രണ്ടായിരത്തിന്റെ നോട്ട് കളർ ഫോട്ടോസ്റ്റാറ്റെടുത്ത് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
കായംകുളം: രണ്ടായിരത്തിന്റെ നോട്ട് കളർ ഫോട്ടോസ്റ്റാറ്റെടുത്ത് തട്ടിപ്പുനടത്തിയ യുവാവ് അറസ്റ്റിൽ. ഓലകെട്ടിയമ്പലം പുളിമൂട്ടിൽ അനുവർഗീസി (31)നെയാണ് കായംകുളം പോലീസ് അറസ്റ്റു ചെയ്തത്. വിദേശത്തു ജോലിനോക്കുന്ന അനു ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. ഇയാളുടെ വീട്ടിൽനിന്ന് നോട്ടിന്റെ പകർപ്പ് എടുക്കാൻ ഉപയോഗിച്ച യന്ത്രവും അതുപയോഗിച്ചെടുത്ത വ്യാജ 2000, 500, 200 നോട്ടുകളും കണ്ടെടുത്തു. നോട്ടിന്റെ ഇരുപുറവും കൃത്യമായി ഫോട്ടോസ്റ്റാറ്റ് എടുത്തശേഷം കത്രികകൊണ്ട് മുറിച്ചെടുത്താണ് വ്യാജ നോട്ട് ഉണ്ടാക്കിയത്.
ഇതര സംസ്ഥാനക്കാരായ നാടോടി കച്ചവടക്കാരേയാണ് പ്രധാനമായും ഇയാൾ കള്ളനോട്ട് നൽകി കബളിപ്പിച്ചിരുന്നത്. മൂന്നു ദിവസം മുൻപ് രണ്ടായിരത്തിന്റെ കള്ളനോട്ട് കൃഷ്ണപുരം ദേശീയപാതയോരത്തുള്ള ഇതര സംസ്ഥാന കച്ചവടക്കാരന് നൽകി ചെറിയ തുകയ്ക്ക് സാധനം വാങ്ങി. ബാക്കി തുകയുടെ നല്ല നോട്ടും വാങ്ങി സ്ഥലംവിട്ടു. ബലൂൺ കച്ചവടം നടത്തുന്ന രാജസ്ഥാൻ സ്വദേശിയായ കച്ചവടക്കാരനാണ് തട്ടിപ്പിന് ഇരയായത്. ഇവർ സമീപമുള്ള വ്യാപാര സ്ഥാപനത്തിൽ സാധനം വാങ്ങാനായി ഈ നോട്ട് നൽകിയപ്പോഴാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. തിങ്കളാഴ്ചയും കള്ളനോട്ടുമായി ഇതേസ്ഥലത്ത് എത്തിയപ്പോഴാണ് അനുവിനെ തടഞ്ഞുനിർത്തി പോലീസിൽ ഏൽപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group