play-sharp-fill
ഇന്ത്യയില്‍ നിന്നും ലോകമെങ്ങും പറന്നത് ലക്ഷക്കണക്കിന് നഴ്‌സുമാര്‍,യുകെയില്‍ എത്തിയത് 55,429 പേര്‍; അയര്‍ലണ്ടില്‍ എത്തിയത് 15,060 പേരും;  യുകെയടക്കമുള്ള രാജ്യങ്ങളിലേക്ക് നഴ്‌സുമാര്‍ കുടിയേറുന്നത് നിര്‍ധന രാജ്യങ്ങളില്‍ പ്രതിസന്ധി ; നഴ്‌സുമാരുടെ അനിയന്ത്രിത കുടിയേറ്റത്തിനു വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഐസിഎന്‍ ; നഴ്‌സിംഗ് പഠനത്തിന്റെ ഗ്ലാമര്‍ കുറയുമോ?

ഇന്ത്യയില്‍ നിന്നും ലോകമെങ്ങും പറന്നത് ലക്ഷക്കണക്കിന് നഴ്‌സുമാര്‍,യുകെയില്‍ എത്തിയത് 55,429 പേര്‍; അയര്‍ലണ്ടില്‍ എത്തിയത് 15,060 പേരും; യുകെയടക്കമുള്ള രാജ്യങ്ങളിലേക്ക് നഴ്‌സുമാര്‍ കുടിയേറുന്നത് നിര്‍ധന രാജ്യങ്ങളില്‍ പ്രതിസന്ധി ; നഴ്‌സുമാരുടെ അനിയന്ത്രിത കുടിയേറ്റത്തിനു വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഐസിഎന്‍ ; നഴ്‌സിംഗ് പഠനത്തിന്റെ ഗ്ലാമര്‍ കുറയുമോ?

യുകെയും കാനഡയും അമേരിക്കയും ന്യുസിലന്‍ഡും ഓസ്‌ട്രേലിയയും അടക്കമുള്ള അഞ്ചു കണ്ണുകള്‍ എന്നറിയപ്പെടുന്ന പഞ്ച ശക്തി രാഷ്ട്രങ്ങളിലേക്ക് ലോകമെങ്ങും നിന്നും ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകിച്ച്‌ നഴ്സുമാരും കുടിയേറുന്നതിനെതിരെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് പരാതിയുമായി രംഗത്ത്.

ഈ കുടിയേറ്റം വഴി വികസ്വര രാഷ്ട്രങ്ങളിലും അവികസിത രാജ്യങ്ങളിലും ജനങ്ങള്‍ ആരോഗ്യ സംരക്ഷണം ലഭിക്കാത്ത അവസ്ഥയിലേക്ക് നീങ്ങും എന്നാണ് ലോകാരോഗ്യ സംഘടനയ്ക്ക് മുന്നില്‍ എത്തിയിരിക്കുന്ന പരാതി.

അത്യന്തം ഗൗരവമായ ഈ സ്ഥിതി വിലയിരുത്തി നഴ്‌സുമാരുടെ അനിയന്ത്രിത കുടിയേറ്റത്തിനു വിലക്ക് ഏര്‍പ്പെടുത്തണം എന്നാണ് ഐസിഎന്‍ ആവശ്യം. കോവിഡിന് ശേഷം ആരോഗ്യ പ്രവര്‍ത്തകരുടെ അസാധാരണമായ ആവശ്യം ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞു പഞ്ച ശക്തി രാഷ്ട്രങ്ങള്‍ വിദേശ നഴ്‌സുമാരെ പരമാവധി ജോലിക്കെടുക്കുന്ന ട്രെന്‍ഡ് മനസിലാക്കിയാണ് ഐസിഎന്‍ ലോകാരോഗ്യ സംഘടനയെ തന്നെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ യുകെ അടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ വിദേശ റിക്രൂട്മെന്റിന് അപ്രഖ്യാപിത വിലക്കിലൂടെയാണ് നീങ്ങുന്നതെന്ന് ഐസിഎന്‍ വാദത്തെ നിരാകരിക്കാന്‍ ചൂണ്ടിക്കാട്ടപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാഹചര്യം ഇതായതോടെ ഭാവിയില്‍ വിദേശ രാജ്യങ്ങളിലേക്ക് വികസ്വര രാഷ്ട്രങ്ങളില്‍ നിന്നും വലിയ തോതില്‍ ഉള്ള നഴ്‌സുമാരുടെ കുടിയേറ്റത്തിനു സാധ്യത കുറയും എന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ഈ രാജ്യങ്ങളില്‍ ഒഴിവുകള്‍ കാര്യമായി നികത്തപ്പെട്ടതോടെയാണിത്. വിദേശത്തെ വമ്ബന്‍ ശമ്ബളവും ആനുകൂല്യവും ആകര്‍ഷകമാക്കി നഴ്‌സിംഗ് പഠനം ലോകമെങ്ങും ട്രെന്‍ഡ് ആയി മാറിയ സാഹചര്യവും ഇനി മാറിയേക്കാം.

പഠനത്തില്‍ മികച്ച നിലവാരമുള്ള ചെറുപ്പക്കാര്‍ നഴ്‌സിംഗ് തിരഞ്ഞെടുത്ത ശേഷം ആകര്‍ഷകമല്ലാത്ത ശമ്ബളത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നത് നഴ്‌സിംഗ് പ്രൊഫഷന്റെ ഗ്ലാമറിന് തന്നെ കോട്ടം തട്ടിക്കും എന്നുറപ്പാണ്. ഇപ്പോള്‍ എഞ്ചിനീയറിംഗ് പോലും വേണ്ടെന്നു വച്ചാണ് കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ നഴ്‌സിംഗ് പഠന വിഷയമായി തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പുതിയ 150 നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കാന്‍ തീരുമാനം എടുത്തതും ആഗോള തലത്തില്‍ നഴ്സിംഗിന് കാണപ്പെടുന്ന വര്‍ധിച്ച ഡിമാന്‍ഡ് മനസിലാക്കി തന്നെയാണ്. ഇതെല്ലം ഇപ്പോള്‍ തകിടം മറിയാന്‍ തയ്യാറെടുക്കുന്നു എന്ന സൂചനയാണ് ഐസിഎന്‍ ശബ്ദത്തിലൂടെ പുറത്തു വരുന്നത്.

കോവിഡിന് ശേഷം ലോകം മാറിമറിയുമെന്ന ചിന്ത നഴ്‌സുമാര്‍ക്ക് തുറന്നിട്ടത് പടിഞ്ഞാറന്‍ വഴികള്‍ 

കോവിഡിന് ശേഷം വീണ്ടും മഹാമാരികള്‍ വന്നുകൊണ്ടേയിരിക്കും എന്ന ചിന്തയാണ് പടിഞ്ഞാറന്‍ രാജ്യങ്ങളെ വ്യാപകമായി നഴ്‌സിംഗ് റിക്രൂട്ടിംഗിനു പ്രേരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ യുകെ അടക്കമുള്ള രാജ്യങ്ങളില്‍ അതിന്റെ മുറുമുറുപ്പും ആരംഭിച്ചു. തൊഴിലിടത്തെ വര്‍ക്ക് കള്‍ച്ചര്‍ തന്നെ മാറിപ്പോയി എന്നാണ് മുതിര്‍ന്ന വിഭാഗം ജീവനാക്കരുടെ പരാതി. മലയാളികള്‍ കൂടുതലായതോടെ മലയാളം തമ്മില്‍ പറയുന്നതും ഉച്ചക്ക് കഴിക്കാനുള്ള ഊണില്‍ മത്തിക്കറി അടക്കം ഹോസ്പിറ്റല്‍ കോറിഡോറില്‍ അസഹ്യ മണം പരത്തിയതും കുടിയേറ്റക്കാരായ നഴ്‌സുമാര്‍ കൂടുതലായി എന്ന ചിന്തയിലേക്കാണ് എത്തിച്ചിരിക്കുന്നത്.

ന്യുസിലന്റില്‍ ആകട്ടെ മലയാളം പറയുന്നത് തന്നെ വിലക്കേര്‍പ്പെടുത്തി ഒരു ആശുപത്രി രംഗത്ത് വന്നതും വാര്‍ത്തകളുടെ തലക്കെട്ടായി മാറുകയാണ്. നിയന്ത്രണം കടുപ്പിക്കുമ്ബോള്‍ ഞാന്‍ വേറെ രാജ്യത്തു പൊയ്ക്കോളാം എന്ന മലയാളി ന്യു ജെന്‍ നഴ്‌സുമാരുടെ മറുപടിയില്‍ ലോകത്തെവിടെ ചെന്നാലും കുടിയേറ്റക്കാര്‍ എന്നും കുടിയേറ്റക്കാരുടെ മേല്‍വിലാസവുമായി കഴിയേണ്ടി വരും എന്ന നഗ്ന സത്യത്തെയാണ്.

സാമ്ബത്തികമായി താഴ്ന്നതും മധ്യ നിലയില്‍ നില്‍ക്കുന്നതുമായ രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന എല്‍എംഐസി രാജ്യങ്ങളില്‍ നിന്നും വികസിത രാജ്യങ്ങളിലേക്ക് നഴ്‌സുമാരുടെ കുടിയേറ്റത്തിനു നിയന്ത്രണം പ്രാവര്‍ത്തികമാക്കണം എന്നാണ് ഐസിഎന്‍ നിര്‍ദേശം. ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും ഒക്കെ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ 55 രാജ്യങ്ങളില്‍ നിന്നും ഇത്തരം കുടിയേറ്റം നിയന്ത്രിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഈ കുടിയേറ്റ നിരക്ക് തുടര്‍ന്നാല്‍ അതാത് രാജ്യങ്ങളിലെ രോഗികള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് മൂലം മതിയായ ചികിത്സാ ലഭിക്കില്ല എന്നാണ് ഐസിഎന്‍ നല്‍കുന്ന മുന്നറിയിപ്പ്.

ലോകമൊട്ടാകെയായി ഇത്തരം റിക്രൂട്മെന്റിന് ലോകാരോഗ്യ സംഘടനാ പ്രോട്ടോകോള്‍ പുറപ്പെടുവിക്കണമെന്നും ഐസിഎന്‍ നിര്‍ദേശിക്കുന്നു. വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്ള 38 രാഷ്ട്രങ്ങളില്‍ 2011 മുതല്‍ 2021 വരെയുള്ള പത്തു വര്‍ഷത്തില്‍ വിദേശ നഴ്‌സുമാരുടെ എണ്ണം അഞ്ചു ശതമാനത്തില്‍ നിന്നും ഒന്‍പതു ശതമാനമായി വര്‍ധിച്ചത് കാണാതെ പോകാനാകില്ല എന്നാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോ ഓപ്പറേഷന്‍ ഡെവലപ്മെന്റ് നല്‍കുന്ന മുന്നറിയിപ്പും. യുകെ യുഎസ്‌എ, ജര്‍മനി, കാനഡ, ആസ്‌ട്രേലിയ മുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ വരെ ഈ പട്ടികയില്‍ ഉണ്ടെന്നും ഒഇസിഡി പറയുന്നു.

ബ്രിട്ടന്‍ അതിരു വിട്ടു, ചുവപ്പന്‍ പട്ടികയില്‍ നിന്നും വരെ നഴ്‌സുമാര്‍ എത്തി 

വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന വിഷയത്തില്‍ ബ്രിട്ടന്‍ സകല അതിരും വിട്ടു എന്നാണ് റിപ്പോര്‍ട്ടിലെ കാതലായ കുറ്റപ്പെടുത്തല്‍. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ബ്രിട്ടനാണ് പല അതിര്‍വരമ്ബും തെറ്റിച്ചു വിദേശ നഴ്സുമാര്‍ക്കായി വാതില്‍ തുറന്നിട്ടത്. സൗജന്യ വിമാനടിക്കറ്റും റീലോക്കേഷന്‍ അലവന്‍സും ഒക്കെയായി മറ്റു രാജ്യങ്ങള്‍ക്ക് മത്സരിക്കാന്‍ പോലും പറ്റാത്ത സാഹചര്യം ബ്രിട്ടന്‍ ഒരുക്കിയപ്പോള്‍ ആസ്‌ട്രേലിയ അടക്കമുള്ളവരും ആ വഴി തന്നെ തിരഞ്ഞെടുത്തു.

ബ്രിട്ടന്‍ മറ്റു രാജ്യങ്ങളെ ആശ്രയിച്ചപ്പോള്‍ ബ്രിട്ടനില്‍ ട്രെയിനിംഗ് ലഭിച്ച നഴ്സുമാരെയാണ് ആസ്‌ട്രേലിയ പ്രധാനമായും ആശ്രയിച്ചത്. ഇത്തരത്തില്‍ കൊണ്ടും കൊടുത്തും എന്ന വിധം നഴ്‌സുമാര്‍ക്ക് വേണ്ടിയുള്ള പിടിവലികള്‍ ആണ് കോവിഡിന് ശേഷമുള്ള ആരോഗ്യ രംഗം ലോകമൊട്ടാകെ കണ്ടത്. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി വിശേഷത്തിനു വലിയ നിലയില്‍ മാറ്റം വന്നിരിക്കുകയാണ്. പ്രാദേശികമായി നഴ്‌സിംഗ് അടക്കമുള്ള ജോലികള്‍ക്ക് ആളെ കണ്ടെത്തണം എന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരുകള്‍ ഗൗരവമായി പരിഗണിക്കുകയാണ്.

2021 സെപ്റ്റംബര്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ യുകെയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 24,000 വിദേശ നഴ്‌സുമാരാണ്. ഇത് സര്‍വ്വകാല റെക്കോര്‍ഡ് ആയി മാറിയിരിക്കുകയാണ്. ഈ നഴ്‌സുമാര്‍ എത്തിയ രാജ്യങ്ങളില്‍ കടുത്ത തോതില്‍ ഉള്ള ഷോര്‍ട്ടേജ് ഉള്ളപ്പോഴാണ് ബ്രിട്ടന്‍ അവരെ വിലക്കെടുത്തത് എന്ന കുറ്റപ്പെടുത്തല്‍ ഇപ്പോള്‍ അന്താരാഷ്ട്ര വേദികളില്‍ ഉയരുകയാണ്.

ലോകാരോഗ്യ സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം അടങ്ങിയിരിക്കുന്നത്. തീര്‍ച്ചയായും ഇതിനു ബ്രിട്ടന്‍ മറുപടി നല്‍കേണ്ടി വരും. ഈ ഇടപാടില്‍ സ്വകാര്യ ഏജന്‍സികള്‍ ലാഭം കൊയ്തുകൂട്ടുന്നതിനു ബ്രിട്ടന്‍ കൂട്ട് നിന്നും എന്നും ഐസിഎന്‍ കുറ്റപ്പെടുത്തുന്നു ഈ ഏജന്‍സികള്‍ സകല അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചാണ് കെയര്‍ അസിസ്റ്റന്റ് ജോലിക്കായി ആഫ്രിക്ക, ഏഷ്യന്‍, കരീബിയന്‍ രാജ്യങ്ങളില്‍ നിന്നും റിക്രൂട് നടത്തിയതും എന്നും റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.

2022ല്‍ ആറു മാസത്തില്‍ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെട്ട നൈജീരിയ, ഘാന എന്നിവിടങ്ങളില്‍ നിന്നും 2200 നഴ്‌സുമാര്‍ യുകെയില്‍ എത്തിയത് നീതീകരണം ഇല്ലാത്ത നടപടി ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ നിയമനം എന്‍എച്ച്‌എസ് തടഞ്ഞിരിക്കുകയാണ്.

ലോകാരോഗ്യ സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം അടങ്ങിയിരിക്കുന്നത്. തീര്‍ച്ചയായും ഇതിനു ബ്രിട്ടന്‍ മറുപടി നല്‍കേണ്ടി വരും. ഈ ഇടപാടില്‍ സ്വകാര്യ ഏജന്‍സികള്‍ ലാഭം കൊയ്തുകൂട്ടുന്നതിനു ബ്രിട്ടന്‍ കൂട്ട് നിന്നും എന്നും ഐസിഎന്‍ കുറ്റപ്പെടുത്തുന്നു ഈ ഏജന്‍സികള്‍ സകല അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചാണ് കെയര്‍ അസിസ്റ്റന്റ് ജോലിക്കായി ആഫ്രിക്ക, ഏഷ്യന്‍, കരീബിയന്‍ രാജ്യങ്ങളില്‍ നിന്നും റിക്രൂട് നടത്തിയതും എന്നും റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.

2022ല്‍ ആറു മാസത്തില്‍ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെട്ട നൈജീരിയ, ഘാന എന്നിവിടങ്ങളില്‍ നിന്നും 2200 നഴ്‌സുമാര്‍ യുകെയില്‍ എത്തിയത് നീതീകരണം ഇല്ലാത്ത നടപടി ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ നിയമനം എന്‍എച്ച്‌എസ് തടഞ്ഞിരിക്കുകയാണ്.

ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ വ്യാപകമായ കൃത്രിമം നടന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണിത്. ഇതേ കുറ്റപ്പെടുത്തല്‍ ഇന്ത്യയില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെ പരസ്യമായ നിരോധനം എന്‍എച്ച്‌എസ് ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. സംശയിക്കപെട്ട നിലയില്‍ പരീക്ഷ പാസായി എന്ന് കരുത്തപ്പെടുന്ന 400 ഓളം ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് – ഭൂരിഭാഗവും മലയാളികള്‍ – എന്‍എംസി വിശദീകരണ കത്തുകള്‍ നല്‍കി എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇത്തരത്തില്‍ കത്ത് ലഭിച്ച മലയാളി നഴ്സ് ആത്മഹത്യ ചെയ്ത സംഭവം എന്‍എംസിയുടെ ശ്രദ്ധയില്‍ പെട്ടതോടെ തുടര്‍ നടപടികള്‍ നിലച്ചിരിക്കുകയാണ്.

എന്നാല്‍ 2022ല്‍ അമേരിക്കയിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്ത 17,000 നഴ്‌സുമാരുടെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് അടുത്ത് വന്ന സാഹചര്യത്തില്‍ അമേരിക്ക തുടര്‍ നടപടികള്‍ വൈകിപ്പിക്കുക ആയിരുന്നു. ട്രംപ് വീണ്ടും അധികാരത്തില്‍ എത്തിയേക്കും എന്ന സാഹചര്യത്തില്‍ വളരെ കരുതലോടെയാണ് അമേരിക്കന്‍ വിദേശ കാര്യ മന്ത്രാലയം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റത്തെ ഏതാനും വര്‍ഷമായി കൈകാര്യം ചെയ്യുന്നത്. വിദേശ നഴ്‌സുമാരെ അധികം ആശ്രയിക്കാത്ത രാജ്യങ്ങളായ ഫിന്‍ലന്‍ഡ്, സ്‌കോട്ലന്‍ഡ് എന്നിവിടങ്ങളില്‍ പോലും കൂടുതലായി വിദേശ നഴ്‌സുമാര്‍ എത്തിയത് അമ്ബരപ്പിക്കുന്നതാണ് എന്നും ഐസിഎന്‍ എടുത്തു കാട്ടുന്നു.

നഴ്‌സുമാരെ മാത്രം ആശ്രയിച്ചു യുകെയില്‍ രണ്ടു ലക്ഷം മലയാളികള്‍, കുടിയേറ്റ നിയന്ത്രണം കേരളത്തിന് പ്രതികൂലമാകും

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം യുകെയില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ നഴ്‌സുമാര്‍ 55,429 പേരാണ്. നഴ്‌സിംഗ് യോഗ്യത ഉണ്ടായിട്ടും യുകെ മാനദണ്ഡം അനുസരിച്ചു നഴ്‌സിങ് രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കാതെ കെയറര്‍ ആയി ജോലി ചെയ്യുന്നവര്‍ പതിനായിരത്തോളവും എന്നത് ഏകദേശ കണക്ക്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് നഴ്‌സുമാരാണ് കെയര്‍ വിസയില്‍ എത്തിയിരിക്കുന്നത്. ഇവരുടെ കാര്യത്തില്‍ കേരള സര്‍ക്കാരില്‍ നിന്നും പോലും കണക്കുകള്‍ ലഭ്യമല്ല. ഇവര്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ റിക്രൂട്ടിങ് രംഗത്തെ ഏജന്‍സികള്‍ എത്തിച്ചവരെ ആശ്രയിച്ചുള്ള കണക്കെടുപ്പ് ആണ് ഇപ്പോള്‍ ആശ്രയം.

ഒരു പ്രമുഖ റിക്രൂട് ഏജന്‍സി മാത്രമായി ആയിരത്തിലേറെ പേരെ ഇത്തരത്തില്‍ എത്തിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരില്‍ ബഹുഭൂരിപക്ഷവും മലയാളികള്‍ ആണെന്ന് ഉറപ്പായതിനാല്‍ ശരാശരി ഒരു നഴ്‌സിനെ ആശ്രയിച്ചു നാല് പേര് യുകെയില്‍ ജീവിക്കുന്നുണ്ട് എന്ന് വ്യക്തമാകുമ്ബോള്‍ ഇവരുടെ മാത്രം എണ്ണം രണ്ടു ലക്ഷം എന്ന നിലയിലേക്ക് ഉയരുകയാണ്. കഴിഞ്ഞ പതിറ്റാണ്ട് വരെ ഏകദേശം ഒന്നര ലക്ഷം മലയാളികളാണ് യുകെയില്‍ എന്ന കണക്കുകള്‍ സൂചിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഏകദേശം അഞ്ചു ലക്ഷം മലയാളികള്‍ ഉണ്ടാകും എന്ന് പറയാന്‍ നഴ്‌സുമാരുടെ മാത്രം കണക്കുകള്‍ മതിയാകും.

അര ലക്ഷത്തിനു മുകളില്‍ കെയറര്‍മാര്‍ വിസ സ്വന്തമാക്കി എത്തിയതില്‍ ഭൂരിഭാഗവും കുടുംബത്തെയും എത്തിച്ചിട്ടുണ്ട്. ഈ കണക്കുകളില്‍ നിന്നും യുകെ മലയാളികളില്‍ ഭൂരിഭാഗവും ജീവിക്കുന്നത് നഴ്‌സുമാരെ ആശ്രയിച്ചാണ് എന്ന് വ്യക്തം. ഇത്രയധികം മലയാളികള്‍ ഒരു തൊഴിലിനെ ആശ്രയിച്ചു മറ്റൊരു രാജ്യത്തുണ്ടാകുമോ എന്ന് വ്യക്തമല്ല. യുകെയ്‌ക്കൊപ്പം അയര്‍ലണ്ടിലെ കണക്കുകളും ഇപ്പോള്‍ ലഭ്യമാണ്.

അവിടെ 15,020 ഇന്ത്യന്‍ നഴ്‌സുമാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ ആശ്രയിച്ചും അരലക്ഷത്തോളം മലയാളികള്‍ ഉണ്ടാകും എന്ന് ഉറപ്പ്. ചുരുക്കത്തില്‍ ഇത്ര ഏറെ മലയാളികളുടെ വിദേശ സ്വപ്നം സാക്ഷാത്കരിച്ച നഴ്‌സിംഗ് മേഖലയിലാണ് ഇപ്പോള്‍ ഒരു നിയന്ത്രിത കുടിയേറ്റമേ അനുവദിക്കാവൂ എന്ന നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയില്‍ പോലും എത്തുന്നത്. ഇതിനു ദൂരവ്യാപക പ്രത്യാഘാതം നേരിട്ട് സൃഷ്ടിക്കുക കേരളത്തില്‍ തന്നെയാകും എന്ന് വ്യക്തം.

ഉറപ്പിക്കാം, നഴ്‌സിംഗ് പഠനത്തിന്റെ ഗ്ലാമര്‍ കുറയും 

ചുരുക്കത്തില്‍ അന്താരാഷ്ട്ര രംഗത്ത് ആരോഗ്യ രംഗത്ത് ഉരുണ്ടു കൂടുന്ന സമ്മര്‍ദം നഴ്‌സിംഗ് പഠനത്തിന്റെ ഗ്ലാമര്‍ കുറയ്ക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നത് പോലെ നഴ്‌സിംഗ് പാസായാല്‍ ഉടന്‍ വിദേശ ജോലി എന്ന സാഹചര്യത്തിന് നിശ്ചയമായും കടിഞ്ഞാണ്‍ വീഴുകയാണ്. ആയിരക്കണക്കിന് നഴ്‌സുമാര്‍ക്ക് വിദേശത്ത് അവസരം ഒരുങ്ങിയ സാഹചര്യത്തിന് ബദലായി നൂറുകണക്കിന് എന്ന നിലയിലേക്ക് വിദേശ റിക്രൂട്മെന്റ് ചുരുങ്ങും.

വിദേശ നഴ്‌സുമാരെ ആശ്രയിക്കുന്ന പരിപാടി അവസാനിപ്പിക്കാന്‍ ബ്രിട്ടന്‍ അടക്കമുള്ള എല്ലാ രാജ്യങ്ങളും ശ്രമം തുടങ്ങിക്കഴിഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തില്‍ 60,000 നഴ്‌സുമാരെ സ്വന്തം നാട്ടില്‍ പരിശീലിപ്പിച്ചെടുക്കണം എന്നാണ് ബ്രിട്ടന്‍ പ്ലാന്‍ ചെയ്യുന്നത്. 2022ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 54 ശതമാനം വര്‍ധനയാണിത്. ഈ ടാര്‍ജറ്റ് തികയ്ക്കാന്‍ നഴ്‌സിംഗ് പഠനത്തിന് കൂടുതല്‍ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഒരുക്കുന്ന പതിവ് രാജ്യമൊട്ടാകെ നടപ്പിലായേക്കും.

ഇപ്പോള്‍ വെയ്ല്‍സില്‍ നല്‍കുന്ന സൗജന്യ സ്‌കോളര്‍ഷിപ്പ് രാജ്യമൊട്ടാകെ വ്യാപിപ്പിച്ചാലും അതിശയിക്കാനില്ല. ഇതെല്ലാം വെളിപ്പെടുത്തുന്നത് വിദേശ രാജ്യം സ്വപ്നം കണ്ടു നഴ്‌സിംഗ് പഠിക്കാന്‍ ഇറങ്ങി പുറപ്പെടുന്ന മലയാളി യുവത്വത്തിന്റെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്ന സാഹചര്യം തന്നെയാണ്. നിലവിലെ അവസ്ഥയില്‍ നഴ്‌സിംഗ് മേഖലയുടെ ഗ്ലാമര്‍ കുറയുകയാണ്, വിദേശ ജോലി എന്ന ആകര്‍ഷണം കുറയുന്നതോടെ വീണ്ടും നഴ്‌സിംഗ് പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ മടിച്ചേക്കും. അവസരം മുതലാക്കാന്‍ തയ്യാറായി നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കാന്‍ തയ്യാറായ സര്‍ക്കാര്‍ – സ്വകാര്യ മേഖലയ്ക്കും മുന്നില്‍ എത്തുന്നത് നിരാശയുടെ വര്‍ഷങ്ങളാണ്. ഒരു കയറ്റത്തിന് ഒരിറക്കം സ്വാഭാവികം എന്ന തിയറി തന്നെയാണ് ഇപ്പോള്‍ ലോക ആരോഗ്യ രംഗത്തും നിന്നും എത്തുന്ന ലേറ്റസ്റ്റ് ട്രെന്‍ഡ് എന്ന് വ്യക്തമാക്കുകയാണ് ഐസിഎന്‍, യുഎന്‍ റിപ്പോര്‍ട്ടുകള്‍.