
കുവൈറ്റിൽ ജോലിയ്ക്ക് മാന്യമായ ശമ്പളം ആവശ്യപ്പെട്ട നഴ്‌സുമാരെ ദിവസങ്ങളോളമായി പൂട്ടിയിട്ട് ആശുപത്രി മാനേജ്‌മെന്റ്; ശമ്പളമില്ലാതെ ജോലി ചെയ്യണമെന്നാവശ്യപ്പെട്ട് ഭീഷണിയും തുടരുന്നു; കുടുങ്ങിയത് പത്തനംതിട്ട സ്വദേശിയുടെ റിക്രൂട്ടിംഗ് ഏജൻസി വഴി വന്ന നേഴ്സുമാർ
തേർഡ് ഐ ബ്യൂറോ
കുവൈറ്റ്: മാന്യമായ ശമ്പളവും ആനൂകൂല്യങ്ങളും ആവശ്യപ്പെട്ട മലയാളികളായ 150 ഓളം നഴ്‌സുകാരെ കുവൈറ്റിൽ പൂട്ടിയിട്ടു. നഴ്‌സുമാരെ പുറത്തു വിടണമെന്നാവശ്യപ്പെട്ട് മലയാളികളുടെ വിവിധ സംഘടനകൾ പ്രശ്‌നത്തിൽ ഇടപെട്ടിട്ടും നടപടികൾ ഉണ്ടായിട്ടില്ല. മലയാളികളും നേപ്പാളികളും അടങ്ങുന്ന നഴ്‌സുമാരുടെ സംഘമാണ് മാനസികമായി പീഡനം നേരിടുന്നത്. പത്തനംതിട്ട റാന്നി സ്വദേശിയായ കെ.ടി മാത്യു നടക്കുന്ന അൽ – ഈസാ (വേർട്ടസ്) എന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് സ്ഥാപനം വഴിയാണ് ഇവർ കുവൈറ്റിൽ എത്തിയത്.
അൽ- ഈസാ കമ്പനിയുടെ പബ്ലിക്ക് അതോറിറ്റി പ്രോജക്ട് വിസയിലാണ് ഈ നഴ്‌സുമാർ കുവൈറ്റിൽ എത്തിയത്. കഴിഞ്ഞ 12 വർഷത്തോളമായി ഇവർ ഇവിടെ വിവിധ പ്രോജക്ടുകളിൽ ജോലി ചെയ്യുന്നുണ്ട്. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന രോഗികളെ പരിചരിക്കുകയാണ് ഇവരുടെ ജോലി. മൂന്നു ഷിഫ്റ്റുകളിലും ഇത് കൂടാതെ ഓവർടൈം ആയും, ഇവർ ജോലി ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014 വരെ ഇവർ 75 ദിനാർ ശമ്പളത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അതിന് ശേഷം കമ്പനി സാലറി കൂട്ടി 156 ദിനാർ ആക്കുകയും ചെയ്തു. ബേസിക് സാലറി 105 ഉം, ആഹാരവും താമസവും ഗതാഗതത്തിനും മാസത്തിൽ നാല് ഓഫിനും കൂടി 51 ദിനാറിനുമായിരുന്നു ധാരണ. പക്ഷേ, മാസത്തിൽ നാല് ഓഫ് എടുത്താൽ ശമ്പളം കട്ട് ചെയ്ത് 140 ദിനാറാണ് ലഭിച്ചിരുന്നതെന്നു നഴ്‌സുമാർ പറയുന്നു. ഇതേ തുടർന്നു ഈ ശമ്പളത്തിൽ ജോലി ചെയ്യാൻ താല്പര്യമില്ലെന്നു കമ്പനിയെ നഴ്‌സുമാർ അറിയിച്ചു. ഇതേ തുടർന്നു, സ്റ്റാഫിനെ എല്ലാവരെയും കമ്പനിയുടെ പ്രധാന ഓഫിസ് പ്രവർത്തിക്കുന്ന ഷുവൈയ്ക്കിലേയ്ക്കു വിളിപ്പിക്കുകയായിരുന്നു.
ഇതിനു ശേഷം ഇവിടെ വച്ച് മാനസികമായ പീഡനമാണ് നേരിടേണ്ടി വന്നത്. വിസ പുതുക്കുന്നതിനു വേണ്ടി 200 ദിനാർ ഓരോരുത്തരിൽ നിന്നും ഈടാക്കുകയും ചെയ്തിരുന്നു. ഇതിന് ആവശ്യമായ രേഖകളോ രസീതുകളോ നൽകുകയും ചെയ്തിരുന്നില്ല. ഇതിനു ശേഷവും സാലറിയുടെ കാര്യത്തിൽ 166 ദിനാറാക്കി നിലനിർത്തുകയായിരുന്നു.
കൊവിഡ് സമയത്ത് 12 മണിക്കൂറോളം ജോലി ചെയ്തിട്ടും എട്ടു മണിക്കൂറിന്റെ സാലറി മാത്രമാണ് നൽകിയതെന്നു നഴ്‌സുമാർ പരാതിപ്പെടുന്നു. ഇത് കൂടാതെ കൊവിഡ് സമയത്ത് നഴ്‌സുമാരെയും രോഗികളെയും ഒന്നിച്ചു താമസിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്നു പല നഴ്‌സുമാർക്കും കൊവിഡ് പോസിറ്റീവ് ആകുകയും ചെയ്തു. അടിസ്ഥാന സൗകര്യം പോലും ഇവിടെ ഒരുക്കാതെ വന്നതോടെ നഴ്‌സുമാർ കടുത്ത മാനസിക സമ്മർദത്്തിലായിരുന്നു.
ഇതിനിടെ അറബിയിലുള്ള പേപ്പറുകളിൽ ഇവർ നഴ്‌സുമാരെക്കൊണ്ട് ഒപ്പിടുവിയ്ക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ എ.ടിഎം കാർഡ് അടക്കം പിടിച്ചു വയ്ക്കുകയും, ഓവർടൈം അലവൻസ് അടക്കം റദ്ദ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. ഇതിന്റെ എല്ലാം പേരിൽ പ്രോജക്ട് മാനേജരും സൈറ്റ് മാനേജരും ചേർന്നു കഴിഞ്ഞ ദിവസം മിനിസ്ട്രിയ്ക്ക് എതിരെ നഴ്‌സുമാരെക്കൊണ്ടു സമരം ചെയ്യിപ്പിച്ചു. ഇതിനോടൊപ്പം കമ്പനിയെ നഴ്‌സുമാരുടെ ആവശ്യങ്ങൾ ധരിപ്പിക്കുമെന്നും ഇവർ ബോധിച്ചിച്ചു.
ഇതിനിടെ ഞങ്ങളുടെ ആവശ്യങ്ങൾ കമ്പനി അംഗീകരിക്കാത്തത് മൂലം രണ്ടു ദിവസമായി ഇവർ ഡ്യൂട്ടിയ്ക്ക് ഇറങ്ങിയിട്ടില്ല. ഇതോടെയാണ് കമ്പനിയുടെ അധികൃതർ ഇവരെ താമസ സ്ഥലത്ത് ഇപ്പോൾ പൂട്ടിയിട്ടിരിക്കുന്നത്. ഇതിനിടെ പരാതികൾ പരിഹരിക്കുന്നതിനു കുവൈറ്റിലുള്ള അധികൃതരുടെ സൂണിൽ നിന്നെന്ന പേരിൽ രണ്ടു പേരെ നഴ്‌സുമാർ താമസിക്കുന്ന കേന്ദ്രത്തിൽ എത്തിച്ചു. ഇവർ ഡ്യൂട്ടിയ്ക്കിറങ്ങിയില്ലെങ്കിൽ നഴ്‌സുമാരെ പിരിച്ചു വിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. എഴു ദിവസത്തിനുള്ളിൽ ജോലിയ്ക്കിറങ്ങിയില്ലെങ്കിൽ പിരിച്ചു വിടുമെന്നാണ് ഇപ്പോൾ ഉയർത്തുന്ന ഭീഷണി. ഇതോടെ നഴ്‌സുമാർ ഭയത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നഴ്‌സുമാർ കത്ത് നൽകിയിട്ടുണ്ട്. സംഭവത്തിൽ വിവിധ മലയാളി സംഘടനകളും ഇപ്പോൾ ഇടപെട്ടിട്ടുണ്ട്.