ഹിന്ദു ഐക്യം പൊളിച്ചടുക്കി പിണറായിയുടെ കുതന്ത്രം: എൻഎസ്എസിലും എസ്എൻഡിപിയിലും വിള്ളൽ; പിള്ളയും വെള്ളാപ്പള്ളിയും പിണറായിയുടെ തന്ത്രത്തിൽ കുടുങ്ങി
പൊളിറ്റിക്കൽ ഡെസ്‌ക്
ചങ്ങനാശേരി: ശബരിമല വിഷയത്തിലുണ്ടായ ഹിന്ദു ഐക്യം പൊളിച്ചടുക്കി പിണറായിയുടെ കുതന്ത്രം. വനിതാ മതിൽ പടുത്തുയർത്തിയതോടെ ഹിന്ദു സമുദായങ്ങളിൽ കടുത്ത വിള്ളലാണ് ഇപ്പോൾ പിണറായി വിജയൻ സൃഷ്ടിച്ചിരിക്കുന്നത്. കെപിഎംഎസും എസ്എൻഡിപിയും ഹിന്ദു ഐക്യം വിട്ട് പുറത്തു വന്നതിനു പിന്നാലെ എൻഎസ്എസിനെ പിളർത്തി ബാലകൃഷ്ണപിള്ളയെയും പിണറായി ഇടതു മുന്നണിയിൽ എത്തിച്ചു. മതിലിൽ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ച പിള്ള സുകുമാരൻ നായരുടെ വിലക്കിനെയും വെല്ലുവിളിച്ചിരിക്കുകയാണ്.
എൻ.എസ്.എസിന്റെ സമദൂര നിലപാട് മാറ്റാനാവില്ലെന്നും സുകുമാരൻ നായർക്ക് ആരെ വേണമെങ്കിലും സ്വന്തം നിലയ്ക്ക് പിന്തുണയ്ക്കാമെന്നും കേരള കോൺഗ്രസ്-ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള അയ്യപ്പജ്യോതി നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. പിള്ള ഗ്രൂപ്പിന്റെ ഇടതുമുന്നണി പ്രവേശനം പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ദൃശ്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പിള്ളയുടെ വിമർശനം. ചട്ടമ്ബിസ്വാമിയുടെയും മന്നത്തിന്റെയും കെ. കേളപ്പന്റെയും പാരമ്ബര്യം സമുദായനേതൃത്വം മറക്കരുത്. താൻ എൻ.എസ്.എസിൽ തുടരുമെന്നും വനിതാമതിലിൽ കരയോഗ അംഗങ്ങളും പങ്കെടുക്കുമെന്നും പിള്ള വ്യക്തമാക്കി.
അതേസമയം, കുടുംബത്തിൽ പിറന്ന യുവതികൾ ശബരിമലയിൽ പോകില്ലെന്ന് പറഞ്ഞ് യുവതീപ്രവേശനത്തിലുള്ള വിയോജിപ്പും പിള്ള ആവർത്തിച്ചു. അയ്യപ്പജ്യോതിക്കൊപ്പമില്ലെന്നും വനിതാമതിലിനൊപ്പമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മന്ത്രി പദവി ആവശ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൻ.സി.പിയുമായി ലയന ചർച്ച തുടരണോ എന്നതിലടക്കം കേരള കോൺഗ്രസ്-ബി തീരുമാനം ജനുവരി 10ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകും.