ഓൺലൈൻ തട്ടിപ്പുകാർ റവന്യു മന്ത്രിയേയും കുടുക്കി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓൺ ലൈൻ തട്ടിപ്പുകാർ റവന്യൂ മന്ത്രിയേയും കുടുക്കി. പിൻ നമ്പർ പറഞ്ഞ് തന്നാൽ താങ്കളുടെ എടിഎം ശരിയാക്കിതരാം എന്ന് പറഞ്ഞ് മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചാണു തട്ടിപ്പു ശ്രമം നടന്നത്. നാലുദിവസം മുൻപ് ഔദ്യോഗിക മൊബൈൽ ഫോൺ നമ്പരിലേക്കു വന്ന കോൾ മന്ത്രി തന്നെയാണ് എടുത്തത്. എടിഎം കാർഡ് ബ്ലോക്കായെന്നും പിൻനമ്പർ പറഞ്ഞുതന്നാൽ സഹായിക്കാമെന്നുമായിരുന്നു വാഗ്ദാനം. സംശയം തോന്നിയപ്പോൾ മന്ത്രി ഫോൺ ഗൺമാനു കൈമാറി. പിന്നീടുള്ള ദിവസങ്ങളിലും പിൻനമ്പർ ചോദിച്ചു തുടർച്ചയായി വിളിയെത്തി. തിരിച്ചുവിളിച്ചാൽ ഫോൺ എടുക്കില്ല. ഒടുവിൽ മന്ത്രിയുടെ ഫോണിലേക്കാണു വിളിക്കുന്നതെന്നു ഗൺമാൻ പറഞ്ഞതോടെ വിളി നിന്നു.മന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി സാജു കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകി. തട്ടിപ്പുകാരനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. സൈബർ സെല്ലിന്റെ അന്വേഷണത്തിൽ ഫോൺവിളി ഡൽഹിയിൽ നിന്നാണെന്നു കണ്ടെത്തി.