വർഗസമരമില്ല: വർഗീയത മാത്രം; എല്ലാ വർഗീയ പാർട്ടികളെയും ഒപ്പം കൂടി യുഡിഎഫിന്റെ ബി ടീമായി ഇടതു മുന്നണി; സ്വന്തം ആരോപണങ്ങളെല്ലാം തൊണ്ട തൊടാതെ വിഴുങ്ങി പിണറായിയും കൂട്ടരും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വർഗസമരവും കൊളോണിയലിസ്റ്റ് ചിന്താ സരണികളും എല്ലാം പാളയത്തിൽ ഒളിപ്പിച്ച് സിപിഎമ്മും ഇടതു മുന്നണിയും പൂർണമായും വർഗീയതയ്ക്ക് കീഴടങ്ങുന്നു. കൈക്കൂലിക്കേസിൽ സംസ്ഥാനത്ത് ആദ്യമായി ജയിലിൽ കിടന്ന തനി നായർ മാടമ്പിയായ ആർ.ബാലകൃഷ്ണപിള്ളയെയും, സ്ത്രീ പീഡനക്കേസിലും ഭാര്യയെ ആക്രമിച്ച കേസിലും കുടുങ്ങിയ മകൻ ഗണേഷ്‌കുമാറിനെയും ഒപ്പം കൂട്ടിയ ഇടതു മുന്നണി കടുത്ത വർഗീയ വാദികളായ ഐഎൻഎല്ലിനെയും പാളയത്തിലെത്തിച്ചിരിക്കുകയാണ്.
ബാബറി മസ്ജിദ് പൊളിഞ്ഞു വീണപ്പോൾ മുസ്ലിം ലീഗ് തീവ്ര ഇടപെടൽ നടത്തിയില്ലെന്നാരോപിച്ചാണ് 1994-ൽ ഇബ്രാഹിം സുലൈമാൻ സേഠ് ഐഎൻഎല്ലിനു രൂപം നൽകുന്നത്. പരസ്യമായി ഒരു മു്ന്നണിയുടെയും ഭാഗമാകാതിരുന്ന ഐഎൻഎൽ ഇടത്തേയ്ക്ക് എന്നും മുസ്ലീം വോട്ടുകൾ എത്തിക്കുന്നതിൽ നിർണ്ണായകമായ തീരുമാനങ്ങളാണ് എടുത്തിരുന്നത്. മറ്റെല്ലാം പാർട്ടികളും അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി കളിച്ചപ്പോഴും ഒരുഘട്ടത്തിലും ചാഞ്ചാട്ടമില്ലാതെ ഇടതുമുന്നണിക്ക് ഒപ്പംനിന്നു. കാൽനൂറ്റാണ്ട് കാലം ഒപ്പം നിന്ന ഐഎൻഎല്ലിനു ഒടുവിൽ ഇടതു മുന്നണി അംഗീകാരം നൽകിയിരിക്കുകയാണ്. പക്ഷേ, ഇത് ശബരിമലയിൽ വർഗീയ വിവാദവും വികാരവും ആളിക്കത്തിയ കാലത്താണെന്ന് മാത്രം.
യുഡിഎഫിന്റെ വർഗ്ഗീയ പ്രീണനത്തെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഇടതു പക്ഷവും ശ്രമം തടുങ്ങുന്നു. ഒരുകാലത്ത് ഇടതുമുന്നണിയുടെ മുഖമായിരുന്ന എംപി. വീരേന്ദ്രകുമാർ എംപി. മുന്നണിയുടെ തുടക്കത്തിൽ ഒപ്പമുണ്ടായിരുന്ന ആർ ബാലകൃഷ്ണപിള്ളയും തിരിച്ചെത്തുന്നുവെന്നതാണ് പ്രധാനം. ഇതിൽ വീരന്റെ വരവിൽ പോലും ശബരിമല ഇഫക്ടുണ്ടെന്നതാണ് വസ്തുത. ഫ്രാൻസിസ് ജോർജിന് തുണയാകുന്നതും അയ്യപ്പഭക്തരുടെ സർക്കാരനെതിരായ പ്രതിഷേധങ്ങൾ തന്നെ.
ഘടകകക്ഷിയെന്ന നിലയിൽ ഐ.എൻ.എല്ലിലുണ്ടാക്കുന്ന മാറ്റം മുസ്ലിം വിഭാഗത്തിനുള്ളിൽ പിന്തുണ കൂട്ടാൻ വഴിയൊരുക്കുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. ബാലകൃഷ്ണപിള്ളയിലൂടെ നായർ വിഭാഗത്തിലും സ്വാധീനം വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസിലൂടെ ക്രൈസ്തവ വോട്ടുകളും സിപിഎം ലക്ഷ്യമിടുന്നു. ശബരിമല വിഷയത്തോടെ കേരളം മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ധ്രൂവീകരണത്തിലേക്ക് പോകുമെന്ന് സിപിഎം ഭയക്കുന്നു. മുസ്ലിംലീഗിലൂടെ മുസ്ലീവോട്ടുകളും കേരളാ കോൺഗ്രസിലൂടെ ക്രൈസ്തവ വോട്ടുകളും യുഡിഎഫിലേക്ക് ഒഴുകും. ഇത് പിടിച്ചു നിർത്താനാണ് ഐഎൻഎല്ലും ജനാധിപത്യ കേരളാ കോൺഗ്രസും. മാതൃഭൂമിയുടെ വാർത്ത എഴുത്ത് അനുകൂലമാക്കാൻ വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റുകളെ സിപിഎം ലക്ഷ്യമിടുന്നത്. അങ്ങനെ പത്ത് പാർട്ടികളുള്ള മതേതര മുന്നണിയായി ഇടതുപക്ഷത്തെ സിപിഎം വളർത്തുന്നത് മതേതരത്തിന് അപ്പുറം മത-സാമുദായിക സംവിധാനങ്ങൽ അനുകൂലമാക്കാനാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരിക്കൽ എൽ.ഡി.എഫിന്റെ ഭാഗമായിരുന്നു ആർ ബാലകൃഷ്ണപിള്ള. 1980-ൽ നായനാർ മന്ത്രിസഭയിൽ അദ്ദേഹം അംഗവുമായിരുന്നു. 1982-ൽ ഇടതുബന്ധം മതിയാക്കി യു.ഡി.എഫിന്റെ ഭാഗമായി. 2015-ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ അവസാനംവരെ ഇണങ്ങിയും പിണങ്ങിയും ഈ ബന്ധം തുടർന്നു. തനിക്കും പാർട്ടിക്കും അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് പിള്ള മുന്നണി വിട്ടു. 2016-ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കൊപ്പം ചേർന്നു. കെ.ബി. ഗണേശ് കുമാർ എംഎൽഎ. ആയി. പിള്ളയ്ക്ക് കാബിനറ്റ് റാങ്കോടുകൂടി മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ലഭിച്ചുവെന്നതല്ലാതെ ഘടകകക്ഷിയാക്കിയില്ല. എൻ.എസ്.എസിന്റെ കടുത്ത എതിർപ്പ് അവഗണിച്ചും ഇടതിനൊപ്പം നിന്നതാണ് പിള്ളയ്ക്ക് ഇപ്പോൾ അനുകൂലമായത്. അഴിമതിക്കേസിൽ ശിക്ഷ അനുഭവിച്ച കേരളത്തിലെ ഏക നേതാവുമാണ് പിള്ള. വി എസ് അച്യുതാനന്ദന്റെ നിയമപോരാട്ടമാണ് പിള്ളയെ തടവറയിൽ എത്തിച്ചത്. അത്തരത്തിലൊരു നേതാവിലൂടെ നായർ വോട്ടുകളെ അടുപ്പിക്കാനാണ് സിപിഎം തന്ത്രം.
ആന്റണി രാജു, ഫ്രാൻസിസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം കേരള കോൺഗ്രസ് വിട്ട് രൂപവത്കരിച്ച പാർട്ടി. തുടക്കംമുതൽ ഇടതുമുന്നണിയുമായി സഹകരിച്ച ജനാധിപത്യ കേരളകോൺഗ്രസിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരിടത്തു പോലും ജയിക്കാനായില്ല. ഇടത് തരംഗം ആഞ്ഞെടിച്ചിട്ടും ദയനീയ പരാജയമാണ് അവർ ഏറ്റുവാങ്ങിയത്. ഇതോടെ ഇടതുമുന്നണി ഫ്രാൻസിസ് ജോർജിനെ കൈവിടുമെന്ന് ഏറവും കരുതി. എന്നാൽ ശബരിമല പ്രശ്നത്തിലൂടെ മധ്യ തിരുവിതാകൂരിലെ ക്രൈസ്തവ വോട്ടുകൾ അടുപ്പിക്കേണ്ടതിന്റെ പ്രാധാന്യം സിപിഎമ്മിന് അറിയാം. കേരളാ കോൺഗ്രസ് മാണി ഇടതുപക്ഷത്ത് വരില്ലെന്ന് ഉറപ്പായതു കൊണ്ട് കൂടിയാണ് ഈ നീക്കം.
ഈ നാലുപാർട്ടികൾകൂടി മുന്നണിയിലെത്തുന്നതോടെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് എല്ലാ മേഖലകളിലും ഇടത് അടിത്തറ വിപുലപ്പെടുമെന്നതുറപ്പാണ്. ശബരിമലപ്രശ്നവും ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നണിക്കുമുമ്ബിൽ വെല്ലുവിളിയായി നിൽക്കുമ്‌ബോൾ എല്ലാവിഭാഗക്കാരുടെയും പിന്തുണ എൽ.ഡി.എഫിന് അനിവാര്യവുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും പ്രധാനമെന്ന തിരിച്ചറിവിലാണ് എൽഡിഎഫിന്റെ മുന്നണി വിപുലീകരണം. 6 പാർട്ടികളുണ്ടായിരുന്ന എൽഡിഎഫ് ഒറ്റയടിക്ക് 4 പാർട്ടികളെ കൂട്ടി വലുതാക്കിയപ്പോൾ വോട്ടിനെ കുറിച്ച് മാത്രമേ സിപിഎം ചിന്തിച്ചുള്ളൂ. മാവേലിക്കരയിലും കൊല്ലത്തും കേരള കോൺഗ്രസ് ബി, ഇടുക്കി, കോട്ടയം സീറ്റുകളിൽ ജനാധിപത്യ കേരള കോൺഗ്രസ്, വടകരയിലും കോഴിക്കോടും ലോക്താന്ത്രിക് ദൾ, കണ്ണൂരും കാസർകോടും ഐഎൻഎൽ എന്നിങ്ങനെ സ്വാധീന മണ്ഡലങ്ങളിൽ ഇവർക്കുള്ള വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഉറപ്പിക്കുകയാണ് ഉന്നം.
പാലക്കാട്ടെ സിപിഎം സംസ്ഥാന സമ്മേളനത്തിലെ വിഎസിന്റെ വെട്ടിനിരത്തലിന് ഊർജം നൽകിയത് ഐഎൻഎൽ ബന്ധത്തോടുള്ള എതിർപ്പായിരുന്നുവെങ്കിൽ ഇന്നിപ്പോൾ അവർ എൽഡിഎഫ് ഘടകകക്ഷിയായി. മുസ്ലിം ലീഗിൽ നിന്നു വഴിപിരിഞ്ഞതിനാലും പേരിൽ ‘ലീഗ്’ ഉള്ളതിനാലും ഇവർ വർഗീയ പാർട്ടിയാണോയെന്ന സംവാദം പൊളിറ്റ്ബ്യൂറോ വരെ നീണ്ടിരുന്നു. ആർ ബാലകൃഷ്ണ പിള്ളയെ എൽഡിഎഫിലെടുക്കാൻ തീരുമാനിച്ച ഇന്നലത്തെ യോഗത്തിൽ എന്തായാലും വി എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നില്ല. പിള്ളയ്ക്കെതിരായ അഴിമതിക്കേസുകൾ രാഷ്ട്രീയമായി ഉപയോഗിച്ചവർ തന്നെ അദ്ദേഹത്തെ മുന്നണിയുടെ നേതാവാക്കി എന്നതാണ് വസ്തുത. ഇടതുമുന്നണി ഇതോടെ കേരള കോൺഗ്രസുകളുടെ കൂടാരമായി മാറി. ലയനനീക്കങ്ങൾക്ക് സിപിഎം തന്നെ നിർദ്ദേശിച്ചിരുന്നുവെങ്കിലും അടുപ്പത്തെക്കാൾ, അകൽച്ചയാണ് ഇവർക്കിടയിലെന്നതു തടസ്സമായി. നിയമസഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റ് കിട്ടി നാലിലും തോറ്റ ജനാധിപത്യ കേരള കോൺഗ്രസിന് ഇതു പുനർജന്മമമാണ്.