അവൾ എന്റെ മകന്റെ ഭാര്യ; കുടുംബത്തിനും വിധവയായ മരുമകൾക്കും തണലായി ജോസഫ്.
സ്വന്തം ലേഖകൻ
കോട്ടയം: കുറച്ച് ദിവസങ്ങൾക്ക് മുമ്പുവരെ പിലാത്തറ വീട്ടിൽ ജോസഫ്, കോട്ടയം ചവിട്ടുവരി ജങ്ഷനിലുള്ള വർക്ഷോപ്പിലെ മെക്കാനിക് മാത്രമായിരുന്നു. എന്നാൽ, ഇന്ന് അദ്ദേഹം സ്‌നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ ജീവൻ നഷ്ടപ്പെട്ടുത്തിയ ഒരു മകന്റെ അച്ഛനാണ്. ഒരു ദിവസംപോലും തന്റെ മകനൊപ്പം താമസിക്കാൻ ഭാഗ്യമില്ലാതെപോയ യുവതിയെ സ്വന്തം മരുമകളായി സ്വീകരിച്ച ജോസഫ് കേരളീയ സമൂഹത്തിനാകെ മാതൃകയാണ്. മകന്റെ വിയോഗദുഃഖത്തിനിടയിലും നീനു ചാക്കോയെന്ന അവന്റെ വധുവിനെ, ജോസഫ് മകളെയെന്നപോലെ ചേർത്തണയ്ക്കുന്നതു കണ്ട് വിതുമ്പാത്തവരില്ല.
ടി.വിയിലും പത്രത്താളുകളിലും മാത്രം കണ്ടുപരിചയിച്ച നേതാക്കൾ ഓരോരുത്തരായി പിലാത്തറ വീട്ടിലേക്ക് എത്തിയപ്പോഴും ജോസഫിനു തികഞ്ഞ നിസംഗതയായിരുന്നു. കഴിഞ്ഞ 29-നു കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിക്കു മുന്നിൽ മകന്റെ മൃതദേഹത്തിനായി പോരടിച്ചവരും ഇന്നടുത്തില്ല. എങ്കിലും വീട്ടിലെത്തി ആശ്വാസം പകർന്നവരോടെല്ലാം ജോസഫിനു നന്ദി മാത്രം.
രാഷ്ട്രീയ-സമുദായനേതാക്കൾക്കൊപ്പം ഫോട്ടോയ്ക്കു നിന്നുകൊടുക്കുമ്പോഴും ഈ പിതാവിന്റെ മനസ് മരവിച്ചിരുന്നു.
വന്നവർക്കെല്ലാം അറിയേണ്ടത് ഒന്നുമാത്രമായിരുന്നു മകനൊപ്പം ഇറങ്ങിവന്ന നീനുവിന്റെ ഭാവി? അതിനു ജോസഫിന് ഉറച്ച മറുപടിയുണ്ടായിരുന്നു ”അവൾക്കു കെവിന്റെ വീട്ടിൽ ജീവിച്ചാൽ മതി. അവളുടെ ആഗ്രഹം അതാണെങ്കിൽ, അതിനു മാറ്റമില്ല”. നീനുവിന്റെ നിലപാടും മറിച്ചല്ല. ”കെവിന്റെ വീട്ടിൽ ജീവിച്ച്, അച്ചാച്ചനെയും അമ്മയേയും കെവിന്റെ പെങ്ങളെയും പൊന്നുപോലെ നോക്കും”.
ആരോഗ്യമുള്ളിടത്തോളം പണി ചെയ്ത് കുടുംബം പുലർത്തുമെന്നു ജോസഫ് പറയുന്നു. ഭാര്യയേയും മകളെയും കെവിനെ വിശ്വസിച്ച് ഒപ്പം പോരുന്ന നീനുവിനെയും പോറ്റണം. വാടകവീട്ടിൽനിന്നു സ്വന്തമായി ഒരു വീട്ടിലേക്കു മാറണം. അതിനു ചവിട്ടുവരിയിലെ വർക്ഷോപ്പിലേക്കു ജോസഫ് മടങ്ങിയെത്തി.