നിലയ്ക്കാത്ത ആള്‍ക്കൂട്ടത്തിന് നടുവിലൂടെ … പുലരുവോളം കാത്തുനിന്ന് കേരളക്കര ; കണ്ണീർ പൂക്കൾക്കിടയിലൂടെ കുഞ്ഞൂഞ്ഞിന്റെ അന്ത്യയാത്ര ചിങ്ങവനത്തിലെത്തി 

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചിങ്ങവനത്തിലെത്തി.  രാത്രി ഏറെ വൈകിയിട്ടും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത് പതിനായിരങ്ങൾ.

പ്രിയ നേതാവിനെ അവസാനമായി ഒരു വട്ടം കൂടി കാണാൻ ആയിരങ്ങളാണ് ഓരോ സ്ഥലത്തും  കാത്തുനിൽക്കുന്നത്. വഴി നീളെയുള്ള ജനത്തിരക്ക് കാരണം തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് സ്വന്തം നാടായ കോട്ടയം പുതുപ്പള്ളിയിലേയ്ക്കുള്ള വിലാപ യാത്ര മണിക്കൂറുകള്‍ വൈകിയാണ് നീങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പളി ഹൗസിൽ നിന്ന് തുടങ്ങിയ യാത്ര 20 മണിക്കൂർ പിന്നിടുമ്പോൾ ചെങ്ങന്നൂരില്‍ എത്തിയിട്ടേയുള്ളു. പുലര്‍ച്ചെ മാത്രമേ തിരുനക്കര എത്താന്‍ സാധിക്കൂ എന്നാണ് നേതാക്കള്‍ അറിയിക്കുന്നത്.

സമാനതകളില്ലാത്ത ഒരു അന്ത്യയാത്രാമൊഴിക്കാണ് കേരളം ഇന്നലെ മുതൽ സാക്ഷ്യം വഹിക്കുന്നത്. ഉമ്മൻചാണ്ടി എന്ന മുൻ മുഖ്യമന്ത്രിയെ, തങ്ങളുടെ ജനകീയനായ നേതാവിനെ കേരളം എത്ര കണ്ട് ആദരിച്ചിരുന്നു, സ്നേഹിച്ചിരുന്നു, എന്നത് വ്യക്തമാകുന്നതാണ് വഴിനീളെ തടിച്ച് കൂടിയ ജനക്കൂട്ടത്തിന്‍റെ കാഴ്ച.

പന്തളത്തും അടൂരും ഏനാത്തും കൊട്ടാരക്കരയിലും വികാര നിർഭരമായ രംഗങ്ങളിലൂടെയാണ് വിലാപയാത്ര കടന്നുപോയത്. തിരുവനന്തപുരം ജില്ലയിലെ 20 കിലോമീറ്റർ ദൂരം പിന്നിടാൻ വിലാപയാത്രയ്ക്ക് നാലര മണിക്കൂർ വേണ്ടിവന്നു.