
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നവജാത ശിശു മരണത്തിന് കീഴടങ്ങി. ചികിത്സാപ്പിഴവിനെ തുടര്‍ന്നാണ് കുട്ടി അപകടാവസ്ഥയിലായതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. പുതുപ്പാടി കോരങ്ങല്‍ ബിനീഷ്- ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. കഴിഞ്ഞ നാല് മാസത്തോളമായി കുഞ്ഞിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബിനീഷിനും ബിന്ദുവിനും കുഞ്ഞ് ജനിക്കുന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നുണ്ടായ ചികിത്സാപ്പിഴവിനെ തുടര്‍ന്നാണ് കുട്ടി ഗുരുതരാവസ്ഥയിലായതെന്ന് നേരത്തെ രക്ഷിതാക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. ഡിസംബര്‍ 13ന് രാത്രിയാണ് പ്രസവവേദന അനുഭവപ്പെട്ട ബിന്ദു താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെയെത്തുമ്പോള്‍ കുട്ടിയുടെ തല ഭാഗം പുറത്തു വന്ന നിലയിലായിരുന്നു. എന്നാല്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഇല്ലെന്ന കാരണം പറഞ്ഞ് ആവശ്യത്തിന് പരിചരണം നല്‍കാതെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. കുട്ടി പുറത്തേക്ക് വരാതിരിക്കാന്‍ ബിന്ദു ഉടുത്തിരുന്ന പാവാട വലിച്ചുകീറി കെട്ടുകയും ആംബുലന്‍സില്‍ കയറ്റി വിടുകയുമായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.
ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പ്രസവം നടന്നെങ്കിലും ശ്വാസം കിട്ടാതെയും തലച്ചോറിന് ക്ഷതം സംഭവിച്ചും കുഞ്ഞ് അബോധാവസ്ഥയിലാവുകയായിരുന്നു. അന്ന് മുതല്‍ കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. എന്നാൽ നാല് മാസത്തിനു ശേഷം ഇന്ന് പുലർച്ചെ കുഞ്ഞ് മരണത്തിന് കീഴടങ്ങി. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണ് തന്റെ കുഞ്ഞിന്റെ ഈ ദുരവസ്ഥക്ക് കാരണമായതെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി, ഡി.എം.ഒ, താലൂക്ക് ആശുപത്രി സൂപ്രണ്ട്, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.