നിപ വ്യാപനം: പൊതുപരിപാടികൾ നിർത്തി, വിവാഹം, റിസപ്ഷൻ, ഉത്സവം, കായിക മത്സരം; എല്ലാത്തിനും കോഴിക്കോട് നിയന്ത്രണം ; എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് നിർത്തി വെക്കാൻ സർക്കാർ നിർദേശം

നിപ വ്യാപനം: പൊതുപരിപാടികൾ നിർത്തി, വിവാഹം, റിസപ്ഷൻ, ഉത്സവം, കായിക മത്സരം; എല്ലാത്തിനും കോഴിക്കോട് നിയന്ത്രണം ; എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് നിർത്തി വെക്കാൻ സർക്കാർ നിർദേശം

കോഴിക്കോട്: നിപ വ്യാപനം ശക്തമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കോഴിക്കോട് ജില്ല. എല്ലാ പൊതുപരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് നിർത്തി വെക്കാനാണ് സർക്കാർ നിർദേശം നൽകിയത്. ഇതിനൊപ്പം തന്നെ വിവാഹം, റിസപ്ഷന്‍, ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, കലാസാംസ്കാരിക കായിക മത്സരങ്ങള്‍ എന്നിവയ്ക്കെല്ലാം നിയന്ത്രണങ്ങളുണ്ട്. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങി പരിപാടികളില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം.

ആളുകൾ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികൾ കഴിയുന്നത്രയും ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിവാഹം, റിസപ്ഷന്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി നടത്തണമെന്നാണ് അറിയിപ്പ്. പൊതുജനങ്ങള്‍ ഒത്തു ചേരുന്ന നാടകം ഉള്‍പ്പെടെ കലാസാംസ്കാരിക കായിക മത്സരങ്ങള്‍ മാറ്റി വെക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം നിപ ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളിലെ 11 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവളളൂർ, കായക്കൊടി, ചങ്ങരോത്ത്, പുറമേരി എന്നീ പഞ്ചായത്തുകളാണ് ഏറ്റവുമൊടുവിൽ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ പ്രഖ്യാപിച്ച 7 പഞ്ചായത്തുകൾക്ക് പുറമയാണിത്. നിപബാധയെ തുടർന്ന് പുതിയ ചികിൽസാ മാർഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. രോഗികളുമായി നേരിട്ട് സമ്പർക്കമുള്ളവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. പനിയുള്ളവർ ഉടൻ തന്നെ ചികിൽസ തേടണം. ആശുപത്രികളിൽ അണുബാധ നിയന്ത്രണ സംവിധാനം കൃത്യമായി നടപ്പാക്കണമെന്നും പുതിയ ചികിത്സ മാർഗരേഖയിൽ പറയുന്നു.

മലപ്പുറത്തും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മഞ്ചേരിയിൽ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാൾ നിരീക്ഷണത്തിലായതിനെ തുടർന്നാണ് മലപ്പുറത്തും ജാഗ്രത. സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലായത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെ വയനാട് മാനന്തവാടി പഴശ്ശി പാര്‍ക്കിലക്കുളള പ്രവേശനം നിര്‍ത്തിവച്ചു. വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന പ്രദേശമായതിനാലാണ് മാനന്തവാടി പഴശ്ശി പാര്‍ക്കിലക്കുളള പ്രവേശനം നിര്‍ത്തിവച്ചത്.