എടിഎം കാര്‍ഡും മൊബൈല്‍ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത മോഷ്ടാവ് പിടിയില്‍; തെലങ്കാനയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്; ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
സ്വന്തം ലേഖിക
കോഴിക്കോട്: എടിഎം കാര്‍ഡും മൊബൈല്‍ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത മോഷ്ടാവ് ഒടുവില്‍ പൊലീസിന്റെ പിടിയില്‍. കര്‍ണാടക സ്വദേശി നാഗരാജ് ആണ് കോഴിക്കോട് ടൗണ്‍ പൊലീസിന്റെ പിടിയിലായത്.
തട്ടിപ്പിന് ശേഷം മുങ്ങിയ നാഗരാജിനെ തെലങ്കാനയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട്ടെ ലോഡ്ജില്‍ താമസിച്ചിരുന്ന മലപ്പുറം സ്വദേശി ബഷീറിന്റെ ഫോണും എടിഎം കാര്‍ഡും തട്ടിയെടുത്താണ് പ്രതി ഒന്നര ലക്ഷം രൂപ കവര്‍ന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസം 26നായിരുന്നു മോഷണം നടന്നത്. ബഷീറിന്റെ മൊബൈലും എ ടി എം കാര്‍ഡും കവര്‍ന്ന നാഗരാജ്, വിദഗ്ധമായി എടിഎം പിന്‍ നമ്പര്‍ മാറ്റുകയായിരുന്നു. തുടര്‍ന്ന് പലപ്പോഴായി എടിഎം ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചു. പണം വിന്‍വലിച്ചതിന് പുറമേ, എ ടി എം കാര്‍ഡുപയോഗിച്ച് സ്വര്‍ണാഭരണവും ഓണ്‍ലൈനിലൂടെ മൊബൈല്‍ ഫോണും വാങ്ങി.
ഓര്‍ഡര്‍ ചെയ്ത പുതിയ ഫോണ്‍ കൈപ്പറ്റിയതോടെ ഇയാള്‍ നാടുവിടുകയായിരുന്നു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വരാതിരിക്കാനായി പ്രതി ബഷീറിന്റെ സിംകാര്‍ഡ് കസ്റ്റമര്‍ കെയറിലേക്ക് കോള്‍ ഡൈവേര്‍ട്ട് ചെയ്തും വച്ചതായി പൊലീസ് കണ്ടെത്തി.
ഒടുവില്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.