
കൈനകരിയിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; പുതിയ കാറും ബൈക്കുകളും ഉൾപ്പെടെ ആറ് വാഹനങ്ങൾ കത്തിച്ചു; ആക്രമണം സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷം; സ്ഥലത്ത് കഞ്ചാവ് വിൽപ്പനയും ലഹരിമരുന്ന് ഉപയോഗവും വ്യാപകം
സ്വന്തം ലേഖകൻ
ആലപ്പുഴ: കൈനകരിയിൽ സാമൂഹ്യ വിരുദ്ധർ വാഹനങ്ങൾ കത്തിച്ചു. ഇന്ന് പുലർച്ചയോടെ ബൈക്കിൽ എത്തിയ ഒരു സംഘമാണ് വണ്ടികൾ കത്തിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.
പുതിയ കാറും ബൈക്കുകളും ഉൾപ്പെടെ ആറ് വാഹനങ്ങളാണ് കത്തിയ നിലയിൽ കണ്ടെത്തിയിരിക്കുന്നത്. നാല് കിലോമീറ്റർ ചുറ്റളവിലാണ് വിവിധയിടങ്ങളിൽ വാഹനങ്ങൾ അഗ്നിക്കിരയാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരമാർഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടിൽ ആളുകൾ വ്യാപകമായി റോഡരികിൽ വണ്ടികൾ നിർത്തിയിടാറുണ്ട്. വാഹനങ്ങൾ നിർത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്.
ഇന്ന് പുലർച്ചെ ബൈക്കുകൾ അതിവേഗത്തിൽ ഓടിച്ചു പോകുന്ന ശബ്ദം പ്രദേശവാസികൾ പലരും കേട്ടിരുന്നു.സംഭവത്തിൽ നെടുമുടി, പുളിങ്കുന്ന് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രദേശത്തെ സാമൂഹികവിരുദ്ധരുടെ ശല്യത്തെക്കുറിച്ച് നാട്ടുകാർ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. രാത്രിയായാൽ ഇവിടങ്ങളിൽ കഞ്ചാവ് വിൽപ്പനയും ലഹരിമരുന്ന് ഉപയോഗവും നടക്കുന്നതായാണ് നാട്ടുകാരുടെ പരാതി.
എന്നാൽ പരാതി നൽകിയിട്ടും പോലീസ് കർശന നടപടി സ്വീകരിച്ചില്ലെന്നും ഇതാണ് വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുന്നതിലേക്ക് എത്തിയതെന്നും നാട്ടുകാർ പറയുന്നു.