അണമുറിയാതെയുള്ള ജനപ്രവാഹം ; പ്രിയ നേതാവിന് നെഞ്ചു തകര്‍ന്ന യാത്രാമൊഴി; ആഗ്രഹ പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കും ; ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം ഇന്ന് വൈകിട്ട്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അണമുറിയാതെയുള്ള ജനപ്രവാഹത്തിലൂടെ ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ ഒരുനോക്കുകാണാന്‍ വഴിയിലുടനീളം ആയിരങ്ങളാണ് എത്തുന്നത്.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിലാണ് ഇന്നു സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷം മുൻനിറുത്തി ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കിയാണ് സംസ്കാര ചടങ്ങുകള്‍ നിര്‍വഹിക്കുന്നത്. ജനമനസ്സില്‍ അലിഞ്ഞുചേര്‍ന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടില്‍ നിന്ന് കോട്ടയം പുതുപ്പള്ളിയിലെത്തുമ്പോഴേക്കും ഒരു പകലും രാത്രിയും കഴിയുന്നു.

155 കിലോമീറ്റര്‍ ദൂരം പിന്നിടാൻ 24 മണിക്കൂറിലേറെ. സമീപകാലത്തെങ്ങും കേരളത്തില്‍ മറ്റൊരു രാഷ്ടീയ നേതാവിനും ഇത്രയും വൈകാരികമായ യാത്രാമൊഴി ജനങ്ങള്‍ നല്‍കിയിട്ടില്ല. അവസാനമായി ഒരുനോക്കു കാണാൻ, ഒരു പിടി പൂക്കള്‍ അര്‍പ്പിക്കാൻ വഴിയിലുടനീളം ജനങ്ങള്‍ ഉണ്ണാതുറങ്ങാതെ കാത്തുനിന്നു.

പുഷ്‌പാലംകൃതമായ കെ.എസ്.ആര്‍.ടി.സി ബസിലാണ് ഉമ്മൻചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നീങ്ങിയത്. ഇന്നലെ രാവിലെ 7.15ന് തലസ്ഥാനത്തുനിന്ന് പുറപ്പെട്ട വാഹനവ്യൂഹം കൊട്ടാരക്കര എത്തിയത് സന്ധ്യയ്ക്ക് 6.45ന്.

വീതിയേറിയ എം.സി റോഡിലേക്ക് നാനാദിക്കുകളില്‍നിന്നും പുരുഷാരം ഒഴുകിയെത്തി. കണ്ണീരോടെ കൈകൂപ്പിനിന്ന ജനങ്ങളെ ജനനായകന്റെ മക്കള്‍ വിതുമ്പലോടെ നമസ്കരിക്കുന്നതും കാണാമായിരുന്നു. കോട്ടയം ജില്ലാതിര്‍ത്തിയായ ളായിക്കാട് പ്രവേശിച്ചപ്പോള്‍ പാതിരാത്രി പിന്നിട്ടു.

തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ അപ്പോഴും നൂറുകണക്കിനാളുകള്‍ വിതുമ്ബലോടെ കാത്തുനില്‍ക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 3.30നാണ് സമാപനശുശ്രൂഷകള്‍ നിശ്ചയിച്ചിരുന്നത്.

വിലാപയാത്രയും പൊതുദര്‍ശനവും ജനബാഹുല്യത്താല്‍ ഞെങ്ങിഞെരുങ്ങി നീങ്ങുന്നതിനാല്‍ സംസ്കാരസമയം പിന്നെയും ഏറെ വൈകാനിടയുണ്ട്.

ഉയിരേ വാഴ്ക ഞങ്ങളില്‍ എന്ന് പ്രാര്‍ത്ഥിച്ചുനില്‍ക്കേ പെയ്ത മഴയെയും അവഗണിച്ചാണ് ജനങ്ങള്‍ ജനനായകനെ അവസാനമായി കാണാൻ വിതുമ്ബിനിന്നത്.

വിദ്യാര്‍ത്ഥികള്‍, വയോധികര്‍, സ്ത്രീകള്‍, വൈദികര്‍, കലാപ്രവര്‍ത്തകര്‍, വിവിധ രാഷട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പലപ്പോഴായി സഹായം കിട്ടിയവ‌ര്‍ തുടങ്ങി ഒരിക്കല്‍പോലും അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ വരെ റോഡരികില്‍ കൈകൂപ്പിനിന്നു.

ഉമ്മൻചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വാഹനത്തില്‍ മക്കളായ ചാണ്ടി ഉമ്മൻ, മറിയ ഉമ്മൻ, അച്ചു ഉമ്മൻ എന്നിവര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ തുടങ്ങിയവരും ഉണ്ടായിരുന്നു.

പുതുപ്പള്ളി മണ്ഡലത്തിലൂടെയുള്ള അന്ത്യയാത്ര കഴിഞ്ഞ് കുടുംബവീട്ടിലെ പൊതുദര്‍ശനവും സ്വന്തം വീടെന്ന സ്വപ്നവുമായി നിര്‍മ്മാണമാരംഭിച്ച വീടിന്റെ മുറ്റത്തെ ശുശ്രൂഷയും കഴിഞ്ഞാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ഭൗതികദേഹം സംസ്കരിക്കുന്നത്.

രാഹുല്‍ ഗാന്ധി, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരൻ പിള്ള,സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവര്‍ എത്തുന്നതിനാല്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.