
ഡൽഹി: മുൻമന്ത്രി എ നീലലോഹിതദാസൻ നാടാറെ ലൈംഗികാതിക്രമക്കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.
ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരി സമർപ്പിച്ച അപ്പീല്‍ ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബെഞ്ച് തള്ളി. വിചാരണക്കോടതി കേസില്‍ നീലലോഹിതദാസൻ നാടാർ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്കിയ അപ്പീലിലാണ് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചത്.
ഈ വിധിയെ ചോദ്യം ചെയ്തു കൊണ്ട് പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിലെ നിയമപോരാട്ടമാണ് സുപ്രീംകോടതിയിലെത്തിയത്. കേരള വനംവകുപ്പില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥയ്ക്കുനേരെ 1999 ഫെബ്രുവരി 27-നാണ് കേസിനാസ്പദമായ ലൈംഗികാതിക്രമമുണ്ടായത്.
ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങാന്‍ നേരം മോശമായി പെരുമാറുകയുമായിരുന്നുവെന്നാണ് പരാതി. 2002 ഫെബ്രുവരിയില്‍ നീലലോഹിതദാസനെതിരെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും പരാതിയുമായി രംഗത്തെത്തിയത്.







