മലയാളികളെ കുടിപ്പിച്ച് കൊല്ലാൻ ഓണവിപണി ലക്ഷ്യമിട്ട് വിഷപ്പാൽ എത്തുന്നു
സ്വന്തം ലേഖകൻ
തൃശൂർ: ഓണവിപണി ലക്ഷ്യമിട്ട് മലയാളികളെ കുടിപ്പിച്ച് കൊല്ലാൻ വിഷപ്പാൽ എത്തുന്നു. ഓണത്തിനെത്തുന്നത് ഒരാഴ്ചയോളം കേടാകാതിരിക്കുന്ന വിഷപ്പാൽ. ഓണക്കാലത്ത് വൻതോതിൽ രാസപദാർത്ഥങ്ങൾ ചേർത്തു തയ്യാറാക്കുന്ന വിഷപ്പാൽ വിപണികളിൽ എത്തുന്നതായി റിപ്പോർട്ടുകൾ. ഒരാഴ്ചയോളം കേടാകാതിരിക്കാനുള്ള രാസവസ്തുക്കളാണു കലർത്താറുള്ളതെന്നു കഴിഞ്ഞ ഓണക്കാലത്തു പിടിച്ചെടുത്ത പാലിൽനിന്നു വ്യക്തമായിരുന്നു. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽനിന്നുള്ള പാലാണ് ജില്ലാതിർത്തിയിലെ മീനാക്ഷിപുരം ചെക്പോസ്റ്റിൽ അന്നു പിടികൂടിയത്.ഹൈഡ്രജൻ പെറോക്‌സൈഡ്, ഫോർമാലിൻ എന്നിവയായിരുന്നു കലർത്തിയത്. കൂടുതൽ പാൽ എത്താറുള്ളത് ഈ ചെക്പോസ്റ്റ് കടന്നാണ്. തമിഴ്നാട്ടിൽ ഏറ്റവും അധികം പാൽ ഉൽപ്പാദന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് പൊള്ളാച്ചിയിലാണ്.പ്രതിദിനം 60 മുതൽ 70 വരെ പാൽ ലോറികളാണ് തൃശൂർ, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലേക്കു വരാറുള്ളത്. സാധാരണ ദിവസങ്ങളിൽ മൂന്നര ലക്ഷം ലിറ്റർ പാലാണ് ഇതുവഴിയെത്തുന്നതെങ്കിൽ ഓണക്കാലത്ത് ഇത് അഞ്ചു ലക്ഷം മുതൽ ആറു ലക്ഷം വരെ ലിറ്ററായി ഉയരാനിടയുണ്ട്. വാളയാർ വഴിയുള്ള പാലിന്റെ അളവ് പ്രതിദിനം രണ്ടര ലക്ഷം ലിറ്ററാണ്. അതിനാൽ തന്നെ വൻ തോതിൽ രാസപദാർഥങ്ങൾ ചേർത്ത കൃത്രിമപ്പാൽ എത്തിയേക്കുമെന്നാണ് സൂചന.ഇത്തവണയും വിഷപ്പാൽ എത്താൻ സാധ്യയുള്ളതിനാൽ പ്രധാന സംസ്ഥാനത്തെ ചെക്പോസ്റ്റുകളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേക പരിശോധനാ ലാബുകൾ ആരംഭിക്കാൻ ഡയറിവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഒരുക്കമാരംഭിച്ചിട്ടുണ്ട്. വിപണികളും പരിശോധിക്കുമെന്നും അത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃർ വ്യക്തമാക്കി.