
ശബരിമല: നിലയ്ക്കലിൽ സംഘർഷാവസ്ഥ; പോലീസ് പൊളിച്ച പന്തൽ അയ്യപ്പഭക്തർ വീണ്ടും കെട്ടി
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല നിലയ്ക്കലിൽ പോലീസ് പൊളിച്ച പന്തൽ ശബരിമല അയ്യപ്പ ഭക്തരായ പ്രതിഷേധക്കാർ വീണ്ടും കെട്ടി. ഇന്ന് രാവിലെയാണ് പോലീസെത്തി നാമജപയാത്ര നടത്തുന്ന പന്തൽ പൊളിച്ചത്. പത്ത് മണിയോടെ നാമജപം നടത്തുന്നവർ പന്തൽ വീണ്ടും കെട്ടുകയായിരുന്നു. ഐജി മനോജ് കുമാർ ഉൾപ്പടെയുള്ള വൻ പോലീസ് സന്നാഹം നിലയ്ക്കലിൽ ഉണ്ട്. ഇവരുടെ മുന്നിൽ വച്ച് തന്നെയാണ് പന്തൽ വീണ്ടും കെട്ടിയത്.ഹിന്ദു സംഘടനകളും, ബിജെപി, കോൺഗ്രസ് നേതാക്കളും നിലയ്ക്കലിൽ എത്തിയിട്ടുണ്ട്. ഹിന്ദു ഐക്യവേദി അയ്യപ്പ സേവാ സമാജം തുടങ്ങി നിരവധി സംഘടനകൾ രംഗത്തുണ്ട്. അയ്യപ്പ ധർമ്മ സംരക്ഷണ സമിതി പമ്പയിൽ നാമ ജപയാത്ര ആരംഭിച്ചിട്ടുണ്ട്. നിലയ്ക്കലിൽ നടക്കുന്ന പ്രതിഷേധത്തിൽ കൂടുതലായും എത്തിയിരിക്കുന്നത് സ്ത്രീകളാണ്. കുട്ടികളും ഇവർക്കൊപ്പമുണ്ട്.പോലീസ് ഇടപെട്ടാൽ അത് വലിയ സംഘർഷത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാണ്. വനിത പോലീസ് ഉൾപ്പടെ ഉള്ളവരെ സന്നിധാനത്തേക്ക് കയറ്റി വിടുന്നില്ല