
തിരുവനന്തപുരം: അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ സൂചനാ പണിമുടക്ക് നടത്തും. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) നേതൃത്വത്തിലാണ് സമരം. ആശുപത്രികളിലെ ജീവനക്കാരില്‍ ഏകദേശം മൂന്നില്‍ ഒരുഭാഗം നാളെ ജോലിക്ക് ഹാജരാകുകയും ബാക്കിയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുകയും ചെയ്യും.
നഴ്സുമാരുടെ ശമ്പളവര്‍ധനവിനായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് യുഎൻഎ ദേശീയ അധ്യക്ഷന്‍ ജാസ്മിന് ഷാ അറിയിച്ചു. സൂചനാ പണിമുടക്കിന് പിന്നാലെ കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ അവകാശ പ്രഖ്യാപന സമ്മേളനവും നാളെ നടക്കും.
നിലവില്‍ സ്വകാര്യ ആശുപത്രികളിലെ ഏറ്റവും കുറഞ്ഞ വേതനം ഏകദേശം 20,000 രൂപയാണെന്നും വര്‍ഷങ്ങളായി ശമ്പളപരിഷ്കരണം നടന്നിട്ടില്ലെന്നും സംഘടന ആരോപിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


