പ്രളയകെടുതിക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് മാതൃകയായി നിലമ്പൂർ നഗരസഭ
സ്വന്തം ലേഖകൻ
നിലമ്പൂർ: പ്രളയം നാശം വിതച്ച നിലമ്പൂരിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടു വരികയാണ് ഒരു നഗരസഭാദ്ധ്യക്ഷ്യയും സെക്രട്ടറിയും. പ്രദേശത്തെ ഇരുന്നൂറോളം കിണറുകൾ കക്കൂസ് മാലിന്യം അടക്കമുള്ളവയുമായി ചേർന്ന് ഉപയോഗശൂന്യമായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ വെള്ളം ഇറങ്ങിയതിനെതുടർന്ന് രാത്രിതന്നെ പ്രദേശമാകെ സന്ദർശിച്ച് കെടുതികൾ വിലയിരുത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും കുടിവെള്ളം ലഭ്യമാക്കിയാലും മാത്രമേ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ തിരികെ എത്തിക്കാൻ സാധിക്കുവുള്ളൂ എന്നു മനസ്സിലാക്കി അടിയന്തിര ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്നലെ രാത്രിതന്നെ രൂപം നൽകി. എഴുപത്തഞ്ചോളം കിണറുകൾ ഇന്ന് തേകി വൃത്തിയാക്കി ഉപയോഗയോഗ്യമാക്കി.
ബാക്കിയുള്ളവ നാളെ തേകി വൃത്തിയാക്കും. പത്തോളം മോട്ടോറുകൾ ഉപയോഗിച്ച് നഗരസഭാ ജീവനക്കാരും സന്നദ്ധ സേവകരുമടങ്ങുന്ന നൂറോളം പേരാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇന്ന് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയവർക്ക് ടാങ്കറുകളിൽ കുടിവെള്ളം എത്തിച്ചും മറ്റ് അവശ്യ വസ്തുക്കൾ എത്തിച്ചു നൽകിയും ജീവിത സാഹചര്യമൊരുക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭയിൽ പതിനഞ്ചോളം വാർഡുകളാണ് വെള്ളത്തിൽ മുങ്ങിയത്. മെയിൻ റോഡുകളിലെല്ലാം ഒരാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു. ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭാ അദ്ധ്യക്ഷ പത്മിനി ഗോപിനാഥ്, സെക്രട്ടറി എം.എസ് ആകാശ്, വൈസ് ചെയർമാൻ പി.വി ഹംസ ,കൗൺസിലർമാരായ പാലോളി മെഹബൂബ്, ഗോപിനാഥൻ, ഇസഹാക്ക്, ഡെയ്‌സി ടീച്ചർ, ബിനു ചെറിയാൻ,ഹെൽത്ത് ഇൻസ്‌പെക്ടർ മുകുന്ദൻ,എൻജിനീയർ മുഹമ്മദാലി എന്നിവർ നേതൃത്വം നൽകി.