
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പാര്‍ട്ടി പൊളിറ്റ്ബ്യൂറോയില്‍. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് എം.വി.ഗോവിന്ദന് പിബിയിലെത്തുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗമാണ് ഐകണ്ഠ്യേന തെരഞ്ഞെടുപ്പ് നടത്തിയത്.
കണ്ണൂര്‍ മൊറാഴയില്‍ പരേതരായ കെ കുഞ്ഞമ്പുവിന്റെയും എം വി മാധവിയുടെയും മകനായി 1953 ഏപ്രില്‍ 23നാണ് ജനനം. 1996ലും 2001ലും 2021ലും തളിപ്പറമ്പില്‍നിന്ന് നിയമസഭയിലെത്തി. അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന് വൈസ് പ്രസിഡന്റും കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റുമായിരുന്നു. സിപിഐ എം കാസര്‍കോട് ഏരിയ സെക്രട്ടറിയായും കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തളിപ്പറമ്പ് പരിയാരം ഇരിങ്ങല്‍ യുപി സ്കൂളില്‍ കായികാധ്യാപകനായിരിക്കെ സ്വയം വിരമിച്ച് രാഷ്ട്രീയരംഗത്ത് സജീവമായി. അടിയന്തരാവസ്ഥയില്‍ ജയിലിലായ എം.വി ഗോവിന്ദന് കടുത്ത പൊലീസ് വേട്ടയ്ക്ക് ഇരയായി. വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ ദര്‍ശനത്തില്‍, സ്വത്വരാഷ്ട്രീയത്തെപ്പറ്റി, ചൈനാ ഡയറി, യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം ആശയ സമരങ്ങളുടെ പശ്ചാത്തലത്തില്‍, കര്‍ഷക തൊഴിലാളി പ്രസ്ഥാനം ചരിത്രവും വര്‍ത്തമാനവും, കാടുകയറുന്ന ഇന്ത്യന്‍ മാവോവാദം തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
7 അംഗ പിബിയില്‍ അംഗത്വം നേടിയ ക്രമം അനുസരിച്ചാണ് സീനിയോറിറ്റി എന്നതിനാല്‍ 17-ാമനാകും എം.വി. ഗോവിന്ദന്. നിലവില്‍, പിബിയില്‍ സീതാറാം യച്ചൂരിക്കും പ്രകാശ് കാരാട്ടിനും പിന്നില്‍ 3-ാമതാണു പിണറായി. 6-ാമത് കോടിയേരിയും 7-ാമത് എം.എ. ബേബിയുമായിരുന്നു. നിലവിലെ പട്ടികയില്‍ 16- ാമതാണ് എ. വിജയരാഘവന്.
സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ പി കെ ശ്യാമളയാണ് ഭാര്യ. മക്കള്‍: ജി എസ് ശ്യാംജിത്ത് (ചലച്ചിത്ര പ്രവര്ത്തകന്), ജി എസ് രംഗീത് (അഭിഭാഷകന്, കണ്ണൂര്‍). മരുമകള്‍: സിനി നാരായണന് (യുഎസ്ടി ഗ്ലോബല്‍, തിരുവനന്തപുരം).