play-sharp-fill
അവളെ മരണം, ഇത്ര ക്രൂരമായി കൂട്ടിക്കൊണ്ടുപോയെന്ന് വിശ്വസിക്കാനാവുന്നില്ല; ഹൃദയം നുറുങ്ങി ഒരു അദ്ധ്യാപികയുടെ വാക്കുകൾ

അവളെ മരണം, ഇത്ര ക്രൂരമായി കൂട്ടിക്കൊണ്ടുപോയെന്ന് വിശ്വസിക്കാനാവുന്നില്ല; ഹൃദയം നുറുങ്ങി ഒരു അദ്ധ്യാപികയുടെ വാക്കുകൾ

സ്വന്തം ലേഖകൻ

പെരുമ്പാവൂർ: ഓട്ടിസം ബാധിച്ച കുട്ടിയായതിനാൽ എല്ലാവർക്കും നല്ല കരുതലായിരുന്നു. അവളെ മരണം ഇത്ര ക്രൂരമായി കൂട്ടിക്കൊണ്ടുപോയത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല…’ അധ്യാപികയായ ഡോ. സ്വപ്നയ്ക്ക് നിമിഷയെ കുറിച്ച് ഇത്രയും പറഞ്ഞപ്പോൾ വാക്കുകൾ മുറിഞ്ഞു. അധികം സംസാരിക്കാത്ത പ്രകൃതം. അവളെക്കുറിച്ച് ആർക്കും ഒരു പരാതിയുമില്ല. ഓട്ടിസം ബാധിച്ച നിമിഷയ്ക്ക് വീട്ടുകാരും കൂട്ടുകാരും കണ്ണും കാതും കൂർപ്പിച്ചു നൽകിയ കരുതൽ വെറുതേയായി. ബിസിനസ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ മേധാവിയായ സ്വപ്ന മൂന്നു വർഷമായി നിമിഷയെ പഠിപ്പിക്കുന്നുണ്ട്. ആരോടും അങ്ങോട്ടുപോയി സംസാരിക്കുന്ന പതിവില്ല. അധികം ബഹളങ്ങളില്ലാതെ ഒരിടത്ത് ഒതുങ്ങിയിരിക്കും. എന്നാൽ, കൂട്ടുകാരുമായി ആഴത്തിലുള്ള സൗഹൃദമുണ്ട്. നോട്ട് എഴുതാൻ കൂട്ടുകാരും സഹായിക്കും. ക്ലാസിലെ അറുപതു കുട്ടികളും അവൾക്ക് ഏറെ സ്നേഹം നൽകി. പരിമിതികൾ മറികടന്നായിരുന്നു നിമിഷയുടെ പഠനം. പാചകത്തിൽ നിമിഷയ്ക്കു പ്രത്യേക കൈപ്പുണ്യമുണ്ടായിരുന്നു. അവൾ കൊണ്ടുവരുന്ന കറികൾ കൂട്ടുകാർ രുചിയോടെ ആസ്വദിക്കും. ഇക്കാര്യത്തിൽ അവളെക്കുറിച്ചോർത്ത് അഭിമാനവും തോന്നിയിട്ടുണ്ടെന്ന് അധ്യാപിക പറഞ്ഞു. രണ്ടാം വർഷ പരീക്ഷ നടക്കുന്നതിനാൽ ഇവർക്കു മാത്രം ഇന്നലെ അവധിയായിരുന്നു. പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്നപ്പോഴാണ് മുത്തശിയുടെ മാല പൊട്ടിക്കാൻ ബിജു ശ്രമിച്ചത്. ഇതു തടയുന്നതിനിടെ നിമിഷയുടെ കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ആ നരാധമൻ അവളുടെ ജീവൻ അപഹരിച്ചത്. ഈ അരുംകൊലയുടെ നടുക്കത്തിലാണ് അധ്യാപകരും കൂട്ടുകാരും. ഇന്നലെ സംഭവം അറിഞ്ഞയുടൻ കോളജിന് അവധി നൽകി നീറുന്ന മനസോടെ അവരെല്ലാവരും പ്രിയസഹപാഠിയുടെ വീട്ടിലേക്കു പോകുകയായിരുന്നു.