
തിരുവനന്തപുരം: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ) അബുദാബി കേന്ദ്രമായുളള ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് സ്റ്റാഫ്നഴ്സ് (പുരുഷൻ) 50 ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
നഴ്സിങില്‍ ബി.എസ്.സി അല്ലെങ്കില്‍, പോസ്റ്റ് ബേസിക് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും എമർജൻസി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ബി.എല്‍.എസ് (ബേസിക് ലൈഫ് സപ്പോർട്ട്), എ.സി.എല്‍.എസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്), മെഡിക്കല്‍ നഴ്സിംങ് പ്രാക്ടിസിംഗ് യോഗ്യതയും വേണം. വിശദമായ CV യും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകള്‍ സഹിതം www.norkaroots.kerala.gov.in, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍ സന്ദർശിച്ച് 2026 ജനുവരി 10 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.
അബുദാബി ആരോഗ്യ വകുപ്പിന്റെ (DOH) മെഡിക്കല്‍ പ്രാക്ടിസിംഗ് ലൈസൻസ് (രജിസ്ട്രേഡ് നഴ്സ്) ഉളളവർക്ക് മുൻഗണന ലഭിക്കും. അല്ലാത്തവർ നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനകം പ്രസ്തുത യോഗ്യത നേടേണ്ടതാണ്. അബുദാബിയിലെ വിവിധ മെയിൻലാൻഡ് ക്ലിനിക്കുകള്‍ (ആഴ്ചയില്‍ ഒരു ദിവസം അവധി) ഇൻഡസ്ട്രിയല്‍ റിമോട്ട് സൈറ്റ്, ഓണ്‍ഷോർ (മരുഭൂമി) പ്രദേശം, ഓഫ്ഷോർ, ബാർജ്/ദ്വീപുകളിലെ ക്ലിനിക്കുകളില്‍ സൈക്കിള്‍ റോട്ടേഷൻ വ്യവസ്ഥയില്‍ പരമാവധി 120 ദിവസം വരെ ജോലിയും 28 ദിവസത്തെ അവധിയും ലഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
5,000 ദിർഹം ശമ്പളവും, ഷെയേർഡ് ബാച്ചിലർ താമസം, ആരോഗ്യ ഇൻഷുറൻസ്, അവധി ആനുകൂല്യങ്ങള്‍, രണ്ടു വർഷത്തിലൊരിക്കല്‍ നാട്ടിലേയ്ക്കുളള വിമാനടിക്കറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്ബറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബല്‍ കോണ്ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.



