play-sharp-fill
നിപ്പ വൈറസ് ഭീതിയില്‍ വീണ്ടും കേരളം; രണ്ട് അസ്വാഭാവിക പനി മരണങ്ങളില്‍ സംശയം, നാല് പേർ നിരീക്ഷണത്തിൽ ; ഫലം കാത്ത് കേരളം ; മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു

നിപ്പ വൈറസ് ഭീതിയില്‍ വീണ്ടും കേരളം; രണ്ട് അസ്വാഭാവിക പനി മരണങ്ങളില്‍ സംശയം, നാല് പേർ നിരീക്ഷണത്തിൽ ; ഫലം കാത്ത് കേരളം ; മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു

കോഴിക്കോട്: നിപ്പ വൈറസ് ഭീതിയില്‍ വീണ്ടും കേരളം. കോഴിക്കോട് പനി ബാധിച്ചുള്ള രണ്ട് അസ്വാഭാവിക മരണങ്ങളാണ് നിപ്പ വൈറസ് ബാധ മൂലമാണെന്ന സംശയമുയര്‍ന്നിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ മുന്നറിയിപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

മരിച്ച വ്യക്തികളുടെ ശരീരസ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ ഇപ്പോൾ ഗുരുതര നിലയിലുള്ള ഒരു ആൺകുട്ടിയുടെ പരിശോധന ഫലത്തിനായാണ് കാത്തിരിക്കുന്നത്. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ നിപ്പ വൈറസ് ബാധ മൂലമാണോ മരണങ്ങളുണ്ടായതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. ഇതിന് ശേഷമാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. മരിച്ച ആദ്യത്തെയാളുടെ മക്കളും സഹോദരി ഭർത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ ഒൻപത് വയസുകാരനായ ഒരു ആൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്.


മരിച്ച രണ്ട് പേര്‍ക്കും നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായതാണ് സ്രവങ്ങള്‍ പരിശോധനയ്ക്ക് അയക്കാന്‍ കാരണം. മരിച്ച വ്യക്തികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്ത് വിട്ടിട്ടില്ല. ആദ്യ മരണം ഓഗസ്റ്റ് 30 ന് ആയിരുന്നു. എന്നാൽ, നിപ ആണെന്ന സംശയങ്ങൾ ഒന്നും ആ സമയം ഉണ്ടായിരുന്നില്ല. ന്യൂമോണിയ ആണ് മരണ കാരണമെന്നാണ് കരുതിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തിൽ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ കോഴിക്കോട് ജില്ലയില്‍ രണ്ട് തവണ നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരും ബന്ധുക്കളുമടക്കമുള്ളവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിപ്പ ലക്ഷണങ്ങള്‍ കണ്ട സാഹചര്യത്തിലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി വിവരം സര്‍ക്കാറിനെ അറിയിച്ചത്.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.