ആസ്‌ത്രേലിയക്ക് ഒരു ഗോൾ വിജയം; പൊരുതിത്തോറ്റ ടുണീഷ്യ ലോകകപ്പിൽ നിന്ന് പുറത്തേക്ക്.ദോഹയിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകല പ്രസന്നൻ ടുണീഷ്യ-ഓസ്ട്രേലിയ മത്സരം വിലയിരുത്തുന്നു.
ഗ്രൂപ്പ് ഡി മത്സരത്തിൽ ആസ്‌ത്രേലിയയോട് പൊരുതിത്തോറ്റ ടുണീഷ്യ ലോകകപ്പിൽ നിന്ന് പുറത്തേക്ക്. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് തോറ്റ സോക്കറൂസ് ഒരു ഗോളിനാണ് ആഫ്രിക്കൻ അറബ് ടീമിനെ തോൽപ്പിച്ചത്. 23-ാം മിനുട്ട് മിച്ചൽ ഡ്യൂക്ക് ആണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ശക്തമായ സമ്മർദം ചെലുത്തിയെങ്കിലും ഓസീസിന്റെ പ്രതിരോധമികവ് ടുണീഷ്യയുടെ വഴി തടഞ്ഞു.
മത്സരത്തിൽ മിച്ചൽ ഡ്യൂക്കിന്റെ തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെയാണ് ആസ്‌ത്രേലിയയുടെ വിജയം. ഗ്രേഗ് ഗുഡ്‌വിന്റെ ഷോട്ട് ഡിഫ്‌ളക്ടായി വന്ന ക്രോസിൽ നിന്ന് ഡ്യൂക്ക് ടുണീഷ്യൻ വല കുലുക്കുകയായിരുന്നു. ഇതോടെ ടിം കാഹിലിന് ശേഷം ഹെഡ്ഡറിലൂടെ ലോകകപ്പ് ഗോൾ നേടുന്ന രണ്ടാം ആസ്‌ത്രേലിയൻ താരമായി മിച്ചൽ ഡ്യൂക്ക് മാറി. 2010ൽ സെർബിയക്കെതിരെയും 2014ൽ ചിലിക്കെതിരെയും ടിം കാഹിൽ ഹെഡ്ഡർ ഗോൾ നേടിയിരുന്നു. അൽജനൂബ് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.
തങ്ങളുടെ വല കുലുങ്ങിയതോടെ ടുണീഷ്യൻ താരങ്ങൾ ഉണർന്നുകളിച്ച് ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും നേട്ടം കൊയ്യാനായില്ല. 41ാം മിനുട്ടിൽ ടുണീഷ്യയുടെ ഉഗ്രൻ മുന്നേറ്റം ആസ്ത്രലിയൻ പ്രതിരോധത്തിൽ തട്ടി നിലച്ചുപോയി. 48ാം മിനുട്ടിൽ ജെബാലിയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്കാണ് പോയത്. 87ാം മിനുട്ടിൽ വഹബ് ഖസ്‌രി അടിച്ച ഷോട്ടടക്കം ടുണീഷ്യയുടെ നിരവധി ശ്രമങ്ങളിൽ പലതും ആസ്‌ത്രേലിയൻ ഗോളിയുടെ കൈകളിലാണ് അവസാനിച്ചത്. ചിലത് പ്രതിരോധത്തിൽ തട്ടി ചിതറുകയും ചെയ്തു. ഖത്തർ ലോകകപ്പിൽ ടുണീഷ്യൻ താരങ്ങൾ ആകെ 17 ലേറെ ഷോട്ടുകളുതിർത്തെങ്കിലും ഒന്നു മാത്രമാണ് ടാർഗെറ്റിലെത്തിയത്. ഒരു ഗോളും നേടാനായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സരത്തിന്റെ 26ാം മിനുട്ടിൽ ടുണീഷ്യൻ മിഡ്ഫീൽഡർ ഐസ്സ ലെയ്ദൂനി മഞ്ഞക്കാർഡ് കണ്ടു. ഗുഡ്‌വിനെ ഫൗൾ ചെയ്തതിനായിരുന്നു നടപടി. 64ാം മിനുട്ടിൽ ഇർവിനെ പിടിച്ചു പിറകോട്ട് വലിച്ചതിന് അലി അൽ അബ്ദിയും മഞ്ഞക്കാർഡ് വാങ്ങി. ഇന്നത്തെ മത്സരത്തോടെ ടുണീഷ്യയുടെ യാസ്സിൻ 2022 ലോകകപ്പിലെ ഏറ്റവും കൂടുതൽ ക്ലിയറൻസുകൾ നടത്തിയ താരമായി. 11 ഹെഡ് ക്ലിയറൻസടക്കം 17 ക്ലിയറൻസുകളാണ് താരം നടത്തിയത്.