
നിപ ; രോഗിയുടെ നില തൃപ്തികരം,ഐസൊലേഷൻ വാർഡിൽ ഏഴുപേർ :ആരോഗ്യമന്ത്രി
സ്വന്തംലേഖിക
കൊച്ചി: നിപ വൈറസ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിപയുടെ ലക്ഷണങ്ങളുമായി ഒരാളെക്കൂടി ഇന്ന് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇന്ന് പരിശോധനക്കയച്ച നാല് പേരുടെ പരിശോധനാഫലം നാളെ ലഭിക്കും.പൂനെയിൽ നിന്ന് ഹ്യൂമൻ മോണോക്ലോണൽ ആന്റി ബോഡീസ് കൊച്ചിയിലെത്തിച്ചെങ്കിലും ഈ മരുന്ന് ആർക്കും നിലവിൽ നൽകേണ്ട സാഹചര്യമില്ല. വൈറസ് ബാധ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയും ഏറെ മെച്ചപ്പെട്ടു. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധന ഏറെ ശ്രമകരമാണെന്നും വനംവകുപ്പിലേയും, മൃഗ സംരക്ഷണവകുപ്പിലേയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയ സംഘം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണന്നും, ആശ്വാസകരമായ ദിവസമാണ് കടന്നുപോകുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.നിപ സംബന്ധിച്ച് സ്‌കൂളുകളിൽ നാളെ മുതൽ ബോധവത്കരണം ആരംഭിക്കും. നിപ പ്രതിരോധപ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി നാളെ കൊച്ചിയിൽ യോഗം വിളിച്ചിട്ടുണ്ട്. .രോഗിയുമായ സമ്പർക്കത്തിലായിരുന്നവെന്ന് കണ്ടെത്തിയതിനെ തുടർന്ന് 314 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ നിലവിലുള്ള 1077 നു പുറമെ 04842425200 എന്ന നമ്പരിലും വിളിക്കാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.