
സ്വന്തം ലേഖിക
ആലപ്പുഴ: പുതുവര്‍ഷ ദിനത്തിൽ സംസ്‌ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മരിച്ചത് 11 പേര്‍.
നൂറോളം പേര്‍ക്കു പരുക്കേറ്റു.
ആലപ്പുഴമുഹമ്മ റോഡില്‍ തലവടി ജങ്‌ഷന് സമീപം പോലീസ് ജീപ്പ് സ്‌കൂട്ടറിലിടിച്ച് കോട്ടയം വേളൂര്‍ ചുങ്കത്ത് മുപ്പത് അകമ്ബാടം എഡ്വേര്‍ഡിന്റെ മകന്‍ ജസ്‌റ്റിന്‍ എഡ്വേര്‍ഡ് (അനിയച്ചന്‍38), കുമരകം പുത്തന്‍റോഡ് നാലുകണ്ടം ജൂലിയാമ്മയുടെ മകന്‍ ആഷിക് എഡ്വേര്‍ഡ് അലക്‌സ് (വാവച്ചി20) എന്നിവര്‍ മരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് കോട്ടയത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബന്ധുക്കളായ യുവാക്കള്‍. പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. തണ്ണീര്‍മുക്കം വഴി ആലപ്പുഴയിലേക്കു പോകുകയായിരുന്ന പോലിസ് ജീപ്പ് നിയന്ത്രണംവിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ആലപ്പുഴ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി: സജിമോന്റെ ജീപ്പാണ് അപകടത്തില്‍പെട്ടത്. ബീച്ചിലെ ഡ്യൂട്ടികഴിഞ്ഞ് ഡിവൈ.എസ്.പിയെ കോട്ടയം ചിങ്ങവനത്തെ താമസസ്‌ഥലത്ത് എത്തിച്ചശേഷം തണ്ണീര്‍മുക്കം വഴി ആലപ്പുഴയിലേക്ക് മടങ്ങിവന്ന പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജീപ്പില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.
ഇടുക്കി മുനിയറയില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്കു മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം വളാഞ്ചേരി ആദവനാട് ചേനാടന്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് മിന്‍ഹാജാ(19)ണു മരിച്ചത്. അടിമാലി ദേശീയപാതയില്‍ കാര്‍ ഇടിച്ച് പതിനാലാംമൈല്‍ കിഴക്കേക്കര ചാക്കോ(80) മരിച്ചു.
ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി എത്തിയ വളാഞ്ചേരി റീജനല്‍ ഐ.ടി.ഐയിലെ വിദ്യാര്‍ഥി സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പട്ടത്. 41 പേരാണ് കഴിഞ്ഞ 29 ന് വിനോദസഞ്ചാരത്തിനായി വന്നത്. കൊടൈക്കനാലില്‍നിന്ന് 31ന് രാമക്കല്‍മേട് എത്തിയ ഇവര്‍ ഇന്നലെ നാട്ടിലേക്ക് മടങ്ങും വഴി പുലര്‍ച്ചെ ഒന്നേകാലിനാണ് അപകടമുണ്ടായത്.
നെടുങ്കണ്ടം മൈലാടുംപാറ റൂട്ടില്‍ തിങ്കള്‍കാട്ടില്‍ നിയന്ത്രണം വിട്ട വാഹനം 150 അടി കൊക്കയിലേക്കു മറിയുകയായിരുന്നു. യൂക്കാലി മരങ്ങളില്‍ ബസ് തടഞ്ഞ് നിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. മറ്റു വിദ്യാര്‍ഥികളെ രക്ഷിച്ചെങ്കിലും ബസിനടിയില്‍ കുടുങ്ങിയ മില്‍ഹാജിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തിരുവല്ല ബൈപാസിലെ ചിലങ്ക ജംങ്‌ഷനില്‍ ടാങ്കര്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ രാമപുരം കുറ്റിയാനിക്കുന്നേല്‍ പരേതനായ രാജേന്ദ്രന്റെ മകൻ ശ്യാംരാജ് (24), കുന്നന്താനം സ്വദേശി അരുണ്‍ കുമാര്‍ എന്നിവര്‍ മരിച്ചു.
ഞായറാഴ്‌ച രാത്രി ഒന്നരയോടെ വീട്ടിലേക്കു പോകും വഴിയാണ് അപകടം. സംഭവസ്‌ഥലത്തുതന്നെ അരുണ്‍ മരിച്ചു.
ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം കുമാരനല്ലൂരില്‍ വാടകയ്‌ക്കു താമസിക്കുകയാണ് ശ്യാംരാജിന്റെ കുടുംബം. ഗണകമഹാസഭയുടെ സംസ്‌ഥാന നേതാവ് ശാലിനിയാണ് അമ്മ. സംസ്‌കാരം നടത്തി.
തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്‌ത അപകടങ്ങളില്‍ രണ്ടു ജീവനുകളാണ് പൊലിഞ്ഞത്. കിളിമാനൂരില്‍ ബൈക്കിന്റെ നിയന്ത്രണം വിട്ട് സൈനികനായ ആരോമല്‍ (25) , കാര്‍ മതിലില്‍ ഇടിച്ച് ഒറ്റശേഖരമംഗലം സ്വദേശി വിജിന്‍ദാസ് എന്നിവരാണു മരിച്ചത്.
ഏനാത്ത് പോലീസ് സ്‌റ്റേഷനു സമീപം ഇരുചക്രവാഹനം പോസ്‌റ്റിലിടിച്ച് ഇലമങ്കലം സ്വദേശി തുളസീധരന്‍ മരിച്ചു.
കോഴിക്കോട് കൊയിലാണ്ടിയില്‍ ബസിടിച്ച് നെല്ലാടി വിയ്യൂര്‍ വളപ്പില്‍ ശ്യാമള(65)യും കക്കോടിയില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികന്‍ കക്കോടി സ്വദേശി ചെറിയേടത്ത് ബിജുവുമാണ് മരിച്ചത്.