play-sharp-fill
നിർഭയ വധക്കേസ് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ഇനിയും ഉണ്ട് നിയമത്തിന്റെ പഴുതുകൾ

നിർഭയ വധക്കേസ് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ഇനിയും ഉണ്ട് നിയമത്തിന്റെ പഴുതുകൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി : നിർഭയ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ഇനിയുമുണ്ട് നിയമത്തിന്റെ പഴുതുകൾ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരായാലും നിയമപരമായ എല്ലാ പരിഹാരമാർഗങ്ങളും അവസാനിച്ചശേഷമേ ശിക്ഷ നടപ്പാക്കാൻ സാധിക്കൂവെന്ന നിലപാടാണ് വെള്ളിയാഴ്ച അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദ്രറാണ സ്വീകരിച്ചത്. വധശിക്ഷ വിധിച്ചവരിൽ മുകേഷ്‌സിങ്ങിന്റെ കാര്യത്തിൽ മാത്രമാണ് നിയമപരമായ എല്ലാ പരിഹാരമാർഗങ്ങളും അവസാനിച്ചത്. മുകേഷ്‌സിങ്ങിന്റെ പുനഃപരിശോധനാഹർജി, തിരുത്തൽഹർജി, ദയാഹർജി, ദയാഹർജി തള്ളിയതിനെ ചോദ്യം ചെയ്തുള്ള ഹർജി എന്നിവ തള്ളിക്കഴിഞ്ഞു. ഇനി നിയമപരമായ സാധ്യതകളൊന്നും അവശേഷിക്കുന്നില്ല.

വിനയ്ശർമയുടെ പുനഃപരിശോധനാഹർജിയും തിരുത്തൽഹർജിയും സുപ്രീംകോടതി തള്ളി. രാഷ്ട്രപതി ദയാഹർജി തള്ളിയതിനാൽ അത് ചോദ്യം ചെയ്ത് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ സാവകാശം വിനയ് ശർമ്മയ്ക്കുണ്ട്. പവൻഗുപ്തയുടെ പുനഃപരിശോധനാ  ഹർജി വെള്ളിയാഴ്ചയാണ് സുപ്രീംകോടതി തള്ളിയത്. ഇനി തിരുത്തൽഹർജിക്കും ദയാഹർജിക്കും അത് തള്ളിയാൽ അതിനെതിരായ ഹർജിക്കും പഴുതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്ഷയ്കുമാർസിങ്ങിന്റെ തിരുത്തൽഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഇനി ദയാഹർജിക്കും തുടർഹർജിക്കും അവസരമുണ്ട്.

എല്ലാവരുടെയും ദയാഹർജി തള്ളിയാൽ മാത്രമേ വധശിക്ഷ നടപ്പാക്കാൻ സാധ്യതയുള്ളൂ. ദയാഹർജി തള്ളിയതിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചാൽ അതിൽ തീരുമാനമുണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കാൻ കഴിയില്ല.

ദയാഹർജി തള്ളിയാൽ ശിക്ഷ നടപ്പാക്കുന്നതിന് പതിനാല് ദിവസത്തെ സാവകാശവും ഉണ്ട്. കുടുംബാംഗങ്ങളിൽ ആരെയെങ്കിലും കാണാനും അന്ത്യകർമങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചെയ്യാനും സ്വത്തുക്കളുടെ അവകാശം എഴുതിനൽകാനും മറ്റുമാണ് ഈ കാലയളവ്.