കെ കേസുകളാണ് കോടതികളില്‍ വിചാരണ പൂർത്തിയാകാതെ നീണ്ടുപോകുന്നത് എന്നുമുള്ള കൃത്യമായ വിവരങ്ങള്‍ അടങ്ങിയ റിപ്പോർട്ടാണ് ജില്ലാതലത്തില്‍ നിന്ന് നല്‍കേണ്ടത്. വീഴ്ചകള്‍ പരിഹരിക്കാനും നീതിന്യായ പ്രക്രിയകള്‍ വേഗത്തിലാക്കാനുമാണ് പുതിയ നീക്കം.
കെട്ടിക്കിടക്കുന്ന ഫയലുകളെല്ലാം വേഗത്തില്‍ പുനപ്പരിശോധിച്ചുകൊണ്ട് വിജിലൻസ് വകുപ്പിനെ നവീകരിക്കാനും, അഴിമതിക്കെതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് വിജിലൻസ് വകുപ്പ് പറഞ്ഞു.







