play-sharp-fill
ബിഗ്‌ബോസ് താരങ്ങളായ അസി റോക്കിയും സിജോ ജോണും തമ്മിലുള്ള “അടി”  ഹൈക്കോടതിയിൽ ; ബിഗ് ബോസ് മലയാളം സീസണ്‍ 6  നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്റെ ഹർജി ;  അവതാരകനായ മോഹൻലാലിനും ലംഘനങ്ങളില്‍ പങ്ക് ; പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ബിഗ്‌ബോസ് താരങ്ങളായ അസി റോക്കിയും സിജോ ജോണും തമ്മിലുള്ള “അടി” ഹൈക്കോടതിയിൽ ; ബിഗ് ബോസ് മലയാളം സീസണ്‍ 6 നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്റെ ഹർജി ; അവതാരകനായ മോഹൻലാലിനും ലംഘനങ്ങളില്‍ പങ്ക് ; പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: ഏഷ്യാനെറ്റില്‍ സംപ്രേഷണ ചെയ്യുന്ന ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയിലെ മത്സരാർഥികളായ അസി റോക്കിയും സിജോ ജോണും തമ്മിലുള്ള അടിയെ ചൊല്ലിയുള്ള വിഷയം കോടതിയിൽ. ‘ബിഗ് ബോസി’ന്റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സംപ്രേഷണ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിർദ്ദേശം. ചട്ടലംഘനമുണ്ടെന്നു കണ്ടെത്തിയാല്‍ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദ്ദേശിക്കാം.

എറണാകുളം സ്വദേശിയായ അഭിഭാഷകൻ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍. നിയമവിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിർത്തിവയ്‌പ്പിക്കാണമെന്ന് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം.എ അബ്ദുല്‍ ഹക്കീം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഈ മാസം 25ന് ഹർജി വീണ്ടും പരിഗണിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഗ് ബോസ് മലയാളം സീസണ്‍ 6 അടിയന്തരമായി നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകൻ പരാതി നല്‍കിയത്. ഒരു മത്സരാർഥി മറ്റൊരു മത്സരാർഥിയെ ഇടിച്ചുപരിക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും പരിപാടി സംപ്രേഷണം ചെയ്യുന്നത് എല്ലാ നിയമങ്ങളും ലംഘിച്ചാണെന്നും ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ്, ഇൻഫൊർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് സമർപ്പിച്ച പരാതിയില്‍ പറയുന്നു. പരിപാടിയുടെ അവതാരകനായ മോഹൻലാലിനും ഈ ലംഘനങ്ങളില്‍ പങ്കുണ്ടെന്നും പരാതിയില്‍ പറയുന്നു.

നിയമവിരുദ്ധമായ ഉള്ളടക്കത്തിന് പരിപാടിയുടെ പ്രൊഡ്യൂസർമാരായ എൻഡമോള്‍ ഷൈൻ ഇന്ത്യക്കും ബാനിജെയ്ക്കും എതിരെയും പരിപാടി സംപ്രേഷണം ചെയ്തതിന് ഏഷ്യാനെറ്റിനും, മാതൃകമ്ബനിയായ ഡിസ്നി ഹോട്ട്സ്റ്റാറിനും എതിരെയും നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. അതിനൊപ്പം ബിഗ്ബോസ് നിർത്തി വയ്ക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.

സീസണിലെ 15 ാം ദിവസത്തെ സംഭവങ്ങള്‍ സംപ്രേഷണം ചെയ്ത 16 ാമത്തെ എപ്പിസോഡാണ് പരാതിക്കിടയാക്കിയത്. മാർച്ച്‌ 25 നാണ് എപ്പിസോഡ് സംപ്രേഷണം ചെയ്തത്. മത്സരാർഥികളായ ഹസീബ് എസ് കെ( അസി റോക്കി)യും സിജോ ജോണും തമ്മില്‍ കായികമായി ഏറ്റുമുട്ടിയതാണ് വിഷയം. അസി റോക്കി സിജോ ജോണിന്റെ താടിയില്‍ ഇടിക്കുകയും ഗുരുതര പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സിജോയ്ക്ക് താടിയെല്ലിന് പൊട്ടലുണ്ടായെന്നും ശസ്ത്രക്രിയ വേണ്ടി വന്നുവെന്നുമാണ് മെഡിക്കല്‍ റിപ്പോർട്ടുകളില്‍ പറയുന്നത്. റോക്കിയുടെ പ്രവൃത്തി ഐപിസി സെക്ഷൻ 320, 325 പരിധിയില്‍ വരുന്നതാണ്.

ഇത് കൂടാതെ കേബിള്‍ ടെലിവിഷൻ നിയന്ത്രണ നിയമവും, സിനിമോട്ടാഗ്രാഫ് നിയമവും ഏഷ്യാനെറ്റ് ചാനല്‍ ലംഘിച്ചതായി പരാതിയില്‍ ആരോപിക്കുന്നു. വിവാദ രംഗത്തിന്റെ വീഡിയോ ഫുട്ടേജ് ബിഗ്ബോസിന്റെ പ്രമോഷന് വേണ്ടി സാമൂഹിക മാധ്യമങ്ങള്‍ വഴി കാട്ടിയത് ഐടി നിയമത്തിന്റെ ലംഘനമാണെന്നും ആരോപിക്കുന്നു. ഇൻഫൊർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം 2023 ജനുവരിയില്‍ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ലംഘനമാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

വിവാദം ഇങ്ങനെ

മാർച്ച്‌ 10 ന് സംപ്രേഷണം ആരംഭിച്ച ബിഗ് ബോസ് ഷോയുടെ തുടക്കം മുതല്‍ തന്നെ കാര്യങ്ങള്‍ മുഖത്ത് നോക്കി തുറന്നടിക്കുന്ന പ്രകൃതക്കാരനായ മത്സരാർഥിയായിരുന്നു അസി റോക്കി. ആരെയും കൂസാതെ എന്തും പറയുന്ന റോക്കിക്ക് തീരെയില്ലാത്തത് ക്ഷമയായിരുന്നു. ദേഷ്യം നിയന്ത്രിക്കാനും പ്രയാസമായിരുന്നു. പരിപാടിയിലെ ടാസ്‌കിനെ ചൊല്ലിയാണ് റോക്കിയും സിജോയും തമ്മില്‍ ഉടക്കിട്ടത്.

തർക്കത്തിനിടയില്‍ ധൈര്യമുണ്ടെങ്കില്‍ ശരീരത്തില്‍ തൊട്ടുനോക്കാൻ റോക്കി പറഞ്ഞപ്പോള്‍ സിജോ തോളില്‍ കൈവെച്ചു.അപ്പോള്‍ റോക്കി സിജോയുടെ മുഖത്ത് ആഞ്ഞിടിക്കുകയായിരുന്നു. താടിക്കാണ് ഇടി കിട്ടിയത്. സിജോ ഒന്നും പ്രതികരിക്കാതെ നിശ്ചലനായി നിന്നു. മറ്റുള്ള മത്സരാർത്ഥികള്‍ ചേർന്ന് പിടിച്ച്‌ മാറ്റിയപ്പോഴും റോക്കി സിജോയെ വെല്ലുവിളിച്ചു. അതിനുശേഷമാണ് താൻ ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് റോക്കി തിരിച്ചറിഞ്ഞത്. പിന്നീട് കണ്‍ഫഷൻ റൂമില്‍ കയറി പൊട്ടിക്കരഞ്ഞു. അവൻ എന്നെ തോട്ടതുകൊണ്ടാണ് താൻ ഇടിച്ചത് എന്നൊക്കെ കുമ്ബസരിച്ചു.

തൊടല്ലേന്ന് ഞാൻ പറഞ്ഞതാ… അവനാ ആദ്യം എന്നെ തൊട്ടേ… ഞാൻ തിരിച്ച്‌ തൊട്ടില്ല. ആറ് വർഷം കാത്തിരുന്നാണ് ബിഗ്‌ബോസില്‍ അവസരം കിട്ടിയത്. ഞാൻ സിജോയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നുവെന്നെല്ലാം പറഞ്ഞാണ് റോക്കി കരഞ്ഞത്.
ഇതിന്റെ പേരില്‍ റോക്കി പുറത്താകണമെന്ന് തനിക്ക് ഇല്ലെന്നും പരാതിയില്ലെന്നും സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കായി കാണുന്നുവെന്നും റോക്കി വീട്ടില്‍ തുടരണമെന്ന് ആഗ്രഹമുണ്ടെന്നും സിജോ അർജുനോടും പിന്നീട് ബിഗ് ബോസിനോടും പറഞ്ഞിരുന്നു. താൻ പുറത്തിറങ്ങിയാലും റോക്കിയോട് ദേഷ്യമില്ലാതെ പെരുമാറുമെന്നും സിജോ പറഞ്ഞു.

എന്നാല്‍, സഹമത്സരാർത്ഥിയെ മർദ്ദിക്കുന്നത് ഹൗസിലെ നിയമങ്ങള്‍ക്ക് എതിരായതുകൊണ്ട് തന്നെ റോക്കിയെ ഷോയില്‍ നിന്ന് ബിഗ് ബോസ് പുറത്താക്കി. സിജോ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും വിശ്രമിത്തിലാണെന്നുമാണ് വിവരം. മത്സരാർത്ഥികളില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള രണ്ടുപേരാണ് സിജോയും റോക്കിയും. അതില്‍ റോക്കി പുറത്തായി. സിജോയുടെ തുടർ പങ്കാളിത്തം അനിശ്ചിതത്വത്തിലുമാണ്.