ഒളശയിലെ വാഹനാപകടം: അപകടമുണ്ടായത് ബൈക്ക് വൈക്കോൽ കയറ്റിയെത്തിയ വാഹനത്തെ മറികടക്കുന്നതിനിടെ; അപകടത്തെ തുടർന്നു റോഡിൽ രക്തം തളംകെട്ടിക്കിടന്നു
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഒളശയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചത് മറ്റൊരു വാഹനത്തെ ബൈക്ക് മറികടക്കുന്നതിനിടെയെന്നു ദൃക്‌സാക്ഷികൾ. ഒളശ ഹൈസ്‌കൂൾ ജംഗ്ഷനിലുണ്ടായ അപകടത്തിൽ ഒളശ കാനാപ്പള്ളിൽ ഷാനു (19)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാനു മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.
പരിപ്പിൽ നിന്നും കുടുയംപടി ഭാഗത്തേയ്ക്കു പോകുകയായിരുന്നു ഷാനു സഞ്ചരിച്ച ബൈക്ക്. ഒളശ ഭാഗത്തു നിന്നും വരികയായിരുന്ന കാറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. വൈക്കോൽ കയറ്റിയെത്തിയ ഒരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ബൈക്ക് നിയന്ത്രണം നഷ്ടമായി കാറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഷാനു റോഡിൽ തെറിച്ചു വീഴുകയായിരുന്നു. റോഡിൽ രക്തം തളം കെട്ടിക്കിടക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ഷാനുവിനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ യാത്രക്കാർ തന്നെ മറ്റൊരു കാർ വിളിച്ചു വരുത്തി ഇയാളെ ഇതേ കാറിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.