
നിപയിൽ ആശ്വാസം; 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ; നിലവിൽ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേർ ; 81 പേർ ആരോഗ്യ പ്രവർത്തകർ ; 177 പേര്‍ പ്രാഥമിക സമ്പർക്കപ്പട്ടികയിലും 90 പേര്‍ സെക്കൻഡറി കോണ്‍ടാക്ട് പട്ടികയിലും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മലപ്പുറത്തെ നിപ രോഗബാധയിൽ ആശ്വാസം. 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നിലവിൽ സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രാഥമിക സമ്പർക്കപ്പട്ടികയിലും 90 പേര്‍ സെക്കൻഡറി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രാഥമിക പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗലക്ഷണങ്ങളുമായി ഒരാളെ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഈ വ്യക്തി അടക്കം നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.
നിപ ബാധിതനായി മരിച്ച 24കാരന്റെ ബംഗളൂരുവില്‍ ക്വാറന്റീനില്‍ കഴിയുന്ന സുഹൃത്തുക്കൾക്ക് സര്‍വകലാശാല പരീക്ഷ എഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തി നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി യോഗത്തില്‍ അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ കര്‍ണാടക ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള തടസ്സം പരിഹരിച്ചത്.