വളഞ്ഞില്ലെങ്കിൽ ഒടിയ്ക്കും: കേരളത്തിലെ ക്രൈസ്തവ സഭകളുടെ സോഴ്‌സ് വെട്ടാൻ ബിജെപിയും കേന്ദ്ര സർക്കാരും നീക്കം തുടങ്ങി; വിദേശ ഫണ്ട് നിലച്ചാൽ കേരളത്തിലെ ക്രൈസ്തവ സഭകൾ പ്രതിസന്ധിയിലാകും; കോളേജുകളും സ്‌കൂളുകളും സ്ഥാപനങ്ങളും അടച്ചിടേണ്ടി വരും

വളഞ്ഞില്ലെങ്കിൽ ഒടിയ്ക്കും: കേരളത്തിലെ ക്രൈസ്തവ സഭകളുടെ സോഴ്‌സ് വെട്ടാൻ ബിജെപിയും കേന്ദ്ര സർക്കാരും നീക്കം തുടങ്ങി; വിദേശ ഫണ്ട് നിലച്ചാൽ കേരളത്തിലെ ക്രൈസ്തവ സഭകൾ പ്രതിസന്ധിയിലാകും; കോളേജുകളും സ്‌കൂളുകളും സ്ഥാപനങ്ങളും അടച്ചിടേണ്ടി വരും

സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് ക്രൈസ്തവ സഭകൾക്ക് വൻ പ്രതിസന്ധിയുണ്ടാക്കുന്ന നിർണ്ണായക തീരുമാനത്തിലേയ്ക്ക് ബിജെപി കേന്ദ്ര നേതൃത്വവും കേന്ദ്ര സർക്കാരും നീങ്ങുന്നു.
ഏതുവിധേനെയും കേരളം പിടിക്കാൻ ബിജെപി നടത്തിയ നീക്കങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോൾ പുതിയ തന്ത്രങ്ങളുമായി ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്. ക്രൈസ്തവ സഭകൾക്കും കേരളത്തിലെ രൂപതകൾക്കും വിദേശത്തു നിന്നെത്തുന്ന ഫണ്ട് നിയന്ത്രിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നടത്തുന്നത്.
ഇതിന്റെ ഭാഗമായി സഭകളുടെ വിദേശ ഫണ്ടിൽ നടത്തിയ വെട്ടിപ്പിലേയ്ക്കുള്ള അന്വേഷണം സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഫണ്ടിനു നിയന്ത്രണമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ ഇത് സഭകളുടെ സ്ഥാപനങ്ങളായ സ്‌കൂളുകളുടെയും കോളേജുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ തന്നെ ബാധിക്കും.
കേരളത്തിലെ ക്രൈസ്തവ സഭകളുടെ കീഴിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് സൊസൈറ്റികൾ കോടികളുടെ വിദേശപണം സ്വീകരിച്ച് കണക്കിൽ വെട്ടിപ്പ് നടത്തിയെന്ന പരാതിയാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന് ആദ്യമായി ലഭിച്ചിരിക്കുന്നത്.
ഈ പരാതി അന്വേഷിച്ച കേന്ദ്ര സർക്കാർ എറണാകുളം-അങ്കമാലി അതിരൂപത, വരാപ്പുഴ അതിരൂപത, കൊച്ചി രൂപത, കാഞ്ഞിരപ്പള്ളി രൂപത, വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവ 2009-10 മുതൽ 2013-14 കാലയളവിൽ സമർപ്പിച്ച കണക്കുകൾ പരിശോധിച്ചപ്പോൾ കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു.
ഈ വിവരം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു. വരവ് ചെലവു കണക്കുകളിൽ പൊരുത്തക്കേടുകൾ കണ്ടതോടെ ആഭ്യന്തരവകുപ്പ് ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്.
വിദേശ സഹായം ലഭിക്കുന്ന സംഘങ്ങൾ സമർപ്പിക്കുന്ന കണക്കുകളിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്ന് കണ്ടെത്തിയാൽ കേന്ദ്രവിജ്ഞാപനം 2446 (ഇ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്.
ക്രമക്കേട് കണ്ടെത്തിയാൽ സിബിഐ അന്വേഷണം നടത്താൻ സ്വമേധയാ കേന്ദ്രസർക്കാരിനു കഴിയും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ജനറൽ സെക്രട്ടറി ജോർജ് ജോസഫ്, ഓൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ ജോസഫ് വെളിവിൽ എന്നിവരാണ് നിലവിൽ കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുന്നത്.
എറണാകുളം അങ്കമാലി അതിരൂപത, വരാപ്പുഴ അതിരൂപത, കൊച്ചി രൂപത, കാഞ്ഞിരപ്പള്ളി രൂപത, വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവ വിദേശത്തു നിന്നും ഫണ്ട് കൈപ്പറ്റുന്നുണ്ട്.
ഇതുസംബന്ധിച്ചുള്ള കണക്കുകൾ പരിശോധിക്കവേ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ കണക്കുകളിൽ വൻ പൊരുത്തക്കേടുകളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ അങ്കമാലി സ്വദേശി ജേക്കബ് സന്തോഷ് വിവരാവകാശ ഹർജി നൽകിയിരുന്നു.
എന്നാൽ, അതിരൂപതകൾ വ്യക്തികളുടെ സംഘങ്ങൾ ആണെന്നും അതിനാൽ വിവരങ്ങൾ നൽകാൻ അതിരൂപതാ അധ്യക്ഷന്റെ അനുവാദം വേണമെന്നാണ് സഭ മറുപടി നൽകിയത്. അൽമായരുടെ പേർക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് കിട്ടുന്ന പണം കർദ്ദിനാളിന്റെ സ്വന്തം സ്വത്താകുന്നത് എങ്ങിനെയെന്ന് ആരാഞ്ഞ് കേന്ദ്ര വിവരാവകാശ കമ്മീഷന് വീണ്ടും പരാതി നൽകി.
ഇതോടെ എറണാകുളം അങ്കമാലി അതിരൂപതയ്ക്കു കിട്ടിയ വിദേശ സഹായങ്ങൾ വിവരാവകാശ നിയമ പ്രകാരം നൽകണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് പ്രവർത്തിക്കുന്ന മത സ്ഥാപനങ്ങൾക്ക് വിദേശത്തു നിന്ന് ലഭിക്കുന്ന സാമ്ബത്തിക ഇടപാടുകളും ഇനി വിവരാവകാശ നിയമത്തിൽ ഉൾപ്പെടുമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു.