play-sharp-fill
രാത്രിയുടെ മറവിൽ വ്യാജ പാസിൽ ആലപ്പുഴയ്ക്കു പൂഴിമണ്ണ് കടത്ത്; ടോറസ് ടിപ്പർ ലോറികളും ജെ.സി.ബിയും ഹിറ്റാച്ചിയും പൊലീസ് പിടിച്ചെടുത്തു; മണ്ണ് മാഫിയക്കു ഭീഷണിയുമായി കടുത്തുരുത്തി പൊലീസ്

രാത്രിയുടെ മറവിൽ വ്യാജ പാസിൽ ആലപ്പുഴയ്ക്കു പൂഴിമണ്ണ് കടത്ത്; ടോറസ് ടിപ്പർ ലോറികളും ജെ.സി.ബിയും ഹിറ്റാച്ചിയും പൊലീസ് പിടിച്ചെടുത്തു; മണ്ണ് മാഫിയക്കു ഭീഷണിയുമായി കടുത്തുരുത്തി പൊലീസ്

സ്വന്തം ലേഖകൻ

കടുതുരുത്തി: രാത്രിയുടെ മറവിൽ അമിത വേഗത്തിൽ ഭൂമി തുരന്ന് മണ്ണെടുത്ത് വിൽപ്പന നടത്തുന്ന മണ്ണ് മാഫിയക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. കടുത്തുരുത്തി പൊലീസ് രാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ശക്തമായ നടപടിയുണ്ടായത്. നിറയെ മണ്ണുമായി എട്ടു ടോറസ് ലോറികളും, മൂന്നു ടിപ്പറുകളും ഓരോ ജെ.സിബിയും , ഹിറ്റാച്ചിയും പൊലീസ് പൊക്കി അകത്താക്കി. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മണ്ണ് മാഫിയ സംഘം കുടുങ്ങിയത്.


കടുത്തുരുത്തി, കുറവിലങ്ങാട്, വെള്ളൂർ മേഖലകളിലെ പത്തിലേറെ കടവുകളിൽ നിന്നും രാത്രി കാലത്ത് കുന്നിടിച്ച് വാരൽ ശക്തമാണെന്നു നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു. മണ്ണുമായി ഈ ഗ്രാമീണ റോഡുകളിലൂടെ അതിവേഗമാണ് ടോറസ് ടിപ്പർ ലോറികൾ പാഞ്ഞിരുന്നത്. നൂറിലേറെ ലോറികളാണ് ദിവസവും ഈ ഇടവഴികളെ പ്രകമ്പനം കൊളളിച്ച് പാഞ്ഞിരുന്നത്. ഇരുചക്ര വാഹനങ്ങളും കാൽനടക്കാരും അടക്കമുള്ളവർ ഭാഗ്യം കൊണ്ടു മാത്രമാണ് അപകടത്തിൽപ്പെടാതെ രക്ഷപെടുന്നത്. മണ്ണു കടത്തുന്ന ലോറികളിൽ പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എന്ന ബോർഡ് തട്ടിപ്പ് നടത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറികളുടെ അമിത വേഗവും അനുവാദമില്ലാതെയുള്ള മണ്ണു കടത്തും സംബന്ധിച്ചു നാട്ടുകാർ നേരത്തെ തന്നെ പൊലീസിനു പരാതി നൽകിയിരുന്നു. ഇതേ തുടർന്ന്, ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശാനുസരണം പൊലീസ് സംഘം കഴിഞ്ഞ ദിവസം രാത്രിയിൽ മണ്ണൂറ്റ് കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തിയത്.  വൈക്കം ഡിവൈ.എസ്.പി സനിൽകുമാർ, കടുത്തുരുത്തി സി.ഐ ശിവൻകുട്ടി, എസ്.ഐ ടി.എസ് റെനീഷ്, അഡീഷണൽ എസ്.ഐ പി.കെ സമദ്, സിവിൽ പൊലീസ് ഓഫിസർമാരായ സാജു, ജോമി, അരുൺ കുമാർ, റഷീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കടുത്തുരുത്തിയിലെ കല്ലറ – ഇടയാഴം റോഡിൽ രാത്രിയിൽ കാവൽ നിന്ന പൊലീസ് സംഘം കണ്ടത് ടോറസ് ലോറികളിൽ നിറച്ച മണ്ണാണ്. പാസ് ചോദിച്ചപ്പോൾ ക്ൃത്യമായി പാസ് കാണിക്കാൻ ഇവർക്ക് സാധിച്ചില്ല. ഇതേ തുടർന്ന് പൊലീസ് സംഘം, ടോറസ് ലോറികൾ പിടിച്ചെടുത്തു. ഇതേ വഴിയിലൂടെ എത്തിയ മൂന്നു ടിപ്പർ ലോറികളും പൊലീസ് പിടിയിലായി. തുടർന്ന്, മണ്ണ് ഊറ്റൽ നടക്കുന്ന ഞീഴൂരിൽ എത്തിയ കടവിൽ നിന്നും ജെ.സി.ബിയും, ഹിറ്റാച്ചിയും പിടിച്ചെടുക്കുകയും ചെയ്തു.

ജില്ലയിൽ നിന്നും ദിവസവും 300 ലോഡ് മണലെങ്കിലും ആലപ്പുഴയിലേയ്ക്കു കടത്തുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കടുത്തുരുത്തി, വെള്ളൂർ, കുറവിലങ്ങാട് മേഖലയിൽ കുന്നിടിച്ച് കുഴിച്ചാണ് മണൽകണ്ടെത്തുന്നത്. മണ്ണ് കടത്തുന്നതിൽ ഏറെയും പാസില്ലാതെയാണ് കൊണ്ടു പോയിരുന്നത്. ജിയോളജി, റവന്യു വകുപ്പുകളിൽ നിന്നും വർഷങ്ങൾക്കു മുൻപ് എടുത്ത പാസിന്റെ മറവിലാണ് വൻ തോതിൽ ലോഡ് കടത്തിയിരുന്നത്. വ്യാജ പാസ് ഉപയോഗിച്ച് അടക്കം മണ്ണു കടത്തിയതോടെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.