ലക്ഷങ്ങൾ മുടക്കി ഓടനവീകരിച്ചിട്ടും കാര്യമില്ല; നാട്ടുകാരെ ദുരിതത്തിലാക്കി അയ്മനം കുടയംപടി റോഡിൽ വെള്ളക്കെട്ട്; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ലക്ഷങ്ങൾ മുടക്കി ഓടനവീകരിച്ചിട്ടും കുടയംപടി – അയ്മനം റോഡിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല. കാലവർഷത്തിനു മുൻപാണ് അയ്മനം പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും ചേർന്നു കുടയംപടി ജംഗ്ഷനിൽ അയ്മനം റോഡിലേയ്ക്കുള്ള ഓട നവീകരിച്ചത്. ഓട നവീകരിച്ചാൽ റോഡിൽ വെള്ളക്കെട്ടുണ്ടാകില്ലെന്നും വാഹനങ്ങൾക്കു സുഖമായി കടന്നു പോകാനാവുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. വീഡിയോ ഇവിടെ കാണാം
എന്നാൽ, ഞായറാഴ്ച രാവിലെ പെയ്ത മഴയിൽ റോഡ് വീണ്ടും വെള്ളത്തിൽ മുങ്ങി. രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിലാണ് റോഡിന്റെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങിയത്. ഇതുവഴിയെത്തുന്ന വാഹനങ്ങളിൽ പലതും വെള്ളത്തിൽ മുങ്ങിയാണ് കടന്നു പോകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുചക്ര വാഹനയാത്രക്കാർക്കാണ് ഏറെ ദുരിതം. റോഡിന്റെ മധ്യഭാഗത്ത് തന്നെ മുട്ടറ്റം വെള്ളമുണ്ട്. കഷ്ടിച്ചു രണ്ടു വാഹനങ്ങൾക്കു മാത്രം കടന്നു പോകുന്നതിനാണ് റോഡിൽ വീതിയുള്ളത്. ഈ റോഡിലൂടെ എതിർദിശയിൽ നിന്നും ഒരു വാഹനം എത്തിയാൽ, ഇരുചക്രവാഹനയാത്രക്കാർ പെട്ടു പോകും. റോഡിൽ കുഴിയും കല്ലും നിറഞ്ഞിരിക്കുന്നതിനാൽ വെള്ളക്കെട്ടായ ഈ റോഡിലൂടെയുള്ള യാത്രയും ഏറെ അപകടം നിറഞ്ഞതാണ്.
നേരത്തെ നിരന്തരം നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മഴക്കാലത്ത് റോഡ് നവീകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഓട പുനർനിർമ്മിച്ചത്. എന്നാൽ, ഇതുകൊണ്ടു പ്രയോജനം ലഭിച്ചില്ലെന്നാണ് ഞായറാഴ്ച പെയ്ത മഴയിൽ റോഡ് മുഴുവൻ വെള്ളം കെട്ടി നിന്നതിൽ നിന്നും വ്യക്തമാകുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു ആംബുലൻസുകൾ അടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ഈ റോഡിലാണ് ഇപ്പോൾ വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നിരിക്കുന്നത്.