play-sharp-fill
25 ലക്ഷംപേർ എഴുതിയ ഒരു പരീക്ഷയില്‍ ഒരേ സംസ്ഥാനത്ത്, അതും ഒരേ സെന്റില്‍ പഠിച്ചവർ ടോപ്പേഴ്സ് ;ചരിത്രത്തില്‍ ആദ്യമായി കൊടുത്ത ഗ്രേസ് മാർക്കിന്റെ കഥ കേട്ട് വിദ്യാർത്ഥികള്‍ ഞെട്ടി ; വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ 4ന് നീറ്റ് റിസള്‍ട്ട് പ്രഖ്യാപിച്ചത് പ്രശ്നങ്ങളും പരാതികളും ഇലക്ഷന്റെ ബഹളത്തിനിടയില്‍ മുങ്ങിപ്പോവാൻ വേണ്ടിയാണെന്നും ആരോപണം ; നീറ്റ് പരീക്ഷയില്‍ വ്യാപക ക്രമക്കേടെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

25 ലക്ഷംപേർ എഴുതിയ ഒരു പരീക്ഷയില്‍ ഒരേ സംസ്ഥാനത്ത്, അതും ഒരേ സെന്റില്‍ പഠിച്ചവർ ടോപ്പേഴ്സ് ;ചരിത്രത്തില്‍ ആദ്യമായി കൊടുത്ത ഗ്രേസ് മാർക്കിന്റെ കഥ കേട്ട് വിദ്യാർത്ഥികള്‍ ഞെട്ടി ; വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ 4ന് നീറ്റ് റിസള്‍ട്ട് പ്രഖ്യാപിച്ചത് പ്രശ്നങ്ങളും പരാതികളും ഇലക്ഷന്റെ ബഹളത്തിനിടയില്‍ മുങ്ങിപ്പോവാൻ വേണ്ടിയാണെന്നും ആരോപണം ; നീറ്റ് പരീക്ഷയില്‍ വ്യാപക ക്രമക്കേടെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 25ലക്ഷത്തോളം പേർ എഴുതിയ നീറ്റ് പരീക്ഷയില്‍ ഇത്തവണ വ്യാപക ക്രമക്കേട് നടന്നതായി വിദ്യാർത്ഥികളും രക്ഷിതാക്കളും. മെഡിക്കല്‍ കോഴ്സുകളുടെ പ്രവേശനത്തിന് ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷയായ, നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് എന്ന നീറ്റ്, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളില്‍ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്്. പക്ഷേ ഇത്തവണ നീറ്റ് ഫലം വന്നതോടെ, കേരളത്തില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നുമടക്കം വിദ്യാർത്ഥികള്‍, പരീക്ഷയില്‍ അട്ടിമറി ആരോപിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടത്തുകയാണ്.


ആകെയുള്ള 720-ല്‍ 720മാർക്കും നേടി ആറ് പേർ ഒന്നാം റാങ്ക് നേടുന്നത് അസാധാരണ സംഭവമാണെന്നാണ് വിദ്യാർത്ഥികള്‍ പറയുന്നത്. കഴിഞ്ഞ തവണ ഒന്നാം റാങ്ക്, ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് ലഭിച്ചിരുന്നത്. ഒരേ സെന്ററില്‍ പരീക്ഷ എഴുതിയവർക്ക് ഉള്‍പ്പെടെ ഒന്നാം റാങ്കുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ അട്ടിമറി നടന്നുവെന്നാരോപിച്ച്‌ നൂറിലധികം പരാതികളാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ളത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമെ പല കുട്ടികള്‍ക്ക് പ്രതീക്ഷിച്ച റാങ്ക് കിട്ടിയിട്ടില്ല. ചോദ്യപേപ്പർ ചോർച്ചയും ടാബുലേഷൻ മിസ്റ്റേക്കും, നീറ്റ്പോലുള്ള ഒരു പരീക്ഷയുടെ ചരിത്രത്തില്‍ ഇല്ലാത്ത രീതില്‍ ഗ്രേസ് മാർക്ക് കൊടുത്തതും അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ്, പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ്ങ് ഏജൻസി എന്ന എൻടിഎക്ക് നേരെ ഉയർന്നത്. നൂറുകണക്കിന് പേരാണ് ഇതുസംബന്ധിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.

2024 മെയ്-5ന് നടന്ന നീറ്റ് പരീക്ഷ തുടക്കം മുതല്‍ വിവാദമായിരുന്നു. 2മണിക്ക് തുടങ്ങിയ പരീക്ഷ വൈകീട്ട് 5.20നാണ് അവസാനിക്കുന്നത്. എന്നാല്‍ വൈകീട്ട് നാലുമണിക്ക് തന്നെ ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. എന്നാല്‍ ഇത് ഗൗരവമുള്ള കാര്യമല്ലെന്നും, നിർബന്ധം പിടിച്ച്‌ നേരത്തെ ഇറങ്ങിപ്പോയ ഒരു കുട്ടി പ്രചരിപ്പിച്ചതാണെന്നും, പരീക്ഷ പകുതിയായതിനാല്‍ അത് ചോർച്ചയായി കണക്കാക്കാൻ കഴിയില്ല എന്നുമായിരുന്നു, ഇത് വാർത്തയാപ്പോള്‍ എൻടിഎയുടെ പ്രതികരണം. പക്ഷേ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും, നീറ്റ് ചോദ്യപേപ്പർ ചോർന്നതിന്റെ വാർത്തകള്‍ പുറത്തുവന്നു. ബീഹാറിലെ പാറ്റ്നയില്‍ ഇതിന്റെ പേരില്‍ 17 പേർക്ക് എതിരെ കേസെടുത്തു. ആദ്യം ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ച പൊലീസ്, പിന്നീട് അന്വേഷണം നടക്കുകയാണെന്ന് മാറ്റിപ്പറഞ്ഞു. എന്നാല്‍ ഈ കേസിന്റെ അന്വേഷണ റിപ്പോർട്ട് പൂർത്തിയാവുന്നതിന് മുമ്ബാണ് ധൃതി പിടിച്ച പരീക്ഷാഫലം പുറത്തുവിട്ടത് ദുരൂഹമാണെന്നാണ്, ഈ മേഖലയില്‍ ക്ലാസെടുക്കുന്ന അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നത്.

അതുപോലെ തന്നെ മേഘാലയിലെ ഒരു സെന്റില്‍ മറ്റൊരു ചോദ്യപേപ്പറാണ് നല്‍കിയത്. ഇതിന്റെ പേരില്‍ പ്രതിഷേധവും അന്വേഷണവും ഉണ്ടായിരുന്നു. അതിന്റെ കാര്യത്തില്‍ എന്ത് തീരുമാനമായി എന്ന് ഇപ്പോഴും വ്യക്തയില്ല എന്നാണ് ഈ മേഖല സൂക്ഷ്മമായി നിരീക്ഷിക്കുന്ന യുട്‌ഊബർമാർ പറയുന്നത്. ഇതിനെല്ലാം പുറമേ, എല്ലാ കൊല്ലവും നീറ്റ് പരീക്ഷയില്‍ ഉണ്ടാവാറുള്ള ആള്‍മാറാട്ടം, കോപ്പിയടി, ഇൻവിജിലേറ്റർമാരുടെ സഹായം കിട്ടുക തുടങ്ങിയ പല ക്രമക്കേടുകളും ഇത്തവണയും റിപ്പോർട്ട് ചെയ്തു. ഉത്തരേന്ത്യയില്‍ രണ്ടുപേർ അറസ്റ്റിലായി. എന്നാല്‍ ഇതിന്റെ ഒന്നും അന്തിമഅന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്ബാണ് നീറ്റ് ഫലം പ്രസിദ്ധീകരിക്കുന്നത്.

ഇത്തവണ നീറ്റ് ഫലം ജൂണ്‍ 14ന് പ്രഖ്യാപിക്കുമെന്നാണ് എൻടിഎ നേരത്തെ പറഞ്ഞത്. എന്നാല്‍ രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ ഉദ്യേഗഭരിതമായ ഫലം കണ്ടുകൊണ്ടിരിക്കുന്ന വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ 4നാണ്് നീറ്റ് റിസള്‍ട്ടും പ്രഖ്യാപിച്ചത്. ഇത് തീർത്തും ആസൂത്രിതമാണെന്നും, പ്രശ്നങ്ങളും പരാതികളും ഇലക്ഷന്റെ ബഹളത്തിനിടയില്‍ മുങ്ങിപ്പോവാൻ വേണ്ടിയാണെന്നുമാണ് ആരോപണം.

മാത്രമല്ല പല കുട്ടികള്‍ക്കും അവർ പ്രതീക്ഷിച്ച മാർക്കില്‍ വലിയ വ്യത്യാസം വന്നിട്ടുണ്ട്. ഒ എം ആർ ഷീറ്റും, ഒഫീഷ്യല്‍ ആൻസർ കീയും വെച്ച്‌ കുട്ടികള്‍ കണക്കുകൂട്ടിയ മാർക്ക് അവർക്ക് കിട്ടിയിട്ടില്ല. കാല്‍ക്കുലേഷൻ എറർ ഉണ്ടായിട്ടുണ്ടെന്നും സംശയമുണ്ട്. അതുപോലെ തന്നെ മാർക്കിലും വ്യാപക ക്രമക്കേട് പറയുന്നു. 720 ആണ് നീറ്റ് പരീക്ഷയിലെ ഫുള്‍ മാർക്ക്. ഇവിടെ 719, 718 എന്നീ മാർക്കുകള്‍ ആ പരീക്ഷയുടെ ഘടനവെച്ച്‌ സാധ്യമല്ല. 720 കഴിഞ്ഞാല്‍ അടുത്ത മാർക്ക് 716 ആണ്. എന്നാല്‍ നീറ്റ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായി, 719, 718 എന്നീ മാർക്കുകള്‍ ചിലർക്ക് കിട്ടി. ഇത് ചോദിച്ചപ്പോള്‍ അതിലേറെ വിചിത്രമായ മറുപടിയാണ്, എൻടിഎയുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നാണ് അദ്ധ്യാപകരും രക്ഷിതാക്കളും പറയുന്നത്.

ഇത് ഗ്രേസ് മാർക്ക് ആണെന്നാണ് എൻടിഎ പറയുന്നത്. അതായത് ചില കുട്ടികള്‍ക്ക് എക്സാം ടൈമില്‍, ഇൻവിജിലേറ്റർമാരുടെ പ്രശ്നമുലം സമയം നഷ്ടമായിട്ടുണ്ട്. അവർ കോടതിയില്‍പോയപ്പോള്‍ ഗ്രേസ് മാർക്ക് അനുവദിക്കയായിരുന്നെന്നും, അങ്ങനെയാണ് 718, 719 മാർക്ക് ഒക്കെ വരുന്നത് എന്നുമാണ് എൻടിഎ അധികൃതർ പറയുന്നത്. ചരിത്രത്തില്‍ ആദ്യമായി കൊടുത്ത ഈ ഗ്രേസ് മാർക്കിന്റെ കഥയും കേട്ട് വിദ്യാർത്ഥികള്‍ ഞെട്ടിത്തരിക്കയാണ്. മതിയായ പരിശീലനം ഇല്ലാത്ത ഇൻവിജിലേറ്റർമാരുടെ അനാസ്ഥമൂലം, ആയിരക്കണക്കിന് കുട്ടികള്‍ക്ക് സമയം നഷ്ടമായിട്ടുണ്ട്. അവർക്കൊന്നും ഗ്രേസ് മാർക്ക് കൊടുക്കാതെ എങ്ങനെയാണ് എതാനും പേർക്ക് മാർക്ക്ദാനം നടത്തുക എന്നതാണ് ചോദ്യം. മാത്രമല്ല ഇതിനായി പറയുന്ന കോടതി വിധിയും പഴയതാണെന്ന് ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. സംഭവം വിവാദമായതോടെ ഈ ഗ്രേസ്മാർക്ക് സൈറ്റില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എൻസിഇആർടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാർക്ക് എന്നും നേരത്തെ ഒരു വിശദീകരണം കേട്ടിരുന്നു. എന്നാലും ഇക്കാര്യങ്ങളിലൊന്നും യാതൊരു വ്യക്തതയുമില്ല.

മാത്രമല്ല ഇത്തവണ ടോപ്പേഴ്സ് ആയി വന്ന എട്ടുപേരുടെ സെന്റർ കോഡും ഒന്നാണ്. ഇതില്‍ ആറുപേർക്ക് ഫുള്‍മാർക്കാണ്. ബാക്കി രണ്ടുപേർക്ക് 719,718 മാർക്കുകളും. 25 ലക്ഷംപേർ എഴുതിയ ഒരു പരീക്ഷയില്‍ ഒരേ സംസ്ഥാനത്ത, അതും ഒരേ സെന്റില്‍ പഠിച്ചവർ ടോപ്പേഴ്സ ആവുന്നത്, അസാധ്യമായ കാര്യമാണെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. അതുകൊണ്ടുതന്നെ നീറ്റ്-2024 റദ്ദാക്കി പുതിയ പരീക്ഷ നടത്തണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 2015-ല്‍ ബ്ലൂടൂത്ത് വെച്ച്‌ കോപ്പിയടിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നപ്പോള്‍ ആ വർഷത്തെ പരീക്ഷ വീണ്ടും നടത്തിയിരുന്നതിന്റെ ഉദാഹരണവും ഇവർ ചൂണ്ടിക്കാട്ടുന്നു.

വിദ്യാർത്ഥികളുടെ ആരോപണത്തിന് പിന്നാലെ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പാർട്ടിയും രംഗത്ത് എത്തി. കേന്ദ്ര സർക്കാർ വിദ്യാർത്ഥികളുടെ ഭാവി നശിപ്പിച്ചുവെന്നും പരീക്ഷാ ഫലം അട്ടിമറിച്ചുവെന്നും കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. സർക്കാരിന് ഒരു പരീക്ഷയുടെയും പേപ്പർ ചോരാതെ നോക്കാൻ കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ആദ്യം ചോദ്യപേപ്പർ ചോർന്ന വിവാദമാണ് ഉണ്ടായതെങ്കില്‍ ഇപ്പോള്‍ പരീക്ഷാ ഫലത്തിലും ക്രമക്കേട് നടന്നിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലെ യുദ്ധം നിർത്താൻ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തെ പരീക്ഷാ ചോദ്യപേപ്പർ ചോരുന്നത് തടയാനാകുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

അതിനിടെ നീറ്റ് പരീക്ഷാ ഫലം പുറത്ത് വന്നതോടെ രണ്ട് വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്തതും വാർത്തയായി. രാജസ്ഥാനിലെ ദോസ, കോട്ട എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ മാർക്ക് കുറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. ഈ രീതിയില്‍ വൈകാരിമായ പരീക്ഷയിലാണ് ഇത്തരം ക്രമക്കേടുകള്‍ വരുന്നത് എന്ന് ഓർക്കണം.

പക്ഷേ നീറ്റ് എക്സാം രീതി മെച്ചപ്പെടേണ്ട കാലം അതിക്രമിച്ചുവെന്നാണ് ഈ മേഖലയില്‍ പ്രവർത്തിക്കുന്നവർ പറയുന്നത്. എൻടിഎ എന്ന നാഷണല്‍ ടെസ്റ്റിങ്് ഏജൻസി തന്നെ രൂപീകരിച്ചത് ഈ മേഖലയിലെ ക്രമക്കേട് തടയാനും, സുതാര്യത ഉറപ്പുവരുത്താനുമാണ്. കൃത്യമായി ഡ്രസ് കോഡ്വരെ കൊണ്ടുവന്ന് കോപ്പിയടി അടക്കമുള്ള ക്രമക്കേടുകള്‍ ഒരുപാട് തടയാനും അവർക്ക് കഴിഞ്ഞു. പക്ഷേ ഇപ്പോഴും ഇൻവിജിലേറ്റർമാർക്ക് മതിയായ പരിശീലനം കൊടുക്കല്‍ അടക്കം നടക്കുന്നില്ല. എൻടിഎയുടെ നീറ്റ് നടത്തിപ്പും അടിമുടി സുതാര്യമാക്കണമെന്നും, പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇപ്പോഴത്തെ ആക്ഷേപങ്ങളില്‍ അടിസ്ഥാനമില്ലെന്നും പരാതിക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും എൻടിഎ വ്യക്തമാക്കി. ഔദ്യോഗിക വിശദീകരണം ഉടൻ പുറത്തിറക്കുമെന്നും എൻടിഎ വൃത്തങ്ങള്‍ പറയുന്നുണ്ട്.