തട്ടിപ്പുകാർ അതിവേഗം ; ക്യാമറാ കണ്ണുകളിൽ പതിയാതിരിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ എൽ.ഇ.ഡി ബൾബുകൾ
സ്വന്തം ലേഖകൻ
പാറശ്ശാല: തട്ടിപ്പുകാർ അതിവേഗം.രാത്രി കാലങ്ങളിൽ അമിതവേഗതയിൽ കടന്നുപോകുന്ന സ്വകാര്യ ട്യൂറിസ്റ്റ് ബസുകൾ ക്യാമറക്കണ്ണുകളെ കബളിപ്പിക്കുന്നതിനായി പുതുതന്ത്രമാണ് പുറത്തെടുത്തിരിക്കുന്നത്. അമിതവേഗം പിടികൂടുന്നതിനായി റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെ കബളിപ്പിച്ചാണ് ഇവർ പിഴയിൽനിന്ന് ഒഴിവാകുന്നത്.
നമ്പർ പ്ലേറ്റുകൾക്കു സമീപത്തായി ലൈറ്റുകൾ സ്ഥാപിച്ചാണ് ക്യാമറക്കണ്ണുകളെ കബളിപ്പിക്കുന്നത്. വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ടൂറിസ്റ്റ് ബസുകളാണ് ഇത്തരത്തിൽ അനധികൃതമായി ലൈറ്റുകൾ നമ്പർ പ്ലേറ്റുകൾക്കു സമീപത്തും പ്ലേറ്റുകളിലുമായി ഘടിപ്പിച്ചിട്ടുള്ളത്. രാത്രികാലത്ത് ഈ ലൈറ്റുകൾ പ്രവർത്തിപ്പിച്ചു കഴിഞ്ഞാൽ ഇവയിൽനിന്നുള്ള തീവ്രപ്രകാശം കാരണം ക്യാമറയുടെ സെൻസറുകൾക്കു വാഹനത്തിന്റെ നമ്പർ വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോ എടുക്കാൻ സാധിക്കാതെ വരും. വാഹനത്തിന്റെ നമ്പർ പ്ലേറ്റുകളിൽനിന്നു വെള്ളനിറത്തിലുള്ള പ്രകാശം മാത്രമായിരിക്കും പ്രതിഫലിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഹനത്തെ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ പൊലീസിനോ ആർ.ടി.ഒ. അധികൃതർക്കോ ട്രാഫിക് നിയമലംഘനങ്ങൾക്കു പിഴയീടാക്കാൻ സാധിക്കില്ല. വാഹനത്തിന്റെ പിന്നിലെ നമ്പർ പ്ലേറ്റിനുള്ളിലാണ് ഇത്തരം എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിച്ചിട്ടുള്ളതെങ്കിൽ വാഹനത്തിന്റെ മുന്നിൽ നമ്ബർ പ്ലേറ്റുകൾക്ക് ഇരുവശത്തുമാണ് സ്ഥാപിച്ചിട്ടുള്ളത്. നമ്പർ പ്ലേറ്റിന്റെ ഓരോ വശത്തും രണ്ടുവീതം ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയിൽ പലതും അധിക പ്രകാശം പുറത്തേക്കു വിടുന്ന ഹൈബീം ലൈറ്റുകളാണ്. ഇത് ക്യാമറക്കണ്ണുകളെ കബളിപ്പിക്കുന്നതിനോടൊപ്പംതന്നെ എതിർവശത്തുനിന്നുവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കാഴ്ച മങ്ങിപ്പിക്കുന്നതുമാണ്. ഇത് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. ഇത്തരം ഹൈബീം ലൈറ്റുകൾ മോട്ടോർ വാഹന വകുപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇവ കണ്ടെത്തിയാൽ പിഴ ഈടാക്കുക മാത്രമാണ് നിലവിൽ ചെയ്തുവരുന്നത്. പിഴ അടച്ച് വീണ്ടും ഇത്തരം ലൈറ്റുകൾ സ്ഥാപിച്ചുതന്നെ വാഹനങ്ങൾ സർവീസ് നടത്തുകയാണ് പതിവ്.