നേമം പിടിക്കാനായി ശബരീനാഥിനെ പരിഗണിച്ച് കോണ്‍ഗ്രസ്; വി. ശിവന്‍കുട്ടിയെ വീണ്ടും ഇറക്കാന്‍ സിപിഐഎം, രാജീവ് ചന്ദ്രശേഖറെയും പരിഗണിച്ച് ബിജെപി — മണ്ഡലത്തില്‍ കടുത്ത മത്സരത്തിന് സാധ്യത

Spread the love

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലം പിടിക്കാനായി കെ. എസ്. ശബരീനാഥനെ രംഗത്തിറക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. പാർട്ടിക്കുള്ളിലെ ചർച്ചകളിൽ ശബരീനാഥിന്റെ പേരിനാണ് മുൻതൂക്കം ലഭിക്കുന്നതെന്ന് സൂചന. നെയ്യാറ്റിൻകരയിൽ എൻ. ശക്തൻ ഉൾപ്പെടെ മൂന്ന് പേരുകൾ പരിഗണനയിലുണ്ട്. അരുവിക്കരയിൽ വി. എസ്. ശിവകുമാറോ എം. ആർ. ബൈജുവോ സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയും ചർച്ചകളിലുണ്ട്. വർ‍ക്കല, കഴക്കൂട്ടം തുടങ്ങിയ മണ്ഡലങ്ങളിലും ഒന്നിലധികം പേരുകളെക്കുറിച്ച് പാർട്ടി ആലോചന തുടരുകയാണ്.

video
play-sharp-fill

വാമനപുരത്ത് പാലോട് രവിയെ പരിഗണിക്കുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും നേമം മണ്ഡലത്തിൽ സിപിഐഎം വീണ്ടും വി. ശിവൻകുട്ടിയെ തന്നെയായിരിക്കും രംഗത്തിറക്കുമെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനെയും പാർട്ടി പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേമത്ത് വിജയം നേടി കേരള നിയമസഭയിൽ ആദ്യമായി അക്കൗണ്ട് തുറന്നിരുന്നു. എന്നാൽ 2021ൽ കുമ്മനം രാജശേഖരനെ 3,949 വോട്ടിന് പരാജയപ്പെടുത്തി വി. ശിവൻകുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ. മുരളീധരന്‍ ലഭിച്ച 36,524 വോട്ടുകൾ ബിജെപിയുടെ വിജയം തടയുന്നതിൽ നിർണായകമായി. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖറിന് നേമം മണ്ഡലത്തിൽ നിന്ന് 22,126 വോട്ടിന്റെ ലീഡും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് 7,913 വോട്ടിന്റെ ലീഡും ലഭിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ മണ്ഡലത്തിൽ ശക്തമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group