
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ കോണുകളിൽ നിന്ന് വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. പരീക്ഷ റദ്ദ് ചെയ്യണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും കേന്ദ്രം ഇതിന് തയ്യാറായിരുന്നില്ല.
ഇതിനിടെ, എന്തുകൊണ്ട് പരീക്ഷ റദ്ദാക്കിയില്ല എന്നതിന് വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി. ചോദ്യപേപ്പർ ചോർച്ച ചുരുക്കം ചില വിദ്യാർത്ഥികളെ മാത്രമാണ് ബാധിച്ചതെന്നും റദ്ദാക്കിയാൽ അത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
‘2004, 2015 കാലത്തെ പോലെ വ്യാപകമായ പ്രശ്നങ്ങൾ ഇത്തവണ ഉണ്ടായിട്ടില്ല. അന്ന് വ്യാപകമായി പ്രശ്നങ്ങൾ ഉയർന്നതിനാലാണ് പരീക്ഷകൾ റദ്ദാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇപ്പോഴത്തെ നീറ്റ് ചോദ്യ പേപ്പർ ചോർച്ച ചില പ്രദേശങ്ങളിലെ വിദ്യാർത്ഥികളെ മാത്രം ബാധിക്കുന്നതാണ്. പരീക്ഷ റദ്ദാക്കിയാൽ ശരിയായ വഴിയിൽ കൂടി പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ അത് ബാധിക്കും’ – ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
കേസ് സുപ്രീം കോടതിയുടെ മുൻപിലാണെന്നും, കോടതിയുടെ വിധിയായിരിക്കും അന്തിമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
ജൂൺ നാലിന് പ്രസിദ്ധീകരിച്ച നീറ്റ് പരീക്ഷാ ഫലത്തിൽ വൻതോതിൽ ക്രമക്കേടുകളുണ്ടെന്നാണ് ഉയർന്ന ആരോപണം. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ചോദ്യപേപ്പർ ചോർച്ച കണ്ടെത്തുകയും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയും ചെയ്തിരുന്നു.
നീറ്റ് പരീക്ഷയിൽ 67 വിദ്യാർഥികൾ 720-ൽ 720 മാർക്ക് നേടിയിരുന്നു. ഇതിൽ ആറ് വിദ്യാർഥികൾ ഹരിയാണയിലെ ഒരു സെന്ററിൽ നിന്നുള്ളവരായിരുന്നു. ഗ്രേസ് മാർക്കിനെച്ചൊല്ലിയും വൻതോതിൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ പരീക്ഷ റദ്ദാക്കുന്നതിലേക്ക് നീങ്ങിയിരുന്നില്ല.
അതേസമയം, യു.ജി.സി. നെറ്റിലും സമാന പ്രശ്നം ചൂണ്ടിക്കാട്ടി പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷ കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെയായിരുന്നു റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.