കൊറോണയെ നേരിടാൻ 1.70 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം: അടുത്ത മൂന്ന് മാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ, ധാന്യം, പയർ വർഗങ്ങൾ; പാവങ്ങൾക്ക് സൗജന്യമായി അഞ്ച് കിലോ ധാന്യം, കൂടാതെ നിരവധി പദ്ധതികൾ
സ്വന്തം ലേഖകൻ
ഡൽഹി: രാജ്യത്ത് കോവിഡ് പടരുന്ന സാഹചര്യത്തിൽ 1.70 ലക്ഷം കോടിയുടെ പ്രത്യേകപാക്കേജുമായി കേന്ദ്രസർക്കാർ. 80 കോടി പേർക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. 20 കോടി വനിതകൾക്ക് പ്രതിമാസം 500 രൂപ വീതം നൽകും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകും.
നിർധനർക്കും ദിവസവേതനക്കാർക്കും പ്രത്യേക പാക്കേജ് നൽകുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷത്തിന്റെ ഇർഷുറൻസ് കവറേജ്. ആശ വർക്കർമാർ ഉൾപ്പെടെയുള്ളവർ ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ കുടുംബത്തിലെ ഓരോരുത്തർക്കും അഞ്ചു കിലോ ധാന്യം സൗജന്യമായി അനുവദിച്ചിട്ടുണ്ട്. ഗോതേേമ്പാ അരിയോ വേണ്ടതെന്ന് കുടുംബങ്ങൾക്ക് തീരുമാനിക്കാം. ഇതിനു പുറമെ അഞ്ചു കിലോ കൂടി സൗജന്യമായി നൽകും. അടുത്ത മൂന്നു മാസത്തേക്ക് രണ്ടു ഘട്ടങ്ങളായാണ് ഇവ വിതരണം ചെയ്യുക. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് ഒരു കിലോ ധാന്യം കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
നിർധനർക്കും ദിവസവേതനക്കാർക്കുമായി പ്രത്യേക പാക്കേജ് തയാറാക്കും. ‘പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന’ എന്ന പേരിലുള്ള പദ്ധതി പാവപെട്ടവർ പട്ടിണി കിടക്കരുതെന്ന് ലക്ഷ്യമിട്ടാണെന്ന് നിർമല സീതാമൻ പറഞ്ഞു. 80 കോടി ജനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും.
കിസാൻ സമ്മാൻ യോജന വഴി കർഷകർക്ക് 2000 രൂപ ഉടൻ നൽകും. 8.69 കോടി കർഷകർക്കാണ് അടിയന്തര സഹായമായി തുക ലഭിക്കുന്നത്. ഏപ്രിൽ ആദ്യവാരം ഈ തുക വിതരണം ചെയ്യും. പാവപ്പെട്ട വയോധികർക്കും വിധവകൾക്കും വികലാംഗർക്കും ആയിരം രൂപ സഹായധനമായി നൽകും.
ഉജ്വല പദ്ധതി പ്രകാരം ഗ്യാസ് സിലിണ്ടർ വിതരണം ചെയ്ത ബി.പി.എൽ ഉപഭോക്താക്കൾക്ക് സിലിണ്ടർ സൗജന്യമായി നൽകും. തൊഴിലുറപ്പുകൂലി വർധിപ്പിക്കും.മൂന്നുകോടി പേർക്ക് ആനുകൂല്യം ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.