നിലക്കൽ പമ്പ റൂട്ടിൽ കെഎസ്ആർടിസിയുടെ കൊള്ള; യാത്രക്കാരിൽ നിന്നും അമിത ചാർജ്ജ് ഈടാക്കുന്നു
സ്വന്തം ലേഖകൻ
പത്തനംതിട്ട : നിലക്കൽ പമ്പ റൂട്ടിൽ കെഎസ്ആർടിസി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോർഡ് രംഗത്തെത്തി . ഏകപക്ഷീയമായി നിരക്ക് കൂട്ടിയത് അംഗീകരിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. നിരക്ക് ഉടൻ കുറയ്ക്കണം. അല്ലെങ്കിൽ ബസ് വാടകയ്‌ക്കെടുത്ത് പകരം സംവിധാനമൊരുക്കും. കെഎസ്ആർടിസിയുടെ നഷ്ടം നികത്തേണ്ടത് ഭക്തരെ ഉപയോഗിച്ചല്ലെന്നും പത്മകുമാർ പറഞ്ഞു. നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് ഇരട്ടിയിലധികം തുക ഈടാക്കുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രതികരണം. മഴ നിറഞ്ഞ വൈകുന്നേരത്തെ സാക്ഷിയാക്കി കന്നിമാസ പൂജകൾക്കായി ശബരിമലനട തുറന്നു. പ്രളയ ശേഷം ആദ്യമായി പ്രവേശനം അനുവദിച്ചപ്പോൾ ആയിരങ്ങളാണ് അയ്യപ്പ ദർശനത്തിനെത്തിയത്. ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശിക്കാനായി പ്രളയത്തിൽ തകർന്ന പമ്പയിൽ താൽക്കാലിക സൗകര്യം ഏർപ്പെടുത്തിയിരുന്നു. വൈകിട്ട് 4.55 ന് മേൽശാന്തി എ.വി.ഉണ്ണികൃഷ്ണൻ നമ്പൂതിരി നട തുറന്നു. പ്രളയ ശേഷം ശബരിമലയിലേക്ക് ആദ്യമായി പ്രവേശനം അനുവദിച്ചപ്പോൾ അയ്യപ്പദർശനത്തിനെത്തിയത് ആയിരങ്ങൾ. കലക്ടർ പി.ബി. നൂഹ് അടക്കമുള്ളവർ സന്നിധാനത്തെത്തി. മഴയിലും ദർശനത്തിനുള്ള കാത്തു നിൽപ്പ്. ഭക്തർക്ക് പ്രവേശനമൊരുക്കാൻ പ്രളയത്തിൽ മണ്ണുമൂടിയ പാലം വീണ്ടെടുത്താണ് പമ്പക്ക് കുറുകെ പാതയൊരുക്കിയത്. വാഹനങ്ങൾക്ക് നിലക്കൽ വരെയെ പ്രവേശനം അനുവദിച്ചിട്ടുള്ളു. നിലയ്ക്കലിൽ നിന്ന് പമ്പ വരെ കെ.എസ്.ആർ.ടി.സി ബസുകളെ ഉണ്ടാകു. 21നാണ് നടയടക്കുന്നത്.