വായുവിലൂടെ രോഗം പകരുമോ…പഴത്തില്‍ തൊട്ടാല്‍ നിപ വരുമോ… ചിക്കൻ കഴിച്ചാലും പ്രശ്നമാകുമോ…നിപ്പയെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് ; തിരിച്ചറിയാം സത്യാവസ്ഥയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും

വായുവിലൂടെ രോഗം പകരുമോ…പഴത്തില്‍ തൊട്ടാല്‍ നിപ വരുമോ… ചിക്കൻ കഴിച്ചാലും പ്രശ്നമാകുമോ…നിപ്പയെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് ; തിരിച്ചറിയാം സത്യാവസ്ഥയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും

കോട്ടയം ∙ കോഴിക്കോട്ടു മരിച്ച രണ്ടു പേർക്ക് നിപ്പ സ്ഥിരീകരിച്ചതോടെ രോഗവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. നിപ്പയെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

∙ മാസ്ക് ധരിച്ചുമാത്രം പുറത്തിറങ്ങുക. വായുവിലൂടെ രോഗം പകരും


വാസ്തവം: രോഗികളോടു നേരിട്ട് ഇടപഴകുന്നവരും ചികിത്സിക്കുന്നവരും മാത്രം മാസ്ക് ധരിച്ചാൽ മതി. വായുവിലൂടെ പകരുന്ന രോഗമല്ലിത്. വൈറസ് ബാധയുള്ള ഒരു വ്യക്തിയുമായോ ജീവിയുമായോ നേരിട്ടു ബന്ധപ്പെടുന്നതിലൂടെ മാത്രമാകും വ്യാപനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

∙ ചിക്കൻ കഴിക്കരുത്. നിപ്പയുടെ ഉറവിടം കോഴിയാണ്

‌വാസ്തവം: കോഴിയും നിപ്പയുമായി ഒരു ബന്ധവുമില്ല. പ്രതിസ്ഥാനത്ത് വവ്വാലാണ്. വവ്വാലിന്റെ വിസർജ്യങ്ങളിലൂടെയും സ്രവങ്ങളിലൂടെയും രോഗാണു വ്യാപിക്കുന്നു എന്നാണു കണ്ടെത്തൽ.

∙ നായ്ക്കളെയും പൂച്ചകളെയും തൊടരുത്. രോഗം പരത്തും

വാസ്തവം: പശുവും പൂച്ചയും നായ്ക്കളും അടക്കം വീട്ടിൽ വളർത്തുന്ന അരുമ ജീവികളെല്ലാം വൈറസ് വസിക്കാൻ സാധ്യതയുള്ളവ തന്നെയാണ്. എന്നാൽ, ഇവ നിപ്പ പരത്തുന്നവയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. വളർത്തു മൃഗങ്ങളുടെ ശരീര സ്രവങ്ങൾ ദേഹത്തു സ്പർശിച്ചാൽ സോപ്പ് ഉപയോഗിച്ചു നന്നായി വൃത്തിയാക്കണമെന്നു മാത്രം.

∙ പഴങ്ങൾ തൊട്ടുപോകരുത്, നിപ്പ ഉറപ്പ്

വാസ്തവം: പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലേറ്റതുമായ പഴങ്ങൾ കഴിക്കരുത്. മറ്റു പഴങ്ങൾ നന്നായി തൊലി കളഞ്ഞു കഴിക്കാം. നിലത്തു വീണുകിടക്കുന്ന പഴങ്ങളും കഴിക്കാതെ ഒഴിവാക്കണം. വിറ്റമിൻ സി അടങ്ങിയ പഴങ്ങൾ പനിയുള്ളവർ കഴിക്കുന്നതു നല്ലതാണ്.

∙ രോഗിയെ പരിചരിക്കുന്നവർ രോഗവാഹകരാണ്

വാസ്തവം: രോഗത്തിന്റെ ആദ്യഘട്ടത്തിൽ നിപ്പ വൈറസ് ബാധയാണെന്നു തിരിച്ചറിയാതെ പരിചരിക്കുന്നവരിൽ മാത്രമേ രോഗം പകരാൻ സാധ്യതയുള്ളൂ. നിപ്പയുടെ ലക്ഷണങ്ങളാണെന്നു കണ്ടെത്തിയാൽ ചികിത്സകർ പിപിഇ (പഴ്സനൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ്) എന്ന ശരീര കവചം ധരിക്കും. ഇതു പകർച്ചാ സാധ്യത ഒഴിവാക്കും. പിപിഇ ധരിക്കാതെ രോഗിയെ സന്ദർശിക്കൽ, രോഗി ഉപയോഗിച്ച വസ്ത്രങ്ങളും സാധനങ്ങളും അലക്ഷ്യമായി കൈകാര്യം ചെയ്യൽ എന്നിവയും വ്യാപന സാധ്യത സൃഷ്ടിക്കാം.

∙ കിണർ വെള്ളം കുടിക്കരുത്; വവ്വാൽ മൂത്രം കാണും

വാസ്തവം: കിണറുകളിലും മറ്റു ജലസ്രോതസ്സുകളിലും വവ്വാലുകളുടെ വിസർജ്യം വീഴുന്ന സ്ഥിതി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു. എന്നാൽ, വെള്ളം തിളപ്പിച്ച ശേഷം ഉപയോഗിക്കുന്നതിൽ ഒരു തകരാറുമില്ല.

∙ പനിയും തലവേദനയുമുണ്ടോ, സംശയിക്കേണ്ട നിപ്പ തന്നെ

വാസ്തവം: പനിയും തലവേദനയുമൊക്കെ നിപ്പയുടെ ലക്ഷണങ്ങൾ തന്നെ. പക്ഷേ, ഇവ പിടിപെട്ടവരെല്ലാം നിപ്പ ബാധിച്ചെന്നു പേടിക്കേണ്ട. പനി, തലവേദന, ശക്തിയായ ക്ഷീണം, ചുമ, ഛർദി, പേശീവേദന, വയറിളക്കം, മനോശക്തി ദുർബലമാകൽ, മസ്തിഷ്ക ജ്വരം എന്നീ ലക്ഷണങ്ങളും കാണുന്നുണ്ടെങ്കിൽ പേടിക്കണം. പനിയുള്ളവർ സ്വയം ചികിത്സ ഒഴിവാക്കണം.

ഓർമിക്കേണ്ടത്:

നിപ്പയെ പ്രതിരോധിക്കാൻ സോപ്പ് മികച്ച ആയുധമാണ്. ദിവസവും പലവട്ടം സോപ്പിട്ടു കൈകൾ തമ്മിലുരച്ചു നന്നായി കഴുകുക. ഭക്ഷണം കഴിക്കുന്നതിനു മുൻപു പ്രത്യേകിച്ചും. 40 സെക്കൻഡ് വരെ കൈകൾ കഴുകണം. എൻവലപ്ഡ് ആർഎൻഎ വൈറസ് ആണ് നിപ്പ. വൈറസിനെ പൊതിഞ്ഞ് ഒരു സൂക്ഷ്മസ്തരത്തിന്റെ പാളിയുണ്ട്. ആൽക്കലി, ആസിഡ്, ആൽക്കഹോൾ ഇവയുടെ സ്പർശത്തിൽ ഈ മൂടൽസ്തരം പൊട്ടിപ്പോകും. അതോടെ വൈറസ് നശിക്കും. സോപ്പ് ആൽക്കലി സ്വഭാവമുള്ള വസ്തുവാണെന്നതിനാൽ അതിന്റെ സ്പർശം തന്നെ വൈറസിനെ നശിപ്പിക്കുമെന്നർഥം. പക്ഷേ, രോഗികളുമായി നേരിട്ടു ബന്ധപ്പെടാൻ ശരീര കവചം (പിപിഇ) അടക്കമുള്ള മുൻകരുതലെടുക്കണം.

ആശുപത്രിയിൽ പോകുമ്പോൾ…

∙ ആശുപത്രിയിൽ പോകുമ്പോൾ നിർബന്ധമായി തൂവാല കയ്യിൽ കരുതണം. ∙ ചുമയ്ക്കുമ്പോൾ ഒപി ടിക്കറ്റ്, പത്രക്കടലാസ് എന്നിവ കൊണ്ടു മുഖംമറയ്ക്കുന്ന രീതി ഒഴിവാക്കണം. തൂവാല കൊണ്ടു മൂക്കും വായും പൊത്തണം. ∙ ചുമച്ചുകഴിഞ്ഞാൽ സോപ്പ് ഉപയോഗിച്ചു കൈകൾ കഴുകണം. ∙ ഉപയോഗിച്ച ടിഷ്യു പേപ്പറുകൾ, മാസ്ക് എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്. ∙ കാണുന്നിടത്തെല്ലാം തുപ്പരുത്.