രാത്രിയിൽ വീടുകളിലെത്തി മുറ്റത്തെ പൈപ്പ് തുറന്നിടുകയും ശബ്ദം കേള്‍പ്പിക്കുകയും ചെയ്യും; ഓമല്ലൂരിലും ചെന്നീര്‍ക്കരയിലും നൈറ്റിയിട്ട മോഷ്ടാക്കള്‍ വിലസുന്നു ;ഭീതിയോടെ ജനം
സ്വന്തം ലേഖിക
ഓമല്ലൂര്‍ : ഓമല്ലൂര്‍, ചെന്നീര്‍ക്കര പഞ്ചായത്തുകളില്‍ മോഷ്ടാക്കളുടെ ഭീതി വിതയ്ക്കുന്നു . കഴിഞ്ഞ ദിവസം മഞ്ഞിനിക്കര പേഴുംമൂട് ജംഗ്ഷനു സമീപം പാരിപ്പള്ളില്‍ വീട്ടില്‍ 71 വയസ്സുള്ള മീനാക്ഷിയമ്മയുടെ കഴുത്തില്‍ നിന്ന് ഒന്നേകാല്‍ പവന്‍ വരുന്ന മാല പൊട്ടിച്ചു .
രാത്രി ഒന്നരയോടെ മുറ്റത്ത് ശബ്ദം കേട്ടതിനെ തുടര്‍ന്ന് പുറത്തിറങ്ങിയപ്പോഴാണ് മാല പൊട്ടിച്ചത്.
സ്ത്രീകള്‍ ധരിക്കുന്ന നൈറ്റി ഇട്ടുകൊണ്ടാണ് മോഷ്ടാക്കള്‍ വന്നതെന്നും ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്നും മീനാക്ഷിയമ്മ പറഞ്ഞു. ബഹളംവച്ചപ്പോള്‍ കഴുത്തില്‍ പിടിച്ചു തള്ളിയിട്ട് മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. മീനാക്ഷിയമ്മയുടെ കഴുത്തില്‍ നഖം കൊണ്ട് മുറിവ് പറ്റിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്നുതന്നെ സമീപപ്രദേശമായ പാരിപ്പള്ളില്‍ ശ്രീജിത്ത്, ശിവാനന്ദന്‍ എന്നിവരുടെ ഉള്‍പ്പെടെ എട്ടോളം വീടുകളില്‍ മോഷണശ്രമം നടന്നതായി നാട്ടുകാര്‍ പറയുന്നു. നിരവധി വീടുകള്‍ അടുത്തടുത്തായി ഉള്ള പ്രദേശത്താണ് മോഷണം നടന്നത്. വീടുകളിലെല്ലാം പുറത്തെ ലൈറ്റുകള്‍ ഉണ്ടായിരുന്നിട്ടും മോഷ്ടാക്കള്‍ വന്നതിലുള്ള ഭയപ്പാടിലാണ് നാട്ടുകാര്‍.
വിവരമറിയിച്ചതിനെ തുടര്‍ന്ന് രണ്ടരയോടെ പത്തനംതിട്ട, ഇലവുംതിട്ട സ്റ്റേഷനുകളില്‍ നിന്ന് പൊലീസെത്തി നാട്ടുകാര്‍ക്കൊപ്പം രാവിലെ വരെ വിശദമായ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. മോഷണം നടന്ന വീടിന്റെ പരിസരത്ത് ഒരു നൈറ്റി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലം പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകള്‍ കണ്ടെത്താനായില്ല.
സി.സി.ടി.വി കാമറ ഇല്ലാത്ത വീടുകളിലാണ് മോഷണശ്രമങ്ങള്‍ നടന്നിട്ടുള്ളത്. സമാന രീതിയില്‍ ചെന്നീര്‍ക്കര പഞ്ചായത്തില്‍ മാത്തൂര്‍ ഭാഗത്തും മോഷണശ്രമങ്ങള്‍ നടന്നു. രാത്രികാലങ്ങളില്‍ മുറ്റത്തെ പൈപ്പ് തുറന്നിടുകയും ശബ്ദം കേള്‍പ്പിക്കുകയും ചെയ്യുമ്ബോള്‍ പുറത്തിറങ്ങുന്ന സമയത്താണ് മോഷണ ശ്രമങ്ങള്‍ അരങ്ങേറുന്നത്. പൊലീസ് പട്രോളിംഗ് ശക്തമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.